ചെന്നൈ: തമിഴ് നാടകങ്ങളിലും സിനിമയിലും തന്റെതായ വ്യക്തി മുദ്രപതിപ്പിച്ച പ്രമുഖ നടൻ ചീനു മോഹൻ (61) ഇനി ഓർമ്മ. ചെന്നൈ നൊളമ്പൂരിലുള്ള വീട്ടിലായിരുന്നു അന്ത്യം. സൂപ്പർ സ്റ്റാർ രജനീ കാന്തും മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദളപതി ഉൾപ്പടെ പത്ത് സിനിമകളിലാണ് ചീനു തന്റെ പ്രതിഭ തെളിയിച്ചത്. തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും നാടകരംഗത്താണ് മോഹൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

ആക്ഷേപഹാസ്യ നാടകങ്ങളിലൂടെ പ്രശസ്തനായ ക്രേസി മോഹന്റെ നാടക സംഘമായ ക്രേസി ക്രിയേഷൻസിലെ പ്രധാന നടനായിരുന്നു. മധു, ചീനു എന്നീ രണ്ട് കഥാപത്രങ്ങളെ കേന്ദ്രീകരിച്ച് ക്രേസി മോഹൻ എഴുതിയ നാടകങ്ങളിലെ ചീനുവിനെ അവതരിപ്പിച്ചതിലൂടെയാണ് പ്രശസ്തനായത്. ഇതോടെ ചീനു മോഹൻ എന്നറിയപ്പെട്ടു.

രാജ്യത്തിനുള്ളിലും വിദേശങ്ങളിലുമായി നാലായിരത്തിലധികം വേദികളിൽ ക്രേസി ക്രിയേഷൻസിന്റെ നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മണിരത്‌നത്തിന്റെ അഞ്ജലി, വിജയ് സേതുപതി നായകനായ ഇരൈവി, നയൻതാര പ്രധാനവേഷം അവതരിപ്പിച്ച കോലമാവ് കോകില തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ശവസംസ്‌കാരം ഞായറാഴ്‌ച്ച.