- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തരിച്ച പ്രമുഖ തമിഴ് സാഹിത്യകാരൻ അ. മാധവന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; അന്ത്യ കർമ്മങ്ങൾ തൈക്കാട് ശാന്തി കവാടത്തിൽ
തിരുവനന്തപുരം: അന്തരിച്ച മലയാളിയായ പ്രമുഖ തമിഴ് സാഹിത്യകാരൻ അ. മാധവന്റെ സംസ്കാര ചടങ്ങുകൾ ഇന്നു രാവിലെ 10നു തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. കൈതമുക്ക് തേങ്ങാപ്പുര ലെയ്നിലെ വസതിയിൽ ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആയിരുന്നു 87കാരനായ മാധവന്റെ അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം.
തിരുവനന്തപുരത്തേക്കു കുടിയേറിയ തമിഴ് കുടുംബത്തിൽ ജനിച്ചു വളർന്ന മാധവൻ ദീർഘകാലം ചാലക്കമ്പോളത്തിൽ പാത്രക്കട നടത്തിയിരുന്നു. പുനലും മണലും, കൃഷ്ണപ്പരുന്ത്, തൂവാനത്തുമ്പികൾ എന്നിവയാണ് നോവലുകൾ. ചെറുകഥകൾ ‘മാധവൻ കഥൈകൾ' എന്ന സമാഹാരമായും പ്രസിദ്ധീകരിച്ചു.
‘ഇലക്കിയ ചുവടുകൾ' എന്ന ഉപന്യാസ സമാഹാരം 2016 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടി. തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരായിരുന്ന തകഴി, എസ്.കെ. പൊറ്റെക്കാട്ട് , മലയാറ്റൂർ രാമകൃഷ്ണൻ, പി.കെ.ബാലകൃഷ്ണൻ, കാരൂർ നീലകണ്ഠപ്പിള്ള എന്നിവരുടെ വിഖ്യാത കൃതികൾ തമിഴിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്.
ഭാര്യ: പരേതയായ ശാന്ത. മക്കൾ: കലൈ ശെൽവി, മലർ ശെൽവി, പരേതനായ ഗോവിന്ദ രാജൻ. മരുമക്കൾ: എൻ.മോഹനൻ, പൂർണിമ, കൃഷ്ണ കുമാർ. തിരുവനന്തപുരത്തെ തമിഴ് സംഘം സ്ഥാപകരിലൊരാളാണ്.