കാബൂൾ: വസ്ത്രശാലകൾക്ക് മുന്നിലെ പെൺ പ്രതിമകളുടെ തല അറുത്തു മാറ്റണമെന്ന നിർദേശവുമായി താലിബാൻ ഭരണകൂടം. ഇസ്ലാം നിഷിദ്ധമാക്കിയ വിഗ്രഹങ്ങളുടെ പകർപ്പാണ് ഇത്തരം ബൊമ്മകളെന്ന് പറഞ്ഞാണ് താലിബാൻ വ്യാപാരികൾക്ക് ഈ നിർദ്ദേശം നൽകിയതെന്ന് ബ്രിട്ടീഷ് മാധ്യമമായ ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്. അനിസ്ലാമികമായതിനാൽ, തുണിക്കടകളിലുള്ള ഈ ബൊമ്മകളുടെ തല അറുത്തുകളയണെമന്നാണ് താലിബാന്റെ ഉത്തരവ്്

അഫ്ഗാനിസ്താനിലെ പടിഞ്ഞാറൻ പ്രവിശ്യയായ ഹെറാത്തിലാണ് ഈ നിയമം ആദ്യം കർശനമാക്കിയത്. ഇവിടെയുള്ള തുണിക്കട ഉടമകളോട് കടകളിൽ നിരത്തി വെച്ചിരിക്കുന്നു സ്ത്രീകളുടെ ബൊമ്മകളുടെ തലകൾ നീക്കം ചെയ്യണമെന്ന് താലിബാൻ ആവശ്യപ്പെട്ടു. ഇസ്ലാമിക കാര്യങ്ങൾക്കായുള്ള പ്രത്യേക മന്ത്രാലയമാണ് ഇതിനുള്ള നിർദ്ദേശം പുറപ്പടുവിച്ചതെന്ന് ബ്രിട്ടീഷ് മാധ്യമമായ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ നിർദ്ദേശം ലംഘിക്കുന്നവർക്ക് എതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നാണ് താലിബാൻ പ്രാദേശിക ഘടകം വ്യാപാരികളെ അറിയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

ആളുകൾ പ്രതിമകളെ വിഗ്രഹങ്ങളെപ്പോലെ ആരാധിക്കുന്നുണ്ടെന്നും വിഗ്രഹാരാധന പാപമാണെന്നും പറഞ്ഞാണ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കടകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ത്രീകളുടെ ബൊമ്മയെ നോക്കിനിൽക്കുന്നത് ഇസ്ലാമിക ശരീഅത്ത് നിയമങ്ങളുടെ ലംഘനമാണെന്നാണ് താലിബാൻ പ്രാദേശിക ഘടകം പറയുന്നതെന്ന് അഫ്ഗാൻ മാധ്യമമായ റാഹാ പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അന്യ സ്ത്രീകളെ നോക്കരുതെന്നാണ് ഇസ്ലാമിക ശാസനങ്ങൾ. ഈ നിയമങ്ങളുടെ ലംഘനമാണ് ബൊമ്മകളെ നോക്കിനിൽക്കുന്നതെന്നാണ് താലിബാൻ ഉത്തരവിൽ വ്യക്തമാക്കുന്നത്. ബൊമ്മകളെ പൂർണ്ണമായി നീക്കം ചെയ്യുകയാണ് വേണ്ടതങ്കിലും ആദ്യ പടിയായി ഈ ബൊമ്മകളുടെ തല മുറിച്ചുമാറ്റിയാൽ മതിയെന്നാണ് താലിബാൻ ഉത്തരവിൽ പറയുന്നത്.

പ്രതിമകൾ മുഴുവനായി എടുത്തുനീക്കണമെന്നായിരുന്നു തുടക്കത്തിൽ പുറപ്പെടുവിച്ച ഉത്തരവ്. പിന്നീട് ഉത്തരവിൽ വിട്ടുവീഴ്ച ചെയ്താണ് പെൺപ്രതിമകളുടെ തല നീക്കം ചെയ്യാൻ ധാരണയായതെന്ന് മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പ്രസ്തുത ഉത്തരവ് വസ്ത്രവ്യാപാരികളെ നിരാശപ്പെടുത്തിയിരിക്കുകയാണെന്ന് റാഹാ പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പ്രതിമകളുടെ വില കണക്കിലെടുത്ത് ഉണ്ടാകുന്ന നഷ്ടമാണ് ഇവരെ നിരാശയിലാഴ്‌ത്തുന്നത്. 200 ഡോളറോളമാണ് ഒരു പ്രതിമയ്ക്ക് വരുന്ന വിലയെന്ന് ഒരു വ്യാപാരി പറയുന്നു. ഇത്തരത്തിൽ വാങ്ങുന്ന പ്രതിമകളുടെ തല ഛേദിക്കുന്നത് വൻ നഷ്ടമാണ്- അദ്ദേഹം പറഞ്ഞു.

താലിബാൻ അധികാരമേറ്റതിന് പിന്നാലെ സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കുന്ന നിരവധി ഉത്തരവുകളും കൊണ്ടുവന്നിരുന്നു. അടുത്തിടെയാണ് സ്ത്രീകളുടെ യാത്രകൾക്ക് താലിബാൻ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചത്. സ്ത്രീകളുടെ ദീർഘദൂര യാത്രകൾക്ക് കൂടെ ബന്ധുക്കളായ പുരുഷന്മാർ ഉണ്ടായിരിക്കണം എന്നായിരുന്നു മന്ത്രാലയത്തിന്റെ ഉത്തരവ്. വനിതാ മാധ്യമപ്രവർത്തകർ വാർത്തകൾ അവതരിപ്പിക്കുമ്പോൾ ഹിജാബ് ധരിക്കണമെന്നും നേരത്തെ താലിബാൻ മന്ത്രാലയം ഉത്തരവിട്ടിരുന്നു.

ഓഗസ്റ്റിൽ ഭരണം പിടിച്ചെടുത്തശേഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്ന് താലിബാൻ പറഞ്ഞിരുന്നെങ്കിലും പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസവും നിഷേധിക്കപ്പെടുകയാണ്. കൂടാതെ ഭൂരിഭാഗം സ്ത്രീകൾക്ക് ജോലിക്കുപോകാനും കഴിയുന്നില്ല. ക്ലാസ് മുറികൾ ലിംഗപരമായി വേർതിരിക്കുമെന്നും ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുന്ന് പഠിക്കാൻ അനുവദിക്കില്ലെന്നും താലിബാൻ സർക്കാർ വ്യക്തമാക്കിയിരുന്നു.