- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാകത്തിനുള്ള ചെരുപ്പും ഡ്രസും കിട്ടാതെ നാണംകെടും; ബസിൽ ഇരുന്നും നിന്നും യാത്ര ചെയ്യാൻ കഴിയാറില്ല; പൊക്ക കൂടുതലിന്റെ പെരുമയും സങ്കടവും പങ്കുവച്ച് ഉയരം കൂടിയ മനുഷ്യരുടെ കൂട്ടായ്മ
കൊല്ലം: പൊക്കം കൂടിയതിന്റെ പേരിൽ പല സ്ഥലങ്ങളിൽനിന്നും പണി കിട്ടുന്നവർ ഇന്നലെ ഒരു മത്സരം കഴിഞ്ഞപ്പോൾ അര ഇഞ്ച് പൊക്കം കൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു. ശരാശരിക്കു മുകളിൽ ഉയരമുള്ളവരുടെ സംസ്ഥാന സംഘടനയായ ടോൾ മെൻ അസോസിയേഷനിൽ അംഗമാകാൻ എത്തിയ പുതുമുഖങ്ങളാണ് കൊല്ലത്ത് നടന്ന പൊക്ക മൽസരത്തിൽ മാറ്റുരച്ചത്. ഏഴടി പൊക്കം കണ്ടെത്തുന്നതി
കൊല്ലം: പൊക്കം കൂടിയതിന്റെ പേരിൽ പല സ്ഥലങ്ങളിൽനിന്നും പണി കിട്ടുന്നവർ ഇന്നലെ ഒരു മത്സരം കഴിഞ്ഞപ്പോൾ അര ഇഞ്ച് പൊക്കം കൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു. ശരാശരിക്കു മുകളിൽ ഉയരമുള്ളവരുടെ സംസ്ഥാന സംഘടനയായ ടോൾ മെൻ അസോസിയേഷനിൽ അംഗമാകാൻ എത്തിയ പുതുമുഖങ്ങളാണ് കൊല്ലത്ത് നടന്ന പൊക്ക മൽസരത്തിൽ മാറ്റുരച്ചത്.
ഏഴടി പൊക്കം കണ്ടെത്തുന്നതിനായി നടത്തിയ മൽസരത്തിൽ ഏഴടി ഉയരം കടക്കാൻ പൊക്കമുള്ള ആരും എത്തിയില്ലെങ്കിലും ആറടി ഒമ്പത് ഇഞ്ച് ഉയരവുമായി തൊടുപുഴ സ്വദേശി അബു താഹിർ നെഞ്ചുവിരിച്ചു നിന്നു. ഉയരക്കാരന്റെ നേട്ടം സ്വന്തമാക്കാൻ ഒട്ടേറെ പേർ എത്തിയെങ്കിലും അബുവിന്റെ പൊക്കത്തെ മറികടക്കാനുള്ള, ഉയരം താണ്ടാൻ ആർക്കുമായില്ല. അയ്യായിരം രൂപയായിരുന്നു സമ്മാനം. പക്ഷേ നവാഗതരായ സ്ത്രീകൾക്കു വേണ്ടി സംഘാടകർ നിശ്ചയിച്ച ആറടി ഉയരത്തെ ആറടി രണ്ടിഞ്ച് പൊക്കത്തിൽ പാലോട് സ്വദേശി സഫ്‌ന മറികടന്ന് കിരീടം ഉറപ്പിച്ചു. ആറടി മൂന്നിഞ്ച് ഉയരമുള്ള സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ വനിതയായ കവിതയും നവാഗതരെ പരിചയപ്പെടാൻ എത്തിയിരുന്നു. വൈക്കം സ്വദേശിയായ കവിത അഭിഭാഷക കൂടിയാണ്.
പൊക്കത്തിൽ പെരുമയുണ്ടെങ്കിലും ദൈനംദിന ജീവിതത്തിൽ പൊക്കക്കാർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അബുവും സഫ്‌നയും പറഞ്ഞത് തമാശയോടെയാണെങ്കിലും യാഥാർഥ്യം ഇരുവരും മറച്ചുവച്ചില്ല. ' ചെരുപ്പ് വാങ്ങാൻ കടയിൽ പോയാൽ പലപ്പോഴും നാണം കെട്ടു പോകും. കടയിലെ മുഴുവൻ ചെരുപ്പും പുറത്തെടുത്താൽ പോലും അളവിനുള്ളത് കിട്ടില്ല, കിട്ടിയാൽ തന്നെ ഇഷ്ടപ്പെട്ട ചെരുപ്പായിരിക്കില്ല ' കാലിലെ ഷൂ ഉയർത്തിക്കാട്ടി അബു പറയുന്നു. 'റെഡിമെയ്ഡ് വസ്ത്രങ്ങൾ എടുക്കാൻ പോയാലും ഇത് തന്നെയാണ് അവസ്ഥ. പത്തും പതിനഞ്ചും ഷർട്ടും പാന്റ്‌സുമായാണ് ട്രയൽ റൂമിൽ പോകുന്നത്. ഇഷ്ടപ്പെട്ട പാന്റ് എടുത്താൽ കാലിന്റെ പാദം വരെ എത്തുകയുമില്ല. സെയിൽസ്മാന്മാരുടെ മുഖം കറുക്കുന്നത് മിച്ചം. തുണി വാങ്ങി തയ്ക്കുകയാണ് ഏക പോംവഴി. ' അബു പൊക്കക്കാരുടെ നിസാഹായാവസ്ഥ മറച്ചുവയ്ക്കുന്നില്ല.
ഉയരത്തിൽ പൊക്കം കാട്ടിയ സഫ്‌നയ്ക്കുമുണ്ട് പറയാൻ ചിലത്. ' ഉയരമില്ലാത്തവർ ബസിനുള്ളിലെ കമ്പിയിൽ പിടിക്കാൻ ആശിക്കുമ്പോൾ, ഞങ്ങൾക്ക് തല കുനിച്ചുപിടിച്ച് യാത്ര ചെയ്യണം. ടൂറിസ്റ്റ് ബസാണെങ്കിൽ പറയുകയും വേണ്ട. ഇരിക്കാൻ സീറ്റ് കിട്ടിയാലും വലിയ മെച്ചമൊന്നുമില്ല. സീറ്റുകൾക്കിടയിൽ കാല് വച്ച് അധികനേരം ഇരിക്കാനും കഴിയില്ല ' പല മൽസരങ്ങളിലും പങ്കെടുത്ത് വിജയിച്ചിട്ടുണ്ടെങ്കിലും ഈ മൽസരത്തിൽ വിജയിച്ചപ്പോൾ വല്ലാത്ത സന്തോഷമുണ്ടെന്ന് എൻജിനീയറിങ് ബിരുദധാരിയായ സഫ്‌ന പറയുന്നു.
ഉയരത്തിന്റെ കാര്യത്തിൽ ഇത്തരത്തിലുള്ള അവസ്ഥകൾ മാറ്റിവച്ചാൽ ഇവർക്കുള്ള ഡിമാൻഡ് ഗംഭീരമാണ്. സിനിമാ താരങ്ങളും വി ഐ പികളും പങ്കെടുക്കുന്ന ചടങ്ങുകളിൽ സുരക്ഷ ഒരുക്കാൻ സംഘാടകർക്ക് ഈ പൊക്കക്കാരെ മതി. ഇത്തരം പരിപാടികൾക്ക് എക്‌സിക്യൂട്ടിവ് സെക്യൂരിറ്റിസിനെ വിട്ടുകൊടുക്കുന്നത് ടോൾ മെൻ അസോസിയേഷനാണ്. ഉന്തു തള്ളും മറികടന്ന് താരങ്ങളെയും വിഐപികളെയും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഏർപ്പാട് അൽപം കടുത്തതു തന്നെ. നാലോ അഞ്ചോ മണിക്കൂർ കഠിനജോലി ആണെങ്കിലും, മറ്റുള്ളവർക്ക് ദൂരെ നിന്നു കാണാൻ മാത്രം കഴിയുന്ന താരങ്ങളെ തൊട്ടടുത്തു കാണാനും അവരോട് സംസാരിക്കാനും കഴിയുന്നത് ഒരു ഭാഗ്യമായാണ് കരുതുന്നത്. സച്ചിൻ ടെണ്ടുൽക്കറും ഷാരൂഖ് ഖാനും മറഡോണയുമെല്ലാം കേരളത്തിൽ എത്തിയപ്പോൾ അവർക്ക് അകമ്പടി സേവിച്ചതും സുരക്ഷിതമായി എത്തിച്ചതും ഈ പൊക്കക്കാരാണ്. പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന വാചകം തിരുത്തി, പൊക്കമുള്ളതാണ് ഞങ്ങളുടെ പൊക്കം എന്ന ആത്മവിശ്വാസത്തിലാണ് ഈ ഉയരക്കാർ പിരിഞ്ഞത്.