ന്യൂഡൽഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റിന്റെ ഫൈനലിൽ അയൽക്കാരായ കർണാടകയെ കീഴടക്കി കിരീടം നിലനിർത്തി തമിഴ്‌നാട്. അവസാന പന്തുവരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ നാലു വിക്കറ്റിനാണ് തമിഴ്‌നാട് കർണാടകയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കർണാടക നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 151 റൺസ്. തമിഴ്‌നാട് ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്നിങ്‌സിലെ അവസാന പന്തിൽ വിജയത്തിലെത്തി.

തമിഴ്‌നാടിന് ജയിക്കാൻ 22 പന്തിൽ നിന്ന് 57 റൺസ് വേണമെന്ന ഘട്ടത്തിൽ ക്രീസിലെത്തിയ ഷാരൂഖ് 15 പന്തിൽ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 33 റൺസോടെ പുറത്താകാതെ നിന്നു.46 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 41 റൺസെടുത്ത എൻ. ജഗദീശനാണ് തമിഴ്‌നാടിന്റെ ടോപ് സ്‌കോറർ. ഹരി നിശാന്തും (23) ടീമിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

പ്രതീക് ജയിൻ എറിഞ്ഞ അവസാന ഓവറിൽ തമിഴ്‌നാടിന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 16 റൺസ്. ഷാരൂഖ് ഖാനും സായ് കിഷോറും ക്രീസിൽ. ആദ്യ പന്തിൽ സായ് കിഷോർ വക ഫോർ. പിന്നീട് സിംഗിളും ഡബിളും വൈഡുമെല്ലാം ചേർന്ന് അവസാന പന്തിൽ തമിഴ്‌നാടിന്റെ വിജയലക്ഷ്യം ഒരു പന്തിൽ അഞ്ച് റൺസായി ചുരുങ്ങി. ക്രീസിൽ ഷാരൂഖ് ഖാൻ. പ്രതീക് ജയിനിന്റെ പന്ത് ഡീപ് സ്‌ക്വയർ ലെഗ്ഗിലൂടെ നിലംതൊടാതെ ഗാലറിയിലെത്തിച്ച ഷാരൂഖ് ഖാൻ തമിഴ്‌നാടിന് വിജയം സമ്മാനിച്ചു.

 

ക്യാപ്റ്റൻ വിജയ് ശങ്കർ (22 പന്തിൽ 18) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. അതേസമയം, സായ് സുദർശൻ (12 പന്തിൽ 9), സഞ്ജയ് യാദവ് (5), മുഹമ്മദ് (5) എന്നിവർ നിരാശപ്പെടുത്തി. സായ് കിഷോർ മൂന്നു പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്നു. കർണാടകയ്ക്കായി കെ.സി. കരിയപ്പ നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ടു വിക്കറ്റഅ വീഴ്‌ത്തി. പ്രതീക് ജയിൻ, വിദ്യാധർ പാട്ടീൽ, കരുൺ നായർ, പ്രവീൺ ദുബെ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കർണാടക നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 151 റൺസെടുത്തത്. അവസാന ഓവറുകളിൽ തകർത്തടിച്ച അഭിനവ് മനോഹറിന്റെ ഇന്നിങ്‌സാണ് കർണാടകയ്ക്ക് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. 32 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി തകർന്ന ശേഷമാണ് കർണാടക മികച്ച സ്‌കോറിലെത്തിച്ചത്.

മനോഹർ 37 പന്തിൽ നാലു ഫോറും രണ്ടു സിക്‌സും സഹിതം 46 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച പ്രവീൺ ദുബെ (25 പന്തിൽ 33), ജെ. സുചിത്ത് (ഏഴു പന്തിൽ 18) എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി. ക്യാപ്റ്റൻ മനീഷ് പാണ്ഡെ (15 പന്തിൽ 13), കരുൺ നായർ (14 പന്തിൽ 18), ശരത് (20 പന്തിൽ 16), രോഹൻ കദം (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

തമിഴ്‌നാടിനായി സായ് കിഷോർ നാല് ഓവറിൽ 12 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. സന്ദീപ് വാരിയർ, സഞ്ജയ് യാദവ്, ടി.നടരാജൻ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.