- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള സംവിധായകർ കണ്ടുപഠിക്കട്ടെ! ഇങ്ങനെയാണ് സിനിമയെടുക്കേണ്ടതെന്ന്; 'കാക്കാമുട്ടൈ' തമിഴ് ചലച്ചിത്ര ലോകത്തെ വിപ്ലവം; വിജയുടെയും അജിത്തിന്റെയും സൂര്യയുടെയും ഇടിപ്പട ഫാൻസുകാർ ലജ്ജിച്ച് തലതാഴ്ത്തട്ടെ
തമിഴ്സിനിമാലോകത്ത് ഒരു ചക്രം തിരിഞ്ഞുവരികയാണ്. 2011ൽ ട്രാഫിക്കിലൂടെ മലയാളത്തിൽ വിടരുന്നതിന് അഞ്ചുവർഷംമുമ്പ് അമീർ സുൽത്താന്റെ 'പരുത്തിവീരനിലൂടെ' തമിഴിലാണ് ആദ്യം നവതരംഗം ഉദ്ഘാടനം ചെയ്യപ്പെട്ടത്. മസാലയും അതിഭാവുകത്വവും മാത്രമുള്ള ഒരു വ്യവസായത്തിൽനിന്ന്, അതോടെ ഒരിക്കലും പ്രതീക്ഷിക്കാൻപോലും കഴിയാത്തഅത്ര വ്യത്യസ്തമായ ചലച്ചിത്രങ
തമിഴ്സിനിമാലോകത്ത് ഒരു ചക്രം തിരിഞ്ഞുവരികയാണ്. 2011ൽ ട്രാഫിക്കിലൂടെ മലയാളത്തിൽ വിടരുന്നതിന് അഞ്ചുവർഷംമുമ്പ് അമീർ സുൽത്താന്റെ 'പരുത്തിവീരനിലൂടെ' തമിഴിലാണ് ആദ്യം നവതരംഗം ഉദ്ഘാടനം ചെയ്യപ്പെട്ടത്. മസാലയും അതിഭാവുകത്വവും മാത്രമുള്ള ഒരു വ്യവസായത്തിൽനിന്ന്, അതോടെ ഒരിക്കലും പ്രതീക്ഷിക്കാൻപോലും കഴിയാത്തഅത്ര വ്യത്യസ്തമായ ചലച്ചിത്രങ്ങൾ ഉണ്ടായി. ബാലയും, വസന്തബാലനും, മിഷ്‌ക്കിനും, ഗൗതം മേനോനും, സൂശിഗണേശനും, സുശീന്ദ്രനും, ശശികുമാറും, സമുദ്രക്കനിയും, വെട്രിമാരനും തൊട്ടുള്ള നിരവധി സംവിധായകർ അമ്പരപ്പിക്കുന്ന സിനിമകൾ ചെയ്ത് തമിഴ്‌സിനിമയെ സമ്പുഷ്ടമാക്കി. എന്നാൽ കഴിഞ്ഞ ഒന്നുരണ്ടുവർഷമായി തമിഴകത്തുനിന്ന് വേണ്ടത്ര നിലവാരമുള്ള സിനിമകൾ ഉണ്ടാവുന്നില്ലായിരുന്നു.
(ജിഗർ തണ്ട പോലുള്ള ഒറ്റപ്പെട്ട നല്ല ചിത്രങ്ങളെ മറക്കുന്നില്ല) തമിഴിലെ നവതരംഗം അസ്തമിച്ചോയെന്ന് ആശങ്കപ്പെട്ട് ഇരിക്കുമ്പോഴാണ് നവാഗതാനായ എം മണികണ്ഠൻ രചനയും, ഛായഗ്രഹണവും സംവിധാനവും നിർവഹിച്ച 'കാക്കമുട്ടൈ' ഇറങ്ങിയത്. 2014-ലെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം കിട്ടിത് ഈ സിനിമക്കായിരുന്നു. പക്ഷേ നിഷ്പക്ഷമായി ഈ പടം കണ്ടപ്പോൾ തോന്നിയത്, കുട്ടികളുടെ പടത്തിൽ മാത്രം ജൂറി ഈ ചിത്രത്തെ ഒതുക്കയായിരുന്നെന്നാണ്. അത്രയ്ക്ക് ഗംഭീരമായിരിക്കുന്നു ഈ കൊച്ചു പടം. കോടമ്പാക്കം മസാലകൾ എക്കാലവും കണ്ണടക്കാൻ ശ്രമിച്ച ആഗോളീകരണവും, അപരവത്ക്കരണവും, കറുത്ത നിറത്തിന്റെ രാഷ്ട്രീയവുമെല്ലാം കൃത്യമായി ഈ സിനിമയിൽ കടന്നുവരുന്നു.
കാക്കമുട്ട തിന്നാൽ എന്താണ് കുഴപ്പം?
എല്ലാ ദിവസവും കോഴിമുട്ടതിന്നാൽ കഴിയാത്ത ചേരിയിലെ കുട്ടികൾ പിന്നെ കാക്കമുട്ട തിന്നുന്നതിൽ അത്ഭുദമുണ്ടോ. അല്ലെങ്കിൽ പ്രോട്ടീന്റെ അളവ് വച്ചുനോക്കുമ്പോൾ കോഴിമുട്ടയും കാക്കമുട്ടയും ഒരുപോലെ പോഷകഗുണമുള്ളതാണ്. പക്ഷേ കോഴി വെളുത്തതും, കാക്ക കറുത്തതുമാണെന്ന അടിസ്ഥാന വ്യത്യാസമുണ്ട്. വർണചിന്ത അബോധമായി കിടക്കുന്ന സമൂഹത്തിൽ വെളുപ്പ് ശരിയുടെയും കറുപ്പ് തെറ്റിന്റെയും പക്ഷമാവുന്നു. അങ്ങനെയുള്ള കുറെ കറുത്ത ജീവിതങ്ങൾക്കിടയിലേക്കാണ് മണികണ്ഠൻ ക്യാമറ തിരക്കുന്നത്.
ചെന്നൈ നഗരത്തിലെ സെയ്താപേട്ടയിലെ കുപ്പത്തൊട്ടിപോലുള്ള കോളനികളിലാണ്, സഹോദരങ്ങളായ 'പെരിയ കാക്കമുട്ടെയും', 'ചിന്ന കാക്കമുട്ടെയും' ജീവിക്കുന്നത്. അൽപ്പം ചോറ് പുറത്തുവച്ച് കാക്കകളെ ആകർഷിച്ചശേഷം മരത്തിൽ കയറി കാക്കമുട്ടയെടുത്തുകൊത്തിക്കുടിക്കുന്നതിനാലാണ് ആ സഹോദരങ്ങൾക്ക് അങ്ങനെയൊരു പേര് കിട്ടിത്. തങ്ങളുടെ സ്വന്തംപേര് എന്താണെന്നുപോലും അവർ മറന്നിരിക്കണം. കാക്കകളെപ്പോലെയാണ് നഗരത്തിന് അവരും. അവർ ജീവിച്ചാലും മരിച്ചാലും ആർക്കും ഒന്നുമില്ല.
ഒറ്റമുറിയുള്ള ഒരു വീട്ടിലാണ് ഈ കുട്ടികളും, അമ്മയും, അവരുടെ മുത്തശ്ശിയും, ഒരു നായയുമൊക്കെ കഴിഞ്ഞുകൂടുന്നത്. വെപ്പും തീനും കക്കുസുമൊക്കെ അടുത്തടുത്ത്. നമ്മുടെ ഹൃദയം പടിച്ചുകുലുക്കിക്കൊണ്ടാണ് പടത്തിന്റെ ആദ്യ സീൻതന്നെ. രാത്രിയിൽ ഉറക്കത്തിനിടെ 'ചിന്ന കാക്കമുട്ടെ' മൂത്രമൊഴിച്ചത,് പതുക്കെ ഇഴഞ്ഞുപോവുന്നത് തൊട്ടടുത്തുതന്നെ കിടക്കുന്ന അമ്മയുടെ മുഖത്തിന് അരികിലേക്കാണ്. സ്വന്തം ഷർട്ടൂരിയിട്ട് ആ മൂത്രത്തെ തടയുകയാണ് പാവം ചിന്നകാക്കമുട്ടെ![BLURB#1-H]
കാക്കമുട്ടകളുടെ അച്ഛൻ ജയിലിലാണ്. ജാമ്യത്തിലിറക്കാൻ കാശില്ലാത്തിനാലാണ് അയാൾ അവിടെ കിടക്കുന്നത്. അമ്മ ഒരു ഫാക്ടറിയിൽ പണിക്കുപോയാണ് കുടുംബം പോറ്റുന്നത്. റെയിൽ പാളങ്ങളിൽനിന്ന് കിട്ടുന്ന കൽക്കരിശേഖരിച്ച് അടുത്ത കടയിൽ കൊണ്ടുവിറ്റ് തുഛമായ സമ്പാദ്യം നേടി കുട്ടികളും അമ്മയെ സഹായിക്കുന്നു. പണമില്ലാത്തിനാൽ ഇരുവരും സ്‌ക്കൂളിൽ പോവുന്നുമില്ല.
രാവിലെ കിട്ടുന്ന ചോറിൽനിന്ന് അൽപ്പം മാറ്റിവച്ച് കാക്കകൾക്ക് കൊടുത്താണ് ഇവർ മുട്ടകൾ അടിച്ചുമാറ്റുന്നത്. അപ്പോഴും മൂന്ന് കാക്കമുട്ടകളിൽ രണ്ടെണ്ണമേ അവർ എടുക്കുന്നുള്ളൂ.ഒന്നിനെ അവർ വിരിയാൻ വിടുന്നു.അങ്ങനെയിരക്കയൊണ് കോളനിയിലെ അവശേഷിക്കുന്ന ഈ തണൽമരത്തിനുപോലും കോടാലി വീഴുന്നത്. വൻ മരം വലിയ ശബ്ദത്തിൽ വീഴുമ്പോൾ ചേരിക്കുട്ടികൾ കൈയടിക്കുന്നു. അപ്പോൾ, 'ചിന്നകാക്കമുട്ടെ'യുടെ സംശയം ഇനി ഈ കാക്കകളൊക്കെ എങ്ങോട്ട് പോവുമെന്നാണ്.
രുചിയുടെ രാഷ്ട്രീയം; കറുപ്പിന്റെയും
മുറിച്ചുമാറ്റിയ വൃക്ഷത്തിന്റെ സ്ഥാനത്ത് മനോഹരമായ ഒരു പിസാ സെന്റർ ഉയർന്നുവരുന്നതോടെയാണ് കഥാഗതി മാറിമറിയുന്നത്. 299 രൂപയുള്ള പിസയുടെ പരസ്യം അവർക്ക് വലിയ പ്രലോഭനമാവുന്നു. കുട്ടികളുടെ കൊതികണ്ട് മുത്തശ്ശി ആ ബ്രോഷറിൽ കണ്ടപോലെ പിസയുണ്ടാക്കി നോക്കുന്നു. എന്നാൽ അത് വെറും ദോശയാണെന്ന് പറഞ്ഞ് അവർ തട്ടിക്കളയുകയാണ്. ഒരു പിസ തിന്നാലുള്ള പൈസക്കായി കാക്കമുട്ടകൾ നടത്തുന്ന അധ്വാനമാണ് ഈ സിനിമയുടെ കാതൽ. അതിനായുള്ള അവരുടെ പ്രയത്‌നമെല്ലാം കറുത്ത ഹാസ്യത്തിൽ എത്ര മനോഹരമായാണ് മണികണ്ഠൻ ചിത്രീകരിച്ചിരിക്കുന്നതെന്ന് കണ്ടുതന്നെ അറിയുക. പിസക്കുള്ള കാശുണ്ടായിട്ടും കറുത്തവരും, ചേരി നിവാസികളും ആയതിനാൽ അവർക്ക് അങ്ങോട്ട് പ്രവേശം നിഷേധിക്കപ്പെടുന്നു.പിന്നീടങ്ങോട്ട് നല്ല വസ്ത്രം വാങ്ങി ധരിച്ച് തങ്ങളുടെ കറുപ്പിൻെ മറക്കാനാണ് ഇവരുടെ ശ്രമം. കറുപ്പിന്റെ രാഷ്ട്രീയ ഇത്ര കൃത്യമായി പറയുന്ന സിനിമകൾ തമിഴകത്ത് വേറെ ഉണ്ടായിട്ടില്ല.
'മിസിസിപ്പി മസാലതൊട്ട്' 'നീന'വരെ
[BLURB#2-VR] ചേരികളുടെ കഥ പറയുന്ന മീരാ നായരുടെ 'മിസിസിപ്പി മസാലതൊട്ട്' ഓസ്‌ക്കാർനേടിയ 'സ്‌ളംഡോഗ് മില്യണർ'വരെ ഇന്ത്യൻ ദാരിദ്രത്തെ കണ്ട ടൂറിസ്റ്റ് കാഴ്ചപ്പാടിലല്ല, മണികണ്ഠന്റെ വീക്ഷണകോൺ. ഈ കടുത്ത ദുരിതങ്ങൾക്കിടയിലും ജീവിതത്തോട് പൊരുതാൻ അവർ ശ്രമിക്കുന്നു. ജീവിതഒ ആസ്വദിക്കാൻ ശ്രമിക്കുന്നു.ചേരികൾ എന്നും തിന്മയുടെ കൂടാണെന്ന വാർപ്പുമാതൃകകളും ഈ പടം അംഗീകരിക്കുന്നില്ല. ( ഈയിടെ ഇറങ്ങിയ ലാൽജോസിന്റെ 'നീന'യിൽ ചേരിക്കുട്ടികളാണ് പാവം 'നീന'യെ വഷളാക്കുന്നത്) ഒരു കാക്കമുട്ട വിരിയാൻ ബാക്കിവെക്കാൻ ആരാണ് ഈ കുട്ടികളെ പഠിപ്പിച്ചത്. പിസ തിന്നാനുള്ള കൊതിമൂത്ത്, ട്രെയിനിൻ പതുക്കെ പോവുമ്പോൾ തല്ലിവീഴ്‌ത്തി യാത്രക്കാരുടെ മൊബൈൽ അടിച്ചുമാറ്റാൻ 'പെരിയകാക്കമുട്ടെ' ശ്രമിക്കുന്നുണ്ടെങ്കിലും, അവസാന നിമിഷം അവൻ അതിൽ നിന്ന് പിന്മാറുന്നു.ഒരു വലിയ വേലിക്കപ്പുറം നിന്നുകൊണ്ട് അവരോട് സംസാരിക്കാറുള്ള സമപ്രായക്കാരനായ സുഹൃത്തുകൊണ്ടുവന്ന പിസയുടെ ഉച്ചിഷ്ടം, വേണ്ടെന്നുവച്ച് ആത്മാഭിമാനത്തോടെ 'കാക്കമുട്ടകൾ' നടന്നുപോവുമ്പോൾ, സത്യം പറയട്ടെ നമ്മുടെ കണ്ണു നിറഞ്ഞുപോവും. പ്രിയപ്പെട്ട പ്രേക്ഷരെ പറയുക, എത് 'പ്രേമം' കണ്ടാൽ കിട്ടും ഇതുപോലൊരു അനുഭൂതി!
തമിഴകത്തെ സമകാലീന രാഷ്ട്രീയ സംബന്ധിച്ച നിശിതമായ ഇടപെടലും ഈ കൊച്ചുചിത്രം നടത്തുന്നു. അരിയില്‌ളെങ്കിലും, റേഷൻ കടകളിൽ ടെലിവിഷനുണ്ട്. മുത്തശ്ശിയും അമ്മയും ഒരോന്നു വീതം രണ്ട് കളർടീവിയാണ് 'കാക്കമുട്ടകളുടെ' ഒറ്റ മുറിക്കൂരയിൽ എത്തുന്നത്! ചേരിയിൽ കാലുകുത്താതെ, ഒരു പാലത്തിനുമുന്നിൽനിന്ന് അവിടുത്തെ ദാരിദ്രത്തെക്കുറിച്ച് വാചകമടിക്കയാണ് മാദ്ധ്യമപ്രവർത്തകർ. അപ്പോൾ ഈ മാദ്ധ്യമ ശ്രദ്ധക്കൊക്കെ കാരണമായ 'കാക്കമുട്ടകൾ' നടന്നുവരുമ്പോൾ ഫീൽഡിൽ കയറുതെന്ന് പറഞ്ഞ്് അവരെ ആട്ടിപ്പായിപ്പിക്കയും ചെയ്യുന്നു.അവസാനം ആറ്റുനോറ്റിരുന്ന പിസ, ഒരുപാട് പുക്കാറുകൾക്കുശേഷം കിട്ടുമ്പോൾ, നമ്മുടെ ദോശയുടെ രുചിയില്‌ളെന്ന 'കാക്കമുട്ടകളുടെ' പ്രസ്താവനയിലൂടെ ഒരുപാട് ചോദ്യങ്ങൾ പിന്നെയും ബാക്കിയാക്കി മണികണ്ഠൻ സിനിമക്ക് കർട്ടനിടുന്നു.
പേടിക്കേണ്ട, ഒരിക്കലും ഇതൊരു ബുജി ചിത്രമല്ല!
നാനാവിധത്തിലുള്ള ചിന്തകളും അന്വേഷണങ്ങൾക്കും വഴിയിടുന്നുവെന്ന് കരുതി ഇത് ഒരിക്കലും ഒരു ബുദ്ധിജീവി ജാടയിൽ എടുത്ത, ടിപ്പിക്കൽ അവാർഡ് സിനിമയല്ല. അത്തരം സിനിമകൾ പതിവായ നരച്ചഷോട്ടുകളും മന്ദതയ്യാർന്നതാളവും ഒഴിവാക്കി, ചടുലവേഗത്തിൽ ജീവിതത്തിന്റെ തിളക്കുന്ന വെയിലിലേക്ക് മണികണ്ഠന്റെ ക്യാമറ ഫോക്കസാവുകയാണ്.ഹാസ്യത്തിന്റെ മേമ്പൊടിയിൽനീങ്ങുന്ന പല സീനുകളും ആലോചിക്കുമ്പോൾ പിന്നീട് നൊമ്പരമാവും. വേലിപ്പഴുതിലൂടെ പരിചയപ്പെട്ട സമ്പന്നനായ കൂട്ടുകാരൻ അയാളുടെ നായക്ക് ലക്ഷം രൂപ വിലയുണ്ടെന്ന് പറയുന്നതുകേട്ട്, പിസ തിന്നാനുള്ള കാശു സമ്പാദിക്കാനായി തങ്ങളുടെ ചൊക്ക്‌ളി പട്ടിയെ വിൽക്കാൻ ഒരുങ്ങുകയാണിവർ. ചൊറിപിടിച്ച ഈ പട്ടിക്ക് വില വെറും 25,000രൂപ! ആരും വാങ്ങാനില്ലാതായതോടെ പട്ടിയെ റോട്ടിലിട്ട് ഇവർ നടക്കുന്ന കാഴ്ച കാണേണ്ടതാണ്. ഈ രീതിയിലുള്ള കറുത്ത ഫലിതങ്ങളാണ് സിനിമയിൽ.
'കാക്കമുട്ട സഹോദരങ്ങളുടെ' അനിതസാധാരണമായ അഭിനയമാണ് ചിത്രത്തിന്റെ ഹൈലൈറ്റെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.രമേഷ്, വിഘ്‌നേഷ് എന്നഈ രണ്ടുകുട്ടികൾക്കും മികച്ച ബാലനടന്മാർക്കുള്ള 2014 ദേശീയ അവാർഡും ലഭിച്ചു. കാശിമേട് എന്ന തീരദേശ ഗ്രാമത്തിനിന്നുവരുന്ന ഈ കുട്ടികളുടെ ഒപ്പം അഭിനയിച്ച ചില ചേരിനിവാസികളായ കുട്ടികളുടെയും മുഴുവൻ വിദ്യാഭ്യാസ ചെലവും ഈ സിനിമയുടെ നിർമ്മാതാക്കൾ ഏറ്റിട്ടുണ്ട്.സെറ്റുകൾ തട്ടിക്കൂട്ടാതെ കത്തുന്നവെയിൽ സഹിച്ച് യഥാർഥചേരിയിലാണ് ഷൂട്ടിങ്ങ് നടത്തിയതും.കാക്കമുട്ടകളുടെ അമ്മയായി ഐശര്വാ രാജേഷും തികച്ചും സ്വാഭാവികമായാണ് നടിച്ചത്.പാട്ടുകളും സിനിമയുടെ പൊതുപരിസരത്തോട് ചേർന്ന് നിൽക്കുന്നു.
വാൽക്കഷ്ണം: കാക്കമുട്ടകളെ കണ്ടുകഴിഞ്ഞശേഷം നിങ്ങൾ നമ്മുടെ സർവകാല റെക്കോർഡാവുന്ന 'പ്രേമത്തെ' കുറിച്ചൊക്കെയൊന്ന് ചിന്തിച്ചുനോക്കൂ. എത്രമാത്രം പൈങ്കിളിയും, അരാഷ്ട്രീയവുമാണ് നമ്മുടെ പടപ്പുകളെന്ന് ആലോചിക്കുമ്പോൾ ചർദിക്കാൻതോന്നും. പ്രശസ്ത നടൻ ധനൂഷും, 'ആടുകളത്തിലൂടെ' പ്രശസ്തനായ സംവിധായകൻ വെട്രിമാരനും ചേർന്നാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. നമുക്കുമുണ്ടല്ലോ കുറെ നായകന്മാർ. എന്തുതരം പടങ്ങൾക്കാണ് അവർ പണം മുടക്കുക. പ്രണവം ആർട്‌സിനുവേണ്ടി മോഹൻലാൽ നിർമ്മിച്ച കുറച്ചു നല്ല പടങ്ങൾ ഒഴിച്ചാൽ ബാക്കിയുള്ള താരനിർമ്മാണപടങ്ങളെല്ലാം 'എന്റെ തല എന്റെ ഫുൾ ഫിഗർ' മോഡലിൽ അല്ലായിരുന്നോ. ആന്റോ ജോസഫും, ആന്റണി പെരുമ്പാവൂരുമൊക്കെ കോടികൾ പൊടിച്ചുണ്ടാക്കുന്ന ചവറുകൾ കാണുമ്പോഴാണ് ധനൂഷിനെയൊക്കെ നമിച്ചുപോവുക!