കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ തീവ്രവാദികളുടെ മുന്നേറ്റം തുടരുന്നു. സൈന്യം കൂടുതൽ ദുർബലമാകുന്ന അവസ്ഥയാണ് അഫ്ഗാനിൽ ദൃശ്യമാകുന്നത്. അഫ്ഗാന്റെ നിയന്ത്രണത്തിലുള്ള സാരഞ്ച് മേഖലയിലെ നിമ്രൂസ് പ്രവിശ്യയും താലിബാൻ പിടിച്ചെടുത്തു. വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിലാണ് സാരഞ്ച് നഗരം താലിബാൻ പൂർണ്ണമായി കൈയടക്കിയത്. ഹെൽമന്ത് പ്രവിശ്യയിലെ ലഷ്‌കർ ഗാഹ് നഗരവും താലിബാന്റെ നിയന്ത്രണത്തിലായെന്നും റിപ്പോർട്ടുകളുണ്ട്.

സാരഞ്ച് കീഴടക്കിയത് തങ്ങൾ ആഘോഷിക്കുകയാണെന്നാണ് താലിബാൻ വൃത്തങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞത്. ഇറാനുമായി അതിർത്തി പങ്കുവെയ്ക്കുന്ന തന്ത്രപ്രധാനമായ നഗരമാണ് സാരഞ്ച് എന്നും ഇതൊരു തുടക്കം മാത്രമാണെന്നും രാജ്യത്തെ എല്ലാ പ്രവിശ്യകളും ഉടൻ തങ്ങളുടെ നിയന്ത്രണത്തിലാകുമെന്നും താലിബാൻ നേതാക്കൾ പറയുന്നു.

അതേസമയം രാജ്യത്ത് താലിബാൻ ആക്രമണങ്ങൾക്ക് പാക്കിസ്ഥാൻ പിന്തുണ നൽകുന്നതായി അഫ്ഗാനിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്ര സഭയിൽ അഫ്ഗാനിസ്താൻ പ്രതിനിധി ഗുലാം എം. ഇസാക്‌സൈ ആണ് പാക്കിസ്ഥാനെതിരെ രംഗത്തെത്തിയത്. താലിബാന്റെ സുരക്ഷിത താവളമായി പാക്കിസ്ഥാൻ തുടരുകയാണെന്നും ആവശ്യമായ യുദ്ധ സാമഗ്രികൾ പാക്കിസ്ഥാനിൽ നിന്ന് താലിബാന് ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സംസാരിക്കുകയായിരുന്നു ഗുലാം എം. ഇസാക്‌സൈ.

ഇന്ത്യയുടെ നേതൃത്വത്തിലാണ് ഐക്യരാഷ്ട്ര സഭയിൽ സുരക്ഷാ കൗൺസിൽ വിളിച്ചു ചേർത്തത്. അഫ്ഗാൻ വിദേശകാര്യ മന്ത്രി ഹനീഫ് ആത്മർ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനെ വിളിച്ചതിന് ശേഷമാണ് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ സംഘടിപ്പിച്ചത്.

രാജ്യത്തേക്ക് പ്രവേശിക്കാൻ താലിബാൻ തീവ്രവാദികൾ ഡ്യുറൻഡ് ലൈനിന് സമീപം ഒത്തുകൂടുന്നതും അവരുടെ ഫണ്ട് ശേഖരണ പരിപാടികൾ, കൂട്ട ശവസംസ്‌കാരത്തിനായി മൃതദേഹങ്ങൾ കൈമാറൽ, പാക്കിസ്ഥാൻ ആശുപത്രികളിൽ പരിക്കേറ്റ താലിബാൻ ചികിത്സ തുടങ്ങിയവ എങ്ങനെ നടക്കുന്നുവെന്ന് ഗ്രാഫിക് റിപ്പോർട്ടുകളും വീഡിയോകളും ഉയർത്തിക്കാട്ടി അഫ്ഗാൻ പ്രതിനിധി വിശദീകരിച്ചു.

1988-ലെ ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗൺസിലിന്റെ ഉപരോധ വ്യവസ്ഥയുടെ നഗ്‌നമായ ലംഘനമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. മാത്രമല്ല അഫ്ഗാനിസ്താനിൽ യുദ്ധം ഇല്ലാതാക്കാൻ വേണ്ടി പാക്കിസ്ഥാനുമായി സഹകരിക്കുന്നതിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നേരത്തെ ഉസ്ബക്കിസ്താനിൽ നടന്ന ഉച്ചകോടിയിൽ അഫ്ഗാനിസ്താൻ പ്രസിഡന്റ് അഷ്റഫ് ഗാനി പരസ്യമായിത്തന്നെ പാക്കിസ്ഥാനെതിരെ രംഗത്തെത്തിയിരുന്നു. തീവ്രവാദികൾക്ക് പാക്കിസ്ഥാൻ പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് പറഞ്ഞായിരുന്നു അഫ്ഗാൻ പ്രസിഡന്റ് രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം നടന്ന താലിബാൻ ആക്രമണത്തിൽ അഫ്ഗാൻ സർക്കാരിന്റെ മാധ്യമ വിഭാഗം തലവൻ ദവാ ഖാൻ മിൻപാൽ കൊല്ലപ്പെട്ടതും ആശങ്ക വർധിപ്പിക്കുകയാണ്. അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഘാനിയുടെ വക്താവ് കൂടിയാണ് ദവാ ഖാൻ. വ്യാഴാഴ്ച അഫ്ഗാൻ തലസ്ഥാനത്തെ അതിസുരക്ഷാ മേഖലയായ ഗ്രീൻ സോണിലും താലിബാൻ ആക്രമണം നടത്തിയിരുന്നു. അഫ്ഗാൻ പ്രതിരോധ മന്ത്രി ബിസ്മില്ലാഹ് ഖാൻ മുഹമദിയുടെ വസതിക്ക് നേരെയായിരുന്നു താലിബാന്റെ കാർബോംബ് ആക്രമണം.

ആക്രമണത്തിൽ നിന്ന് മന്ത്രിയുടെ കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപെട്ടു. സംഭവസമയത്ത് മന്ത്രി വീട്ടിൽ ഉണ്ടായിരുന്നില്ല. കാബൂളിലെ അതിസുരക്ഷാ മേഖലയിൽ നടന്ന ആക്രമണത്തെ ഗൗരവത്തോടെയാണ് അഫ്ഗാൻ സുരക്ഷാ വിഭാഗം കാണുന്നത്. മന്ത്രിയുടെ വസതിക്ക് സമീപം കാർബോംബ് സ്‌ഫോടനം നടത്തിയ ശേഷം നാല് തീവ്രവാദികൾ വെടിയുതിർക്കുകയും ചെയ്തു. ഇവരെ കൊലപ്പെടുത്തിയതായി സുരക്ഷാസേന അറിയിച്ചു.