ചെന്നൈ: സംസ്ഥാന സർക്കാരുകളുടെ ജനപ്രിയ സൗജന്യ പദ്ധതികൾ വലിയ ബാധ്യതയ്ക്ക് ഇടയാക്കുന്നുവെന്ന ഉന്നത കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ നിരീക്ഷണങ്ങളെ നിരാകരിച്ച് തമിഴ്‌നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ നടത്തിയ പരാമർശങ്ങൾ വൈറലാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയിലായിരുന്നു ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചത്. സാമ്പത്തിക നിയന്ത്രണം ഉണ്ടായില്ലെങ്കിൽ ശ്രീലങ്കയിലെയും ഗ്രീസിലെയും സാഹചര്യം രാജ്യത്തുണ്ടാകുമെന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് തള്ളിയാണ് തമിഴ്‌നാട് ധനമന്ത്രിയുടെ പ്രതികരണം.

എന്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരുകൾ അവരുടെ നയം മാറ്റേണ്ടതെന്ന് പളനിവേൽ ചോദിച്ചു. 'ഒന്നുകിൽ നിങ്ങൾ പറയുന്നതിന് ഒരു ഭരണഘടനാ അടിസ്ഥാനം ഉണ്ടായിരിക്കണം. അങ്ങനെയെങ്കിൽ നിങ്ങൾ പറയുന്നത് ഞങ്ങൾ കേൾക്കും. അതല്ലെങ്കിൽ നിങ്ങൾക്ക് പ്രത്യേക വൈദഗ്ധ്യം ഉണ്ടായിരിക്കണം. അതുമല്ലെങ്കിൽ നിങ്ങൾക്ക് സാമ്പത്തിക ശാസ്ത്രത്തിൽ ഇരട്ട പിഎച്ച്ഡിയോ ഒരു നോബേൽ സമ്മാനമെങ്കിലും ഉണ്ടായിരിക്കണം.' പളനിവേൽ ത്യാഗരാജൻ പറഞ്ഞു.

മേൽപ്പറഞ്ഞ ഗുണങ്ങളില്ലെങ്കിൽ നിങ്ങൾക്ക് ഒരു നല്ല പെർഫോമൻസ് ട്രാക്ക് റെക്കോർഡ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ സമ്പദ് വ്യവസ്ഥയെ ഗുണകരമായ രീതിയിൽ വളർത്തിയിരിക്കണം. അതുമല്ലെങ്കിൽ ആളോഹരി വരുമാനം വർദ്ധിപ്പിച്ച് കടങ്ങൾ കുറയ്ക്കണം. ഇതൊന്നും അല്ലെങ്കിൽ മറ്റൊരാളുടെ അഭിപ്രായം എന്തിന് കേൾക്കണമെന്ന് പളനിവേൽ ചോദിക്കുന്നു. തമിഴ്‌നാട് ധനമന്ത്രിയുടെ പ്രതികരണം സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ചർച്ചയാകുകയാണ്.

തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനങ്ങൾ നൽകുന്നത് വിലക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടികുന്നു. പൊതുപണം ചെലവഴിക്കുന്നത് ശരിയായ മാർഗത്തിലാണോയെന്നതിൽ ആശങ്കയുണ്ടെന്നും സൗജന്യ ക്ഷേമ പദ്ധതികൾ എന്തൊക്കെയെന്നതിൽ നിർവചനം ആവശ്യമാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. വിഷയം സംബന്ധിച്ച് കഴിഞ്ഞ ഒരു ദേശീയ മാധ്യമത്തിൽ നടത്തിയ ചർച്ചയിലാണ് തമിഴ്‌നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ വിമർശിച്ചത്.

കേന്ദ്രവുമായി താരതമ്യപ്പെടുത്തുമ്പോൾ തമിഴ്‌നാട് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഖജനാവിലേക്ക് കൂടുതൽ സംഭാവന നൽകുന്നുണ്ട്. ഇതിൽ കൂടുതൽ എന്താണ് വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഇതെല്ലാം പരിഗണിക്കുമ്പോൾ കേന്ദ്രത്തിനു വേണ്ടി തങ്ങൾ എന്തിനാണ് നയം മാറ്റേണ്ടതെന്ന് തമിഴ്‌നാട് ധനമന്ത്രി ചോദിക്കുന്നു.

ചുരുക്കം നാളുകൾ കൊണ്ട് തമിഴ്‌നാടിന്റെ സാമ്പത്തിക മേഖല കൈവരിച്ച നേട്ടങ്ങളാണ് തമിഴ്‌നാട് ധനമന്ത്രിയുടെ ചോദ്യങ്ങൾക്ക് പിന്നിൽ കരുത്താകുന്നത്. രാജ്യത്ത് 41 പ്രത്യേക സാമ്പത്തിക മേഖലകൾ (സെസ്) പ്രവർത്തിക്കുന്ന ഏക സംസ്ഥാനമാണു തമിഴ്‌നാട്. ഡിഎംകെ അധികാരത്തിലെത്തിയ ശേഷം 132 കമ്പനികളുമായാണു ധാരണാപത്രം ഒപ്പിട്ടത്. 95,000 കോടി രൂപയുടെ നിക്ഷേപവും രണ്ടു ലക്ഷത്തിലധികം പേർക്കു തൊഴിലവസരങ്ങളും ഉണ്ടായി. വ്യവസായ വകുപ്പിന്റെ കണക്കനുസരിച്ച്, വാഹനം മുതൽ വിമാനഘടകങ്ങൾ വരെ ഉൽപാദിപ്പിക്കുന്ന 37,220ൽ ഏറെ വ്യവസായശാലകളുണ്ട് തമിഴ്‌നാട്ടിൽ.

എന്തുകൊണ്ടു നിക്ഷേപത്തിനായി തമിഴ്‌നാട് തിരഞ്ഞെടുത്തു എന്ന ചോദ്യവുമായി കമ്പനികളെ സമീപിച്ച വ്യവസായ വകുപ്പിനോട് 'കേൾക്കാനുള്ള മനസ്സും പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സന്നദ്ധതയും അധികാരികൾക്കുണ്ട്' എന്ന മറുപടിയാണ് അവർ നൽകിയത്.

വ്യവസായ പ്രോത്സാഹന പാക്കേജുകൾ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ തമിഴ്‌നാട് തീരുമാനങ്ങളെടുക്കുന്നതു വേഗത്തിലാണ്. കോവിഡ് പ്രതിസന്ധി പുതിയ വ്യവസായങ്ങളുടെ പ്രസക്തി കൂട്ടി. സമ്പദ്വ്യവസ്ഥ ഉലയരുതെന്ന കാഴ്ചപ്പാട് കാര്യക്ഷമതയും വർധിപ്പിച്ചു. ഇപ്പോൾ തമിഴ്‌നാട്ടിലേക്കു വരുന്നതിലേറെയും ഭാവിയിൽ കൂടുതൽ പച്ചപിടിക്കാവുന്ന വ്യവസായങ്ങളും നിക്ഷേപങ്ങളുമാണെന്നതു ശ്രദ്ധേയമാണ്. സെമി കണ്ടക്ടറുകളും ചിപ്പുകളും മൊബൈൽ ഫോൺ ഘടകങ്ങളും തുടങ്ങി വൈദ്യുത വാഹനം വരെ നിർമ്മിക്കുന്ന വൻകിടക്കാരുമായി അവർ ധാരണയായിക്കഴിഞ്ഞു.

സാമ്പത്തിക ശാസ്ത്രത്തിലെ ഉന്നത ബിരുദവും മികച്ച കരിയറുമാണ് തമിഴ്‌നാട് ധനമന്ത്രിയുടെ കൈമുതൽ. ആഗോള കോർപ്പറേറ്റ് കമ്പനി മേധാവിയുടെ യോഗ്യതകളെപ്പോലും വെല്ലുവിളിക്കാൻ പോന്നതാണ് ധനമന്ത്രി പളനിവേൽ ത്യാഗരാജന്റെ പ്രൊഫൈൽ. തിരുച്ചി എൻഐടിയിൽ നിന്ന് എൻജിനീയറിങ് ബിരുദം. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സ്ലോൻ സ്‌കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് എംബിഎ.ന്യൂയോർക്ക് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്. പ്രഫഷണൽ കരിയറിന്റെ തുടക്കം അമേരിക്കയിലെ ലീമാൻ ബ്രദേഴ്സിൽ.

പിന്നീട് സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ മാനേജിങ് ഡയറക്ടർ. ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്ങിൽ നിന്നും രാഷ്ട്രീയത്തിലെത്തി പുതു പ്രതീക്ഷയാകുകയാണ് ത്യാഗരാജൻ. 2015ലാണ് പളനിവേൽ ത്യാഗരാജൻ ദ്രാവിഡ മുന്നേറ്റ കഴകത്തിലൂടെ തമിഴ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. കോർപ്പറേറ്റ് പ്രൊഫഷണൽ ആയിരുന്നെങ്കിലും രാഷ്ട്രീയത്തിലേക്കുള്ള പളനിവേലിന്റെ പ്രവേശനം യാദൃശ്ചികമായിരുന്നില്ല.

പരമ്പരാഗത രാഷ്ട്രീയ കുടുംബത്തിൽ പിറന്ന പളനിവേലിന്റെ അച്ഛനും മുത്തച്ഛനുമെല്ലാം രാഷ്ട്രീയക്കാർ ആയിരുന്നു. 2006ൽ മരിച്ച പിതാവ് പി ടി ആർ പളനിവേൽ രാജൻ ഡിഎംകെയുടെ പ്രധാന നേതാവും തമിഴ്‌നാട് നിയമസഭയിൽ സ്പീക്കറും മന്ത്രിയുമൊക്കെയായിരുന്നു. മുത്തച്ഛൻ പി ടി രാജൻ ആകട്ടെ 1936ൽ മദ്രാസ് പ്രവിശ്യയുടെ മുഖ്യമന്ത്രിയും ജസ്റ്റീസ് പാർട്ടിയുടെ നേതാവുമായിരുന്നു.

തന്റെ ഇരുപതുകളിൽ പിതാവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടുകൾ കൈകാര്യം ചെയ്തുകൊണ്ടായിരുന്നു പളനിവേൽ രാഷ്ട്രീയത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്. 1996ൽ ഡിഎംകെ സ്ഥാനാർത്ഥി ആയെങ്കിലും വീണ്ടും മൂന്ന് ദശാബ്ദങ്ങൾ കൂടി കഴിഞ്ഞു ഔദ്യോഗികമായി പാർട്ടിയിൽ അംഗത്വമെടുക്കാൻ. 20 വർഷത്തോളം യുഎസിലും സിംഗപ്പൂരിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും ഇൻവെസ്റ്റ്മെന്റ് ബാങ്കറായി പളനിവേൽ ജോലി ചെയ്തു.

2001-2008 കാലഘട്ടത്തിൽ പളനിവേൽ ലീമാൻ ബ്രദേഴ്സിൽ ജോലി ചെയ്യുമ്പോഴാണ് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരവാദികൾ ആക്രമിക്കുന്നത്. അതേ കെട്ടിടത്തിൽ ജോലിചെയ്തിരുന്ന പളനിവേൽ അത്ഭുതകരമായാണ് അന്ന് രക്ഷപ്പെട്ടത്. 2006ൽ പിതാവ് മരണപ്പെട്ടപ്പോൾ ഇന്ത്യയിൽ തിരിച്ചെത്തി തിരഞ്ഞെടുപ്പിൽ മത്സരിക്കാനും മന്ത്രിസഭയിൽ ചേരാനും കരുണാനിധി പളനിവേലിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഭാര്യ മാർഗരറ്റ് ഗർഭിണി ആയിരുന്നതിനാൽ ആ സമയത്ത് പളനിവേൽ കരുണാനിധിയുടെ ഓഫർ നിരസിച്ചു. 2011ൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തിയെങ്കിലും സ്റ്റാലിൻ അഴഗിരി വഴക്കിനെ തുടർന്ന് ആ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റ് ലഭിച്ചില്ല. 2016 ലും 2021 ലും മധുരൈ സെൻട്രൽ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് പളനിവേൽ സഭയിൽ എത്തിയത്.