ന്യൂഡൽഹി: കേരളമടക്കം നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും അടുത്ത വർഷം ഏപ്രിൽ, മെയ് മാസങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. തമിഴ്‌നാട്, അസ്സം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുമാണ് അടുത്ത വർഷം മധ്യത്തോടെ പോളിങ് ബൂത്തിലേക്ക് പോകുന്നത്.

മെയ് 24നകം തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. തമിഴ്‌നാട്ടിലുണ്ടായ പ്രളയത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന ആവശ്യം തമിഴ്‌നാട് സർക്കാരിൽ നിന്നോ പാർലമെന്റ് അംഗങ്ങളിൽ നിന്നോ ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഈ തീരുമാനമെന്നാണ് വിശദീകരണം. കമ്മിഷനിലെ മുതിർന്ന ഓഫീസർ ഒരു ഇംഗ്ലീഷ് ദിനപത്രത്തോടാണ് ഇക്കാര്യങ്ങൾ പങ്കുവച്ചത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾക്കായി തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങൾ സംസ്ഥാനങ്ങളിൽ സന്ദർശനം ആരംഭിച്ചു കഴിഞ്ഞു. ബംഗാൾ സന്ദർശനം പൂർത്തിയാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ നസീം സെയ്ദിയും കമ്മിഷൻ അംഗങ്ങളായ അചൽ കുമാർ ജ്യോതി, ഒ.പി റാവത്ത് എന്നിവർ തിങ്കളാഴ്ച അസ്സമിലെത്തും. അടുത്ത രണ്ടു മൂന്ന് ആഴ്ചകൾക്കുള്ളിൽ മറ്റു സംസ്ഥാനങ്ങളിലും സന്ദർശനം പൂർത്തിയാക്കും. ഇതിനു ശേഷമായിരിക്കും അന്തിയ ഷെഡ്യൂൾ തീരുമാനിക്കുക.

കേരളത്തിൽ മെയ്‌ ആദ്യവാരം തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. സാധാരണ ഗതിയിൽ രണ്ട് ഘട്ടമായിട്ടാകും വോട്ടെടുപ്പ്. മെയ്‌ പത്തോടെ വോട്ടെണ്ണൽ നടക്കാനാണ് സാധ്യത.