കാബൂൾ: അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യത്ത് ശരിയത്ത് നിയമം അതിന്റെ ഏറ്റവും ഭീതിതമായ രീതിയിൽ നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ്. മുല്ല ഹസൻ അഖുന്ദ് പ്രധാനമന്ത്രിയായ മന്ത്രിസഭ കഴിഞ്ഞ ദിവസം താലിബാൻ പ്രഖ്യാപിച്ചിരുന്നു. ഈ മന്ത്രിസഭ അധികാരമേറ്റതോടെയാണ് നിയമം പൂർണ്ണമായ അവസ്ഥയിൽ പ്രയോഗിച്ച് തുടങ്ങിയിരിക്കുന്നത്. മന്ത്രിസഭയിൽ ഒരു വനിതാ മന്ത്രിയും ഉൾപ്പെട്ടിട്ടില്ല എന്നത് തന്നെ താലിബാന്റെ നിലപാടുകളിൽ ഇനിയും മാറ്റം സംഭവിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ ഉദാഹരണമായിരുന്നു.

ഇതിന്റെ കൂടുതൽ പ്രകടമായ സംഭവവികാസങ്ങൾക്കാണ് അഫ്ഗാൻ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.കാബൂളിലെ എംബസി അടയ്ക്കുന്നതായി ഡെന്മാർക്കും നോർവെയും കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്താനിലെ സ്ഥിതി മോശമായതിനാൽ ജീവനക്കാരെ ഒഴിപ്പിക്കുകയാണെന്നായിരുന്നു ഡെന്മാർക്കും നോർവെയും വ്യക്തമാക്കിയത്.കാബൂളിലെ നോർവീജിയൻ എംബസി ഇപ്പോൾ താലിബാന്റെ കൈയിലാണ്.

താലിബാൻ, എംബസി പിടിച്ചെടുത്തതിന് പിന്നാലെ ചെയ്ത കാര്യം മദ്യക്കുപ്പികൾ തകർത്തെറിയുകയായിരുന്നുവെന്ന് അംബാസർ സിഗ്വാൾഡ് ഹോഗ് ട്വീറ്റ് ചെയ്തു. എംബസിയിലുണ്ടായിരുന്നു കുട്ടികളുടെ പുസ്തകങ്ങളും താലിബാൻ ഭീകരവാദികൾ നശിപ്പിച്ചുവെന്ന് ഹോഗ് ട്വീറ്റ് ചെയ്തു.

അതേസമയം സംഗീതോപകരണങ്ങൾ തകർക്കപ്പെട്ടതിന്റെ ദൃശ്യങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അഫ്ഗാൻ പിടിച്ചടക്കിയതിന് പിന്നാലെ താലിബാൻ സംഗീതത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. ചില ചാനലുകൾ അവരുടെ വനിതാ ആങ്കർമാരെയും പിരിച്ചുവിട്ടിരുന്നു. ഫവദ് അന്ദരാബി എന്ന പ്രാദേശിക ഗായകനെ താലിബാൻ വധിച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

ഇതിനിടെ, 'പഞ്ച്ശീർ സിംഹം' എന്ന് അറിയപ്പെടുന്ന അഫ്ഗാൻ വിമോചന കമാൻഡർ അഹമ്മദ് ഷാ മസൂദിന്റെ 20ാം ചരമ വാർഷിക ദിനത്തിൽ താലിബാൻ അദ്ദേഹത്തിന്റെ ശവകുടീരം തല്ലിത്തകർത്തു. ഇതിനെതിരെ രാജ്യത്തു വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 1989ൽ സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തിയ പോരാളികളിൽ പ്രധാനിയായിരുന്നു അഹമ്മദ് ഷാ മസൂദ്. 1990കളിൽ താലിബാനെതിരെയും അദ്ദേഹം പോരാട്ടം നയിച്ചിരുന്നു.

താലിബാൻ അഫ്ഗാനിസ്ഥാൻ ഭരിച്ചിരുന്ന 19962001 കാലയളവിൽ വടക്കൻ മേഖലയിലേക്കു മാത്രമായി അദ്ദേഹത്തിന്റെ പ്രതിരോധ സേന ചുരുങ്ങി. വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടന്ന 2001 സെപ്റ്റംബർ 11നു 2 ദിവസങ്ങൾക്കു മുൻപ് അഭിമുഖത്തിനെന്ന വ്യാജേന അറബ് മാധ്യമപ്രവർത്തകരായി വേഷം മാറിയെത്തിയ അൽ ഖായിദ ഭീകരർ ചാവേർ ബോംബ് ആക്രമണത്തിലാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്.

ആക്രമണത്തിനു ശേഷം യുഎസ് സേനയും മസൂദിന്റെ പ്രതിരോധസേനയും ചേർന്നു നടത്തിയ പ്രത്യാക്രമണത്തിൽ അൽ ഖായിദ ചിന്നഭിന്നമാകുകയും താലിബാൻ അധികാരത്തിൽനിന്നു താഴെയിറങ്ങുകയും ചെയ്തിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ യുഎസ് സേനയുമായി ചേർന്ന് അഫ്ഗാൻ സർക്കാരിന്റെ പ്രതിരോധം ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലായിരുന്നു മസൂദിന്റെ സൈന്യം.

അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഹാമിദ് കർസായി അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തിക്കുമെന്നാണ് താലിബാൻ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനായി തുർക്കിയിൽ നിന്നും ഖത്തറിൽ നിന്നുമുള്ള സാങ്കേതിക വിദഗ്ദർ അഫ്ഗാൻ എൻജിനിയർമാരോട് കൂടെ ചേർന്ന് പ്രവർത്തിച്ചു വരികയാണെന്ന് ഖാമാ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

വലിയ സ്‌ക്രീനുകൾ, കമ്പ്യൂട്ടറുകൾ, സ്‌കാനറുകൾ മറ്റു ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ തുടങ്ങിയവ വിമാനത്താവളത്തിൽ സ്ഥാപിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്നാണ് പുറത്തു വരുന്ന വിവരം. അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ വിമാനത്താവളത്തിൽ 20 മില്യൺ ഡോളറിലേറെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് ഖാമാ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

അതസമയം താലിബാന്റെ ഇടപെടലുകൾക്കെതിരെ പ്രതിഷേധവും ശക്തമാകുകയാണ്. അഫ്ഗാൻ തെരുവുകളിൽ അവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രതിഷേധ പ്രകടനങ്ങൾ തുടരുകയാണ്. പ്രതിഷേധക്കാരിൽ കൂടുതൽ പേരും സ്ത്രീകളാണ്. ജോലിയിൽ തുടരാനും വിദ്യാഭ്യാസം നേടാൻ വേണ്ടിയുമാണ് പ്രധാനമായും പ്രതിഷേധക്കാർ ആവശ്യം ഉന്നയിക്കുന്നത്.