തിരുവനന്തപുരം: രണ്ടുതവണ നന്ദിഗ്രാം എംഎ‍ൽഎയും സിപിഐ നേതാവുമായിരുന്ന ഇല്യാസ് മുഹമ്മദ് അന്തരിച്ചു. 14 വർഷങ്ങൾക്ക് മുമ്പ് രാഷ്ട്രീയം അവസാനിപ്പിച്ച അദ്ദേഹം 64ാം വയസ്സിലാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഒരുകാലത്ത് നന്ദിഗ്രാമിലെ സ്റ്റാർ പൊളിറ്റീഷ്യനായിരുന്ന അദ്ദേഹം അവസാന കാലത്ത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലും ദാരിദ്ര്യത്തിലുമായിരുന്നു. അദ്ദേഹത്തിന്റെ വീടിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. വ്യാജ ഒളികാമറാ വാർത്തയായിരുന്നു ഇല്യാസ് മുഹമ്മദിന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യം കുറിച്ചത്.

2001ലും 2006-ലും നന്ദിഗ്രാമിൽ നിന്നുള്ള സിപിഐ എംഎ‍ൽഎ ആയിരുന്നു ഇല്യാസ് മുഹമ്മദ്, 10,000 രൂപ ഒരു എൻ.ജി.ഒയിൽ നിന്ന് കൈക്കൂലി വാങ്ങി' എന്ന തരത്തിലുള്ള സ്റ്റിങ് ഓപ്പറേഷന് ശേഷം പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെടുകയായിരുന്നു ഇല്യാസ്. 2008-ൽ എംഎ‍ൽഎ സ്ഥാനം രാജിവെക്കുകയും, തുടർന്ന് രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്ത, ഇല്യാസ് മുഹമ്മദിന്റെ മരണം ഒളിക്യാമറാ മാധ്യമപ്രവർത്തനത്തെക്കുറിച്ച് വീണ്ടും ചർച്ചയായി ഉയർത്തുകയാണ്.

നന്ദിഗ്രാം സമരത്തിന്റെ മൂർദ്ധന്യത്തിൽ പ്രതിപക്ഷ-മാധ്യമ ഗൂഢാലോചനയുടെ ഇരയായിരുന്നു ഇല്യാസ് മുഹമ്മദ് എന്ന് രാഷ്ട്രീയ പ്രതിയോഗികൾ അടക്കം ഏവരും ഇന്ന് സമ്മതിക്കുന്നുണ്ട്. ബംഗാളിലെ ഇടത് ഭരണത്തിന് അന്ത്യം കുറിക്കാനുള്ള വൻ തിരക്കഥയുടെ ഇരയാകുകയായിരുന്നു ഈ ഇല്യാസ്. അസംബ്ലി നിയോഗിച്ച അന്വേഷണ കമ്മിഷൻ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതിനെത്തുടർന്ന് സിപിഐ പിന്നീട് ഇല്യാസ് മുഹമ്മദിന്റെ സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും, ഇത്തരം ഒരു ദുരാരോപണത്തിൽ മനം നൊന്ത അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിക്കുകയാണ് ചെയ്തത്. നന്ദിഗ്രാമിൽ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലും 2011, 2016 അസംബ്ലി തെരഞ്ഞെടുപ്പുകളിലും തൃണമൂൽ വിജയിച്ചു.

സത്യസന്ധനായ ഒരു രാഷ്ട്രീയ നേതാവിനെ അഴിമതിക്കാരനായി ചിത്രീകരിച്ച സ്റ്റിങ് നടത്തിയ പത്രപ്രവർത്തകൻ ശങ്കുദേബ് പാണ്ട തൃണമൂലിലും, പിന്നീട് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിലും ചേർന്നു. തനിക്ക് ബിസിനസ്സിൽ പങ്കാളിത്തം വേണമെന്ന് പാണ്ട പല ഏജന്റുമാരോടും ആവശ്യപ്പെടുന്ന ടേപ്പുകൾ പുറത്തുവന്നിട്ടുണ്ട്.

ഇല്യാസ് ആരിൽ നിന്നെങ്കിലും കൈക്കൂലി വാങ്ങുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് നന്ദിഗ്രാം പഞ്ചായത്ത് സമിതി ഉപാദ്ധ്യക്ഷനും തൃണമൂൽ നേതാവുമായ അബു താഹിർ ഉറപ്പിച്ചു പറയുന്നെങ്കിലും, ആ അഴിമതി ആരോപണവും ഇല്യാസിന്റെ രാജിയും തൃണമൂൽ കോൺഗ്രസിനെ രാഷ്ട്രീയമായി ഏറെ സഹായിച്ചു എന്ന് അദ്ദേഹം സമ്മതിക്കുന്നു.

പിന്നീട് എംഎ‍ൽഎ നന്ദിഗ്രാം സീറ്റ് സിപിഎമ്മിന് വിട്ടുകൊടുത്തു. 2021-ലെ തെരഞ്ഞെടുപ്പിൽ മുൻ തൃണമൂൽ മന്ത്രിയായിരുന്ന ബിജെപിയുടെ ഇന്നത്തെ അസംബ്ലി പ്രതിപക്ഷനേതാവായ സുവേന്ദു അധികാരി മമതാ ബാനർജിയെ തോല്പിച്ചപ്പോൾ, മൂന്നാം സ്ഥാനത്ത് സിപിഎം മഹിളാ അസോസിയേഷന്റെ സംസ്ഥാന അധ്യക്ഷ മീനാക്ഷി മുഖർജി ആയിരുന്നു. സിപിഐ സ്ഥാനാർത്ഥിയാകാൻ ആഗ്രഹിച്ച ഇല്യാസിന്റെ മൂത്തമകൻ സദ്ദാം (28) സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഇളയ മകൻ സലീം തൊഴിൽരഹിതനാണ്.

ഒരു പ്രദേശവാസി പറയുന്നു: 'ഇന്ന് ഞങ്ങൾക്ക് വളരെ ദുഃഖകരമായ ദിവസമാണ്. രണ്ടുതവണ എംഎ‍ൽഎ ആയിരുന്ന അദ്ദേഹം ദരിദ്രനായി ജീവിച്ച് മരിച്ചു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി വിവാദങ്ങളിൽ പെടുത്തി ദ്രോഹിക്കപ്പെട്ടു. പക്ഷെ കറകളഞ്ഞ ജീവിതം കൊണ്ട് അദ്ദേഹം തന്റെ നിരപരാധിത്വം തെളിയിച്ചു. ഞങ്ങൾക്കൊരിക്കലും അദ്ദേഹത്തെ മറക്കാൻ കഴിയില്ല.'