ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന അഫ്ഗാനിസ്ഥാൻ ഇന്ത്യൻ സഹായം തേടി രംഗത്ത്. ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സർവീസുകൾ പുനഃരാരംഭിക്കണമെന്ന് അഭ്യർത്ഥിച്ച് താലിബാൻ ഭരണകൂടമാണ് രംഗത്തുവന്ന്ത. താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാൻ സിവിൽ ഏവിയേഷൻ അഥോറിറ്റിയാണ് അക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യയുടെ ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് കത്തെഴുതിയത്.

ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്ന ലെറ്റർഹെഡിലാണ് താലിബാൻ കത്തെഴുതിയിരിക്കുന്നത്. ആഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇന്ത്യൻ ഭരണകൂടവുമായി നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണ് ഇതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.

അഫ്ഗാൻ സൈന്യം കാബൂളിൽ പ്രവേശിക്കുകയും നിലവിലെ പ്രസിഡന്റ് പലായനം ചെയ്യുകയുംചെയ്ത സമയംമുതൽ ഇന്ത്യ അഫ്ഗാനിസ്താനിലേക്കുള്ള വാണിജ്യ വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു. സെപ്റ്റംബർ ഏഴ് തിയ്യതി രേഖപ്പെടുത്തിയിരിക്കുന്ന കത്തിൽ ഒപ്പുവെച്ചിരിക്കുന്നത് അഫ്ഗാൻ സിവിൽ ഏവിയേഷൻ മന്ത്രിയായ അൽഹാജ് ഹമീദുള്ള അഖുൻസാദയാണ്.

നിലവിൽ അഫ്ഗാനിസ്താന് പുറത്തേക്ക് വിമാന സർവീസുള്ള രണ്ട് രാജ്യങ്ങൾ ഇറാനും പാക്കിസ്ഥാനുമാണ്. ഇതിന് പുറമെ യു.എ.ഇ, ഖത്തർ, തുർക്കി, ഉക്രൈൻ എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളും ഉണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുകയാണ് അഫ്ഗാനിസ്ഥാൻ. അമേരിക്കയുടെ അഫ്ഗാൻ പുനർനിർമ്മാണത്തിനായുള്ള സ്‌പെഷ്യൽ ഇൻസ്‌പെക്ടർ ജനറൽ ശേഖരിച്ച വിവരങ്ങൾ അനുസരിച്ച് അമേരിക്ക മാത്രം രാഷ്ട്ര പുനർനിർമ്മാണത്തിനായി ചെലവഴിച്ചത് 145 ബില്ല്യൺ ഡോളറാണ്. ഇതെല്ലാം താലിബാൻ വന്നതോടെ വെള്ളത്തിൽ വരച്ച വരപോലെയായി.

കഞ്ചാവും കറുപ്പുമല്ലാതെ മറ്റു വിളകൾ കൃഷിചെയ്യുവാൻ കർഷകരെ പ്രേരിപ്പിക്കുന്നതിൽ പോലും പരാജയമടഞ്ഞു. കാർഷിക മേഖല വിപുലപ്പെടുത്തുന്നതിനായി ലക്ഷക്കണക്കിന് ഡോളർ മുടക്കി ജലസേചന സൗകര്യങ്ങൾ ഒരുക്കി. നിയമപരമായ വിളകൾ കൃഷിചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും സംഭവിച്ചത് കറുപ്പിന്റെയും കഞ്ചാവിന്റെയും കൃഷി വിപുലീകരിക്കപ്പെട്ടു എന്നതുമാത്രമാണ്.