കാബൂൾ: താലിബാന് എതിരെ ശക്തമായ ചെറുത്ത് നിൽപ്പ് തുടരുന്ന പഞ്ച്ഷീർ മേഖലയെ 'ലോകത്ത് ഒറ്റപ്പെടുത്താൻ' ഇന്റർനെറ്റ് വിച്ഛേദിച്ച് ഭീകരർ. പോരാട്ടത്തിന് നേതൃത്വം നൽകുന്ന മുൻ വൈസ് പ്രസിഡന്റ് അമറുള്ള സാലേയുടെ ട്വീറ്റുകൾക്ക് തടയിടാനാണ് താലിബാൻ നീക്കം.

താലിബാന് എതിരെ സാലേ ട്വിറ്ററിൽക്കൂടി നിരന്തരം പ്രസ്താവനകൾ ഇറക്കുന്നുണ്ട്. പാഞ്ച്ഷീർ വാലിക്ക് ചുറ്റും താലിബാൻ വളഞ്ഞെങ്കിലും ഉള്ളിലേക്ക് കടക്കാൻ സാധിച്ചിട്ടില്ല. അഫ്ഗാനിൽ താലിബാന് എതിരെ പോരാടിച്ച് നിൽക്കുന്ന ഒരേയൊരു മേഖലയാണ് പഞ്ച്ഷീർ. പ്രമുഖ താലിബാൻ വിരുദ്ധ പോരാളിയായിരുന്ന അഹമ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലാണ് താഴ്‌വരയിൽ പോരാട്ടം നടക്കുന്നത്.

പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടതിന് പിന്നാലെ, അഫ്ഗാന്റെ ഇടക്കാല പ്രസിഡന്റായി അമറുള്ള സാലേ സ്വയം പ്രഖ്യാപിച്ചിരുന്നു. കാബൂൾ വിമാനത്താവളത്തിൽ നടന്ന ബോംബാക്രമണം താലിബാൻ അറിഞ്ഞുകൊണ്ടാണെന്നും അമറുള്ള പറഞ്ഞിരുന്നു. താലിബാന് എതിരെയുള്ള പോരാട്ടത്തിൽ ലോകരാജ്യങ്ങളുടെ പിന്തുണ ആവശ്യപ്പെട്ടും സാലേ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ആഹ്വാനങ്ങൾക്ക് തടയിടാൻ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചത്.



അതേ സമയം അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ഇസ്ലാമിക ഭരണം അധികകാലം നീണ്ടുനിൽക്കില്ലെന്ന് അംറുള്ള സാലേ അഭിപ്രായപ്പെട്ടു. താലിബാന്റെ ഇസ്ലാമിക പരമാധികാര ഭരണം അഫ്ഗാൻ ജനത അംഗീകരിക്കില്ല. അധികകാലം താലിബാന് അഫ്ഗാനിൽ ഭരിക്കാൻ കഴിയില്ലെന്നും സാലേ പറഞ്ഞു.

ഇപ്പോൾ അംറുള്ള സാലേയും അഹമദ് മസൂദും ചേർന്ന് പഞ്ച്ശീർ പ്രവിശ്യയിൽ താലിബാനെതിരെ ശക്തമായ പോരാട്ടം നടത്തുകയാണ്. ഇവിടെ താലിബാൻ തീവ്രവാദികൾ ഒന്നിച്ചെത്തിയിട്ടും ഇവിടുത്തെ താലിബാൻ വിരുദ്ധ സേനയെ തോൽപ്പിക്കാനായില്ല. 'പഞ്ച്ശീറിൽ മാത്രമല്ല, മറ്റ് പ്രദേശങ്ങളിലും താലിബാൻ വിരുദ്ധപ്പോരാട്ടങ്ങൾ ശക്തമാകും. താലിബാൻ തീർച്ചയായും ആഴത്തിലുള്ള സൈനികപ്രതിസന്ധിയെ നേരിടും,' അംറുള്ള സാലേ പറഞ്ഞു.

യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ള ശക്തികൾ താലിബാൻ വിരുദ്ധസേനയ്ക്ക് രാഷ്ട്രീയമായിപിന്തുണ നൽകും. തോക്കിൻകുഴലിലൂടെയുള്ള തീവ്രവാദികളുടെ ഭരണം സ്വീകാര്യമല്ല. താലിബാന്റെ അടിച്ചമർത്തലും പീഡനങ്ങലും ഒഴിച്ചുനിർത്തലും ഒന്നും അധികകാലം നീണ്ടുനിൽക്കില്ല. ഏകാധിപത്യത്തിൽ നിന്നും മാറി, എല്ലാവരേയും ഉൾപ്പെടുത്തിയുള്ള ഭരണത്തിന് താലിബാൻ സമ്മതിക്കണം.- അംറുള്ള സാലേ പറഞ്ഞു.

മാസങ്ങൾ നീണ്ട എതിർപ്പുകൾക്ക് ശേഷം ഓഗസ്റ്റ് 15ന് താലിബാൻ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂൾ പിടിച്ചു. നേരത്തെ കാണ്ഡഹാർ, ഹെറാത്ത്, മസർ ഇ ഷറിഫ്, ജലാലബാദ്, ലഷ്‌കർ ഗാ എന്നീ പ്രവിശ്യകളുൾപ്പെടെ ആകെയുള്ള 34 പ്രവിശ്യകളിൽ 33ഉം താലിബാൻ പിടിച്ചിരുന്നു. 20 വർഷത്തിന് ശേഷം യുഎസും നേറ്റോയും സേനയെ പിൻവലിച്ചതോടെയാണ് താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചത്.

ഇതോടെ അഫ്ഗാനിസ്ഥാനിൽ പ്രസിഡന്റായിരുന്ന അഷ്റഫ് ഗനി രാജ്യം വിട്ട് യുഎഇയിൽ അഭയം തേടി. താലിബാൻ ഭരണം വരുമെന്ന ഭയത്താൽ രാജ്യം വിട്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമായി ആയിരക്കണക്കിന് അഫ്ഗാൻ സ്വദേശികൾ ഹമിദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു.



നിരവധി അഫ്ഗാനികൾ രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടെ രാജ്യം വിട്ടിരുന്നു. എന്നാൽ സൈനിക പിന്മാറ്റം അന്ത്യത്തോട് അടുക്കുന്നതിനിടെ കാബൂൾ വിമാനത്താവളത്തിന് സമീപം ചാവേർ സ്‌ഫോടനം ഉണ്ടായതോടെ രക്ഷാദൗത്യം നിർത്തിവയ്‌ക്കേണ്ടി വന്നിരുന്നു. താലിബാൻ കാബൂൾ വിമാനത്താവളത്തിന്റേതടക്കം നിയന്ത്രണം പിടിച്ചെടുത്തതോടെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാതെ മടങ്ങേണ്ട അവസ്ഥയിലാണ് ദൗത്യത്തിൽ ഉൾപ്പെട്ട സേനകൾ.