- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളലുകളില്ല; ജലനിരപ്പ് 142 അടിയാക്കാൻ അനുവദിക്കണം'; പുതിയ മറുപടി സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിച്ച് തമിഴ്നാട് സർക്കാർ; കേരളം ഉയർത്തുന്നത് അനാവശ്യ ആശങ്കയെന്ന് വിമർശനം
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളലുകളില്ലെന്നും പരമാവധി ജലനിരപ്പ് 142 അടിയാക്കാൻ അനുവദിക്കണമെന്നും തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ. ഇത് സംബന്ധിച്ച പുതിയ മറുപടി സത്യവാങ്മൂലം സുപ്രീം കോടതിയിൽ തമിഴ്നാട് സർക്കാർ ഫയൽ ചെയ്തു.
ഭൂചലനങ്ങൾ കാരണം അണക്കെട്ടിന് വിള്ളലുകൾ ഉണ്ടായിട്ടില്ല. അണക്കെട്ടിന്റെ അന്തിമ റൂൾ കെർവ് തയ്യാറായിട്ടില്ലെന്ന കേരളത്തിന്റെ വാദം തെറ്റെന്നും തമിഴ്നാട് കോടതിയിൽ അറിയിച്ചു. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാക്കാൻ അനുവദിക്കണമെന്നാണ് തമിഴ്നാട് സർക്കാരിന്റെ ആവശ്യം.
ഹർജികാരനായ ജോ ജോസഫ് ഫയൽ ചെയ്ത സത്യവാങ്മൂലത്തിനുള്ള മറുപടിയാണ് തമിഴ്നാട് സർക്കാർ ഫയൽ ചെയ്ത പുതിയ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചെറിയ ഭൂചലങ്ങൾ കാരണം അണക്കെട്ടിൽ വിള്ളലുകൾ ഉണ്ടായിട്ടുണ്ടെന്നാണ് ജോ ജോസഫ് ആരോപിച്ചിരുന്നത്. എന്നാൽ ഈ ആരോപണം തെറ്റാണെന്ന് തമിഴ് നാട് സർക്കാർ മറുപി സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അണക്കെട്ടിന്റെ അന്തിമ റൂൾ കെർവ് തയ്യാറായിട്ടില്ല എന്ന കേരളത്തിന്റെ വാദം തെറ്റാണെന്നും തമിഴ്നാട് സർക്കാർ മറുപടി സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. കേരളത്തിന്റെയും, തമിഴ്നാടിന്റെയും അഭിപ്രായം കേട്ട ശേഷം കേന്ദ്ര ജലകമ്മീഷൻ റൂൾ കെർവ് തയ്യാറാക്കിയിട്ടുണ്ട്. ഇത് അനുസരിച്ച് ആണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുന്നത് എന്നും തമിഴ്നാട് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിനെ ചൊല്ലി കേരളം ഉയർത്തുന്നത് അനാവശ്യ ആശങ്കയാണെന്ന് തമിഴ്നാട് സർക്കാർ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അണക്കെട്ടിന് ബലക്ഷയമില്ലെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ട്.
2006 ലും 2014 ലും അത് സുപ്രീം കോടതി തന്നെ അംഗീകരിച്ചതാണ്. അതിനാൽ 142 അടിയായി ജലനിരപ്പ് ഉയർത്താൻ അനുവദിക്കണമെന്നും തമിഴ്നാട് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ബേബി അണക്കെട്ട് ബലപ്പെടുത്താനും അതിനായി മരം മുറിക്കാനും നൽകിയ അനുമതി കേരളം റദ്ദാക്കി. ഇത് കേരളത്തിന്റെ ഇരട്ടത്താപ്പാണെന്നും ഏഴ് കൊല്ലമായി ബേബി അണക്കട്ട് ബലപ്പെടുത്തൽ കേരളം തടസ്സപ്പെടുത്തുകയാണന്നും സുപ്രീം കോടതിയിൽ മുൻപ് നൽകിയ സത്യവാംങ്മൂലത്തിൽ തമിഴ്നാട് സർക്കാർ ആരോപിച്ചിരുന്നു.
തമിഴ്നാടിന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ സമയം നൽകണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് നവംബർ 22 ലേക്ക് കേസ് മാറ്റിയിരുന്നു. അതുവരെ ഒക്ടോബർ 28 ലെ ഉത്തരവ് അനുസരിച്ചുള്ള ഇടക്കാല സംവിധാനം തുടരുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
അണക്കെട്ടിലെ ചോർച്ചയെ കുറിച്ചുള്ള കണക്കുകൾ വെളിപ്പെടുത്താൻ തമിഴ്നാടിനോട് ആവശ്യപ്പെടണമെന്ന പെരിയാർവാലി പ്രൊട്ടക്ഷൻ മൂവ്മെന്റിന്റെ ആവശ്യം പരിശോധിക്കാമെന്ന് കോടതി അറിയിച്ചു. ഇത്തരം ഹർജികൾ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണത്തിന് വേണ്ടിയാണെന്നും ഒന്നിനുപുറകെ ഒന്നായി ഹർജികൾ നൽകി ഉപദ്രവിക്കുകയാണെന്നും തമിഴ്നാട് വാദിച്ചിരുന്നു. ഈ വാദത്തോട് വിയോജിച്ച കോടതി പുതിയ വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തേണ്ടിവരുമെന്ന് വ്യക്തമാക്കിയിരുന്നു. അതേ സമയം മുല്ലപ്പെരിയാർ അണക്കട്ടിലെ ജലനിരപ്പ് 140.85 അടിയായി കുറഞ്ഞതിനെ തുടർന്ന് തുറന്ന രണ്ടു ഷട്ടറുകൾ അടച്ചിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്കു നിയന്ത്രിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെന്ന് കേരളത്തിന് അയച്ച കത്തിലും തമിഴ്നാട് ഉറപ്പു നൽകിയിരുന്നു. ഘടനാപരമായും ഭൂമിശാസ്ത്രപരമായും അണക്കെട്ടിനു ബലക്ഷയമില്ലെന്നും സുപ്രീം കോടതി ഉത്തരവുകളും മാർഗനിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്നുമാണ് തമിഴ്നാട് ചീഫ് സെക്രട്ടറി വി.ഇരൈയൻപ് കേരള ചീഫ് സെക്രട്ടറി വി.പി.ജോയിക്ക് അയച്ച കത്തിൽ പറയുന്നത്.
നിലവിലെ റൂൾ കർവ് അനുസരിച്ച് ഈ മാസം 20 വരെ ജലനിരപ്പ് 141 അടിയാക്കാൻ സാധിക്കും. സെക്കൻഡിൽ 2300 ഘനയടി വെള്ളം വൈഗ അണക്കെട്ടിലേക്കു കൊണ്ടുപോകുന്നുണ്ട്. നിലവിൽ 140.55 അടി വെള്ളമാണ് മുല്ലപ്പെരിയാറിലുള്ളത്. തമിഴ്നാട് കൊണ്ടുപോകുന്നതിന്റെ ഇരട്ടിയിലധികം വെള്ളം ഒഴുകിയെത്തുന്നു. ഷട്ടറുകൾ തുറക്കേണ്ട ആവശ്യമില്ലെന്നാണ് നിലവിൽ തമിഴ്നാടിന്റെ വിലയിരുത്തൽ.
ന്യൂസ് ഡെസ്ക്