പാലക്കാട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാളയാർ അതിർത്തിയിൽ തമിഴ്‌നാട് വീണ്ടും പരിശോധന തുടങ്ങി. കഴിഞ്ഞമാസം കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ വാളയാർ അതിർത്തി കടന്നെത്തുന്ന മലയാളികൾ ഇ-പാസ് നിർബന്ധമായി കരുതണമെന്ന് കോയമ്പത്തൂർ കലക്ടർ നിർദേശിച്ചിരുന്നു.

ഇരു സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായതോടെ ഒരാഴ്ചയായി മുടങ്ങി കിടന്ന പരിശോധനയാണ് വീണ്ടും തുടങ്ങിയത്. വാഹനങ്ങളിൽ എത്തുന്നവരുടെ ഇ-പാസ് പരിശോധനയാണ് നടക്കുന്നത്.

വാളയാർ അതിർത്തി കടന്നെത്തുന്ന മലയാളികൾ ഇ-പാസ് എടുത്തിരിക്കണമെന്ന കോയമ്പത്തൂർ കലക്ടറുടെ ഉത്തരവിൽ 72 മണിക്കൂർ മുമ്പ് എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും കയ്യിൽ കരുതണമെന്നും പറയുന്നുണ്ട്.

ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള യാത്രക്കാർക്ക് വലിയ ബുദ്ധിമുണ്ടുണ്ടാക്കുന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് പാലക്കാട് കലക്ടർ കോയമ്പത്തൂർ കളക്ടറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് വാളയാർ അതിർത്തിയിൽ തമിഴ്‌നാട് പരിശോധന ശക്തമാക്കിയത്.