തിരുവനന്തപുരം: കേരളത്തിലും കോവിഡ് രോഗവ്യാപന തോത് ഉയരാൻ തുടങ്ങിയതോടെ തമിഴ്‌നാട്ടിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച്സർക്കാർ. മാസ്്ക് വയ്ക്കാത്തവർക്ക് പിഴ ഉയർത്തിയതടക്കം നിയന്ത്രണങ്ങൾ ശക്തമാക്കി.വിനോദസഞ്ചാര കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന നീലഗിരി ജില്ലയിലുൾപ്പെടെ മാസ്‌ക് ധരിക്കാതെ പിടിക്കപ്പെടുന്നവർക്കുള്ള പിഴത്തുക ഉയർത്തി തമിഴ്‌നാട് സർക്കാർ . മാസ്‌ക് ധരിച്ചില്ലെങ്കിൽ അഞ്ഞൂറ് രൂപയായിരിക്കും ഇനിമുതൽ പിഴ നൽകേണ്ടി വരിക. നേരത്തെ ഇത് 200 രൂപയായിരുന്നു. കോവിഡ് കേസുകൾ കൂടിയതോടെയാണ് പിഴ തുക ഉയർത്തി അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചത്.

തമിഴ്‌നാട് സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർക്കെല്ലാം നീലഗിരിയിലേക്ക് പ്രവേശിക്കണമെങ്കിൽ രണ്ടു ഡോസ് വാക്സിനെടുത്തുവെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.ജില്ലാ കലക്ടർ എസ്‌പി. അമൃതാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അതേ സമയം കോവിഡ് നിയന്ത്രണ വിധേയമായതോടെ തുറന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഓമിക്രോൺ വ്യാപനമുണ്ടെങ്കിൽ പോലും അടച്ചിടുന്നതിന് കുറിച്ച് ഇതുവരെ സർക്കാർ തീരുമാനമെടുത്തിട്ടില്ല.

ഹോർട്ടികൾച്ചറൽ പാർക്കുകളും ബോട്ട് ഹൗസുകളും ഉൾപ്പെടെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലും സമയ നിയന്ത്രണം പ്രഖ്യാപിച്ചുള്ള പ്രവേശനം തുടരും. ഒമ്പതുമുതൽ മൂന്നുമണിവരെ മാത്രമാണ് പ്രവർത്തനം. രണ്ടുഡോസ് വാക്‌സിനെടുത്ത വിനോദ സഞ്ചാരികളെ മാത്രമേ അനുവദിക്കൂ. വിനോദ സഞ്ചാരികൾ ഏറെ എത്തുന്നുവെന്നതിനാൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

ജില്ലാ അതിർത്തിയിലെ നാടുകാണി, എരുമാട്, കാക്കനല്ല എന്നിവയുൾപ്പെടെ എട്ടു ചെക്ക് പോസ്റ്റുകളിൽ വാക്സിനേഷൻ സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ആദ്യഡോസ് എടുത്തവരും രണ്ടാഡോസിന് സമയമായവർക്കും സംസ്ഥാനത്തേക്ക് പ്രവേശനം നൽകുന്നതിനാണിത്

ഓമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമുണ്ട്. വെള്ളിയാഴ്‌ച്ച മുതൽ ചൊവ്വ വരെ ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ കഴിയില്ല. തൊട്ടുമുമ്പ് മൂന്ന് ദിവസം മാത്രമായിരുന്ന നിയന്ത്രണമാണ് ഇപ്പോൾ അഞ്ച് ദിവസമായി ദീർഘിപ്പിച്ചിരിക്കുന്നത്. രാത്രി പത്ത് മണി മുതൽ പുലർച്ചെ അഞ്ച് മണിവരെ രാത്രികാല കർഫ്യൂ തുടരും. ഇത് ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്.