ചെന്നൈ: കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാരും. രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ പേരിൽ അഞ്ച് ലക്ഷം രൂപ വീതം സ്ഥിരനിക്ഷേപം ആരംഭിക്കുമെന്നും വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു.

അഞ്ചുലക്ഷം സ്ഥിരനിക്ഷേപം കുട്ടികൾക്ക് 18 വയസ്സ് പൂർത്തിയവുമ്പോൾ പിൻവലിക്കാം. ബിരുദം വരെ ഇവരുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ വഹിക്കും. സർക്കാർ നടത്തുന്ന അഗതി കേന്ദ്രങ്ങളിൽ ഇത്തരം കുട്ടികൾക്ക് താമസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാതാവോ പിതാവോ ഏതെങ്കിലും ഒരാൾ മരിച്ചുപോയ കുട്ടികൾക്ക് മൂന്ന് ലക്ഷം രൂപ സാമ്പത്തിക സഹായം നൽകും. സർക്കാർ വക അനാഥാലയങ്ങളിൽ താമസിക്കാത്ത, ബന്ധുക്കളുടേയോ മറ്റോ കൂടെ താമസിക്കുന്നവർക്ക് പ്രതിമാസം 3000 രൂപ വീതം നൽകാനാണ് തീരുമാനം. ഇവർക്ക് സർക്കാർ പദ്ധതികളിൽ മുൻഗണന നൽകും.

എല്ലാ ജില്ലകളിലും ഇത്തരം കുട്ടികളുടെ കാര്യങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് തീരുമാനം. കുട്ടികളുടെ പഠനം, സ്പോൺസർഷിപ്പ്, സുരക്ഷ, വളർച്ച എന്നിവ പ്രത്യേക സംഘമാവും നിരീക്ഷിക്കുക.

കേരളം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സാമ്പത്തിക സഹായവും സുരക്ഷയും ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം കുട്ടികൾക്ക് മൂന്ന് ലക്ഷം രൂപ സ്ഥിരനിക്ഷേപമായി നൽകുമെന്നാണ് കേരളസർക്കാർ പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ ചെലവുകളും സർക്കാർ വഹിക്കും