ചെന്നൈ: നാഗപട്ടണം ജില്ലയിലെ രാജഗോപാലസ്വാമി ക്ഷേത്രത്തിൽ നിന്ന് 42 വർഷം മുമ്പ് കാണാതായ മൂന്ന് വിഗ്രഹങ്ങൾ കണ്ടെത്തി. തമിഴ്‌നാട്ടിലെ അനന്തമംഗലത്ത് സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമാണ് രാജഗോപാലസ്വാമി ക്ഷേത്രം.

മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങൾ കണ്ടെത്തിയത് ലണ്ടനിൽ നിന്നാണ്. ഇവ ശനിയാഴ്ച ചെന്നൈയിൽ എത്തിച്ചതായി അധികൃതർ വ്യക്തമാക്കി.1978ലാണ് നാല് വെങ്കല വിഗ്രഹങ്ങൾ മോഷ്ടിക്കപ്പെട്ടത്. രാമന്റെയും, സീതയുടെയും, ലക്ഷ്മണന്റെയും, ഹനുമാന്റെയും വിഗ്രഹങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ഇതിൽ മൂന്നെണ്ണമാണ് തിരികെ ലഭിച്ചത്.

മോഷണത്തെ തുടർന്ന് പൊറയാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിഗ്രഹങ്ങൾ കണ്ടെത്താനായിരുന്നില്ല.അന്താരാഷ്ട്ര വിപണിയിൽ പുരാതന വസ്തുക്കളുടെ വ്യാപാരം നിയന്ത്രിക്കുന്ന സിംഗപൂർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് വിഗ്രഹങ്ങളെ സംബന്ധിച്ച വിവരങ്ങൾ നൽകിയത്.സെപ്റ്റംബറിൽ ലണ്ടനിലെ പുരാതന വസ്തുക്കൾ ശേഖരിക്കുന്ന ഒരു ആളിൽ നിന്നാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്.