തൃശ്ശൂർ: കേരളത്തിനെ വീണ്ടും ആശങ്കയിലാക്കിക്കൊണ്ട് തമിഴ്‌നാട്ടിലെ അഞ്ച് ഡാമുകൾ നിറഞ്ഞ് കവിഞ്ഞ് തുളുമ്പാറായി നിൽക്കുന്നു. തുലാവർഷം ശക്തമായാൽ ഈ ഡാമുകളിൽ നിന്നും നിറഞ്ഞൊഴുകുന്ന വെള്ളം എത്തിച്ചേരുക കേരളത്തിലേക്ക് തന്നെ. ഇങ്ങനെ സംഭവിച്ചാൽ കേരളം നേരിടേണ്ടി വരുന്നത് മറ്റൊരു വൻ പ്രളയത്തെ തന്നെ.

പറമ്പിക്കുളം, അപ്പർ ഷോളയാർ, തൂണക്കടവ്, അപ്പർ നിരാർ, ലോവർ നിരാർ എന്നീ അണക്കെട്ടുകളാണ് കേരളത്തിനെ വീണ്ടും ആശങ്കയിലാക്കിക്കൊണ്ട് സംഭരണശേഷിയുടെ നൂറു ശതമാനത്തിനടുത്ത് നിറച്ചിരിക്കുന്നത്. തുലാവർഷത്തിൽ ഇവ തുറന്നാൽ കേരളത്തിലെ നാലുജില്ലകൾ വെള്ളപ്പൊക്കത്തിലാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ തുലാമഴ ശരാശരി പെയ്താൽപ്പോലും തമിഴ്‌നാട്ടിലെ ഡാമുകൾ തുറക്കേണ്ടിവരും. ഇങ്ങനെ സംഭവിച്ചാൽ അത് ബാധിക്കുക കേരളത്തെ തന്നെയായിരിക്കും.

കഴിഞ്ഞ പ്രളയത്തിൽ തമിഴ്‌നാട് അഞ്ച് അണക്കെട്ടുകളും പൂർണമായും തുറന്നിരുന്നു. തൃശ്ശൂർ, പാലക്കാട് ജില്ലകളിലുണ്ടായ പ്രളയത്തിനു കാരണവും ഇവ തുറന്നുവിട്ടതാണ്. ഇതിനുപുറമേ കേരളത്തിന്റെ ഷോളയാർ ഡാമും 99 ശതമാനം നിറഞ്ഞ സ്ഥിതിയിലാണ്. ഇവയെല്ലാം തുലാവർഷത്തിൽ ഒരുമിച്ച് തുറന്ന് വിട്ടാൽ കേരളം നേരിടേണ്ടി വരുന്നത് മറ്റൊരു പ്രളയം തന്നെയായിരിക്കും.

കാലവർഷ സമയത്ത് അണക്കെട്ടുകളിൽ 70 ശതമാനവും തുലാവർഷത്തിൽ 30 ശതമാനവും വെള്ളം ലഭിക്കുമെന്നാണ് കണക്ക്. ഇതനുസരിച്ച് കാലവർഷത്തിനുശേഷം 70-80 ശതമാനംവരെയേ ജലനിരപ്പ് നിർത്താറുള്ളൂ. കൂടുതലുള്ള വെള്ളം വൈദ്യുതി ഉത്പാദനം കൂട്ടിയോ ഒഴുക്കിവിട്ടോയാണ് ജലനിരപ്പ് നിയന്ത്രിക്കുക. അതിനാൽ അടിയന്തിരമായി കേരള സർക്കാർ ഇടപെട്ട് തമിഴ്‌നാടുമായി സംസാരിച്ച് ഇതിൽ വ്യക്തത വരുത്തേണ്ടതാണ്.ഇല്ലെങ്കിൽ ഇത് നമുക്ക് വരുത്തി വയ്ക്കുക വൻ നാശനഷ്ടം തന്നെയായിരിക്കും.

കേരള-തമിഴ്‌നാട് സർക്കാരുകൾ ചർച്ചചെയ്ത് കേരളത്തിലേക്ക് തുറക്കുന്ന തമിഴ്‌നാട് ഡാമുകളിൽ ജലനിരപ്പ് കുറയ്ക്കണം. വൈദ്യുതി ഉത്പാദനം കൂട്ടുകയോ ഘട്ടംഘട്ടമായി വെള്ളം തുറന്നുവിട്ടോ ഇത് ചെയ്യാവുന്നതാണ്. പെരിങ്ങൽക്കുത്തിൽനിന്ന് ഇടമലയാറിലേക്ക് നിലവിൽ വെള്ളം തിരിച്ചുവിടുന്നത് പൈപ്പുകൾ വഴിയാണ്. പ്രളയകാലത്ത് ഈ പൈപ്പുകളിൽ മരങ്ങൾ വന്നടിഞ്ഞതുമൂലം ഒഴുക്ക് തടസ്സപ്പെട്ടു. പെരിങ്ങൽ കവിഞ്ഞൊഴുകാനുള്ള കാരണങ്ങളിൽ ഒന്ന് ഇതാണ്. വാച്ചുമരത്ത് പൈപ്പുകൾക്ക് പകരം ആവശ്യാനുസരണം നിയന്ത്രിക്കാവുന്ന ഷട്ടറുകൾ നിർമ്മിച്ചാൽ തടസ്സങ്ങൾ ഇല്ലാതെ വെള്ളം ഒഴുക്കിവിടുന്നതിന് എളുപ്പമാകും.

വെള്ളമൊഴുകുന്നതിങ്ങനെ
* അപ്പർ നിരാറിൽനിന്നും ലോവർ നിരാറിൽനിന്നും അപ്പർ ഷോളയാറിലേക്ക് പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളമെത്തിക്കുന്നു

* മലയുടെ ചെരിവനുസരിച്ച് ഈ അണക്കെട്ടുകൾ നിറഞ്ഞ് തുറന്നുവിടേണ്ടിവന്നാൽ വെള്ളം നേരെ ഇടമലയാറിലേക്ക്

* അവിടെനിന്ന് പെരിയാർവാലിയിലേക്കും.

* അപ്പർ ഷോളയാറിലാണ് രണ്ട് പവർഹൗസുകളിലായി വൈദ്യുതി ഉത്പാദനമുള്ളത്. ഷോളയാർ പവർഹൗസ് ഒന്നിൽനിന്നുള്ള വെള്ളം, പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം കേരളത്തിന്റെ ഷോളയാറിലേക്ക് ഒഴുക്കുന്നു.

* പവർഹൗസ് രണ്ടിൽനിന്നുള്ള വെള്ളം, പറമ്പിക്കുളം അണക്കെട്ടിലേക്കാണ് വൈദ്യുതി ഉത്പാദനത്തിനുശേഷം എത്തിക്കുന്നത്. ഇവിടെനിന്ന് പെരിങ്ങൽക്കുത്തിലേക്ക് വെള്ളമൊഴുക്കിക്കളയാനുള്ള വഴിയുണ്ട്.

* പറമ്പിക്കുളത്തുനിന്ന് തൂണക്കടവ് ഡാമിലേക്കും വെള്ളമെത്തുന്നു. ഇവിടെനിന്നുമുണ്ട് പെരിങ്ങൽക്കുത്തിലേക്കൊരു ജലപാത.

* ചുരുക്കത്തിൽ തമിഴ്‌നാട് ഡാമുകൾ നിറഞ്ഞാൽ 90 ശതമാനം വെള്ളവും പെരിങ്ങൽക്കുത്ത് ഡാമാണ് ഏറ്റുവാങ്ങേണ്ടിവരിക.

* പെരിങ്ങൽക്കുത്ത് നിറയാൻ തുടങ്ങിയാൽ അണക്കെട്ട് തുറക്കുന്നതിനൊപ്പം വെള്ളം ഇടമലയാറിലേക്കൊഴുക്കും.

* പെരിങ്ങലിൽ ജലനിരപ്പ് 422.5 മീറ്ററെത്തിയാൽ ഇരു അണക്കെട്ടുകൾക്കും ഇടയിലുള്ള വാച്ചുമരം വഴിയാണ് വെള്ളമൊഴുക്കുക.

* നിലവിൽ 85 ശതമാനം നിറഞ്ഞ അവസ്ഥയിലുള്ള ഇടമലയാർ ഇതോടെ തുറക്കേണ്ട അവസ്ഥയിലാകും.

* പെരിങ്ങലും ഇടമലയാറും തുറന്നാൽ തൃശ്ശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ വെള്ളപ്പൊക്കത്തിന് കാരണമാകും.

* പറമ്പിക്കുളത്തുനിന്നും തൂണക്കടവുനിന്നും വെള്ളമെത്തുന്ന ആളിയാർ അണക്കെട്ട് നിറയുന്നതോടെ വെള്ളമെത്തുന്നത് ഭാരതപ്പുഴയിലേക്കാണ്.

* ഇത്തരത്തിൽ മലമ്പുഴ ഡാം നിറഞ്ഞതോടെയാണ് ചരിത്രത്തിൽ ആദ്യമായി പാലക്കാട് നഗരം ഈ പ്രളയത്തിൽ വെള്ളത്തിലായത്.