- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാക് താലിബാനെ മുന്നിൽ നിർത്തി ഇമ്രാനെ വീഴ്ത്തും; പാക്കിസ്ഥാനിലൂടെ ലക്ഷ്യമിടുന്നത് പാക് അധിനിവേശ കാശ്മീർ; കാബൂളിൽ ഭരണമുറപ്പിച്ച ഭീകരരുടെ അടുത്ത ലക്ഷ്യം ഇസ്ലാമാബാദ്; പാക് സർക്കാരുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിച്ച് പാക് താലിബാൻ; ഇനി എന്തും സംഭവിക്കാം
കാബൂൾ: അഫ്ഗാൻ സ്വന്തമാക്കിയ താലിബാന്റെ അടുത്ത ലക്ഷ്യം പാക്കിസ്ഥാൻ. അഫ്ഗാനിസ്ഥാനിലേതിന് സമാനമായ അട്ടിമറി പാക്കിസ്ഥാനിലും താലിബാൻ ലക്ഷ്യമിടുന്നു. ഇതിന് വേണ്ടി പാക്കിസ്ഥാൻ സർക്കാരുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിച്ചതായി പാക്ക് താലിബാൻ പ്രഖ്യാപിച്ചു. സർക്കാരിനെതിരെ ആക്രമണങ്ങൾ പുനരാരംഭിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. അഫ്ഗാൻ സർക്കാരിനെ താഴെയിറക്കിയ പോലെ ഇമ്രാൻ ഖാൻ സർക്കാരിനെയും നേരിടാൻ പാക്ക് താലിബാൻ നീക്കം നടത്തും.
അഫ്ഗാനിലെ താലിബാൻ വരവിനെ പ്രതീക്ഷയോടെ കണ്ടവരാണ് പാക്കിസ്ഥാൻ. എല്ലാ സഹായവും അതിന് ചെയ്യുകയും ചെയ്തു. എന്നാൽ ഇപ്പോൾ താലിബാൻ അവർക്ക് തന്നെ തിരിച്ചടി നൽകാൻ തയ്യാറെടുക്കുകയാണ്. നിരോധിത തെഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ (ടിടിപി) പാക്ക് സർക്കാരുമായി ചർച്ച നടത്തി ധാരണയിലെത്തിയ ഒരു മാസത്തെ വെടിനിർത്തൽ കരാർ നീട്ടില്ലെന്ന് ഭീകരർ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ഭീകരരുമായുള്ള സമാധാന കരാർ ഉറപ്പിക്കാനുള്ള പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണിത്. പതിറ്റാണ്ടുകളായി ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യുന്നവരാണ് ടിടിപി.
കോവിഡിന് ശേഷം വലിയ പ്രതിസന്ധിയിലൂടെയാണ് പാക്കിസ്ഥാന്റെ പോക്ക്. പാക്കിസ്ഥാനെ കീഴടക്കി പാക് അധിനിവേശ കാശ്മീർ സ്വന്തമാക്കുകയാണ് താലിബാൻ ലക്ഷ്യം. അതിന് ശേഷം ഇന്ത്യയിലേക്ക് അക്രമം വ്യാപിപ്പിക്കാനാണ് അവരുടെ പദ്ധതി. ഇതിന്റെ തുടക്കമാണ് പാക്കിസ്ഥാനെതിരായ യുദ്ധ പ്രഖ്യാപനം. കഴിഞ്ഞ 14 വർഷമായി പാക്കിസ്ഥാൻ സുരക്ഷാ സേനയ്ക്കും സാധാരണക്കാർക്കുമെതിരെ നടത്തിയ നിരവധി വലിയ ആക്രമണങ്ങൾക്ക് പിന്നിൽ പാക്ക് താലിബാൻ ആയിരുന്നു. 2014 ൽ പെഷവാറിലെ സൈനിക സ്‌കൂളിനു നേരെ നടന്ന ആക്രമണത്തിനു പിന്നിലും ഇവരായിരുന്നു.
തങ്ങളുടെ അണികളുടെ ജയിൽ മോചനം ഉൾപ്പെടെയുള്ള തീരുമാനങ്ങൾ പാലിക്കുന്നതിൽ ഇമ്രാൻ സർക്കാർ പരാജയപ്പെട്ടു എന്നാണ് ടിടിപി ആരോപിക്കുന്നത്. 2021 ഒക്ടോബർ 25ന് 'ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ' (ഐഇഎ) കീഴിൽ സർക്കാരുമായി ഉണ്ടാക്കിയ കരാറാണ് ലംഘിച്ചതെന്ന് ഭീകരർ ആരോപിച്ചു. അഫ്ഗാനിലെ അട്ടിമറിക്ക് പാക്കിസ്ഥാനിൽ നിന്ന് എല്ലാ സഹായവും നേടിയെടുത്ത ശേഷമാണ് താലിബാൻ സംഘടനയുടെ യൂടേൺ.
കരാർ പ്രകാരം 2021 നവംബർ 1 മുതൽ നവംബർ 30 വരെ ഒരു മാസത്തെ വെടിനിർത്തൽ ആചരിക്കാനും സർക്കാർ 102 തടവുകാരെ മോചിപ്പിക്കുമെന്നും അവരെ ഐഇഎ വഴി ടിടിപിക്ക് കൈമാറുമെന്നും ഇരുപക്ഷവും സമ്മതിച്ചിരുന്നു. എന്നാൽ ഭീകരരുടെ മോചനം നടന്നിട്ടില്ല എന്നാണ് ടിടിപി ആരോപിക്കുന്നത്. അന്താരാഷ്ട്ര സമ്മർദ്ദം ഭയന്നാണ് പാക്കിസ്ഥാൻ അതു ചെയ്യാത്തത്. ഇതാണ് പാക് താലിബാനെ പ്രകോപിതരാക്കുന്നത്.
ഇരുവിഭാഗവും തമ്മിലുള്ള തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, ദേര ഇസ്മായിൽ ഖാൻ, ലക്കി മർവാട്ട്, സ്വാത്, ബജൗർ, സ്വാബി, നോർത്ത് വസീറിസ്ഥാൻ എന്നിവിടങ്ങളിൽ സുരക്ഷാ സേന റെയ്ഡ് നടത്തുകയും ഭീകരരെ വധിക്കുകയും തടവിലിടുകയും ചെയ്തതായി ടിടിപിയുടെ പ്രസ്താവനയിൽ പറയുന്നുണ്ട്.
പഷ്തൂൺ മേഖലകളിൽ പ്രബലമായ തെഹ്രീകി താലിബാൻ, പാക്ക് താലിബാൻ എന്ന പേരിലും അറിയപ്പെടുന്ന ഭീകരസംഘടനയാണ് ടിടിപി. മലാല യൂസഫ്‌സായിയെ വെടിവച്ച സംഭവത്തിനു പിന്നിലും ഇവരായിരുന്നു. കാബൂൾ പിടിച്ചടക്കി അഫ്ഗാനിൽ താലിബാൻ അധികാരത്തിൽ വന്നതോടെ അവരുമായും ശക്തമായ ബന്ധങ്ങളുണ്ടാക്കാൻ പാക്ക് താലിബാൻ ശ്രമിക്കുന്നുണ്ട്.
പാക്കിസ്ഥാനെതിരെയുള്ള ഭീകരനീക്കങ്ങൾക്കായി തെഹ്രീകി താലിബാൻ അഫ്ഗാൻ മണ്ണ് ഉപയോഗിക്കില്ലെന്ന് അഫ്ഗാൻ താലിബാൻ ഉറപ്പുവരുത്തണമെന്ന് പാക്ക് ആഭ്യന്തരമന്ത്രി ഷെയ്ഖ് റഷീദ് അഹ്മദ് നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ജൂലൈയിൽ വടക്കൻ പാക്കിസ്ഥാനിൽ പാക്ക് താലിബാൻ നടത്തിയ ആക്രമണത്തിൽ 9 ചൈനക്കാരും നാലു പാക്കിസ്ഥാനികളും കൊല്ലപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ