- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാർ നിർമ്മിച്ച എഞ്ചിനിയറുടെ പ്രതിമ ബ്രിട്ടനിലുയരും; പണം മുടക്കാൻ തമിഴ്നാടും; പെന്നിക്യുക്കിന്റെ ജന്മദിനത്തിൽ പ്രഖ്യാപനവുമായി സ്റ്റാലിൻ; അനുമതി തേടിയതായും മുഖ്യമന്ത്രി
ചെന്നൈ മുല്ലപ്പെരിയാർ ഡാം നിർമ്മിച്ച ബ്രിട്ടീഷ് എൻജിനിയർ കേണൽ ജോൺ പെന്നിക്യുക്കിന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ സ്ഥാപിക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. പെന്നിക്യുക്കിന്റെ ജന്മദിനമായ ശനിയാഴ്ച മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രഖ്യാപനം നടത്തിയത്. ലണ്ടനിലെ തമിഴ് പ്രവാസികളുടെ ശ്രമഫലമായാണ് ബ്രിട്ടനിലെ കാംബർലിയിലുള്ള പാർക്കിൽ പ്രതിമ സ്ഥാപിക്കാൻ സെന്റ് പീറ്റേഴ്സ് ചർച്ചിൽനിന്ന് അനുമതി ലഭിച്ചത്.
ബ്രിട്ടീഷ് എൻജിനീയർ ജോൺ പെന്നിക്യുക്കിന്റെ നേതൃത്വത്തിൽ 1895ലാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കുന്നത്. അണക്കെട്ട് നിർമ്മാണത്തിന്റെ ഒരു ഘട്ടത്തിൽ ബ്രിട്ടീഷ് സർക്കാർ പ്രോജക്ടിനാവശ്യമായ തുക നൽകാത്തതിനെത്തുടർന്ന് പെന്നിക്യുക്ക് ഇംഗ്ലണ്ടിലുള്ള സ്വത്തുക്കൾ വിൽക്കുകയും ഈ തുക അണക്കെട്ട് നിർമ്മാണത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. മധുര തള്ളക്കുളത്തെ പിഡബ്ല്യുഡി ക്യാമ്പസിൽ പെന്നിക്യുക്കിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഗൂഡല്ലൂരിനടുത്തുള്ള ലോവർ ക്യാമ്പിൽ വെങ്കല പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.
தமிழக உழவர்களின் வாழ்வு செழிக்க முல்லைப் பெரியாறு அணையைக் கட்டிய பொறியாளர் கர்னல் ஜான் பென்னிகுயிக் அவர்களின் பிறந்தநாளான இன்று, அவரது நினைவைப் போற்றுவோம்!
- M.K.Stalin (@mkstalin) January 15, 2022
இங்கிலாந்து நாட்டிலுள்ள அவரது சொந்த ஊரான கேம்பர்ளி நகரில் தமிழக அரசு சார்பில் அவருக்குச் சிலை நிறுவப்படும்! pic.twitter.com/0ntEwIMfA5
ശിൽപ്പ നിർമ്മാണവുമായി ബന്ധപ്പെട്ട് കാംബർലിയിലെ തമിഴർ സെന്റ് പീറ്റേഴ്‌സ് ചർച്ചിൽ നിന്ന് അനുമതി നേടിയിട്ടുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ട്വിറ്ററിൽ അറിയിച്ചു.പെന്നിക്യുക്ക് ആത്മവിശ്വാസത്തോടെയാണ് അണക്കെട്ട് നിർമ്മിച്ചതെന്നും തേനി, ഡിണ്ടിക്കൽ, മധുര, ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകളിലെ കാർഷിക-കുടിവെള്ള പ്രശ്‌നങ്ങൾ ഇതോടെ പരിഹരിക്കപ്പെട്ടെന്നും സ്റ്റാലിൻ അനുസ്മരിച്ചു.
നൂറ്റാണ്ടുകൾ പഴക്കമുള്ള വരൾച്ച പരിഹരിക്കാൻ 1895ലാണ് മുല്ലപ്പെരിയാർ അണക്കെട്ട് ജോൺ പെന്നിക്യുക്കിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്നത്. അണക്കെട്ട് നിർമ്മാണത്തിന്റെ ഒരു ഘട്ടത്തിൽ ബ്രിട്ടീഷ് സർക്കാർ പ്രോജക്ടിനാവശ്യമായ തുക നൽകാത്തതിനെ തുടർന്ന് പെന്നിക്യുക്ക് ഇംഗ്ലണ്ടിലുള്ള തന്റെ സ്വത്തുക്കൾ വിൽക്കുകയും ഈ തുക അണക്കെട്ട് നിർമ്മാണത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
തമിഴ്‌നാട്ടിൽ ദൈവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം വെച്ച് ആരാധിക്കപ്പെടുന്നയാളാണ് പെന്നിക്യുക്ക്. തമിഴ്‌നാട്ടിൽ പലയിടത്തും അദ്ദേഹത്തിന്റെ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. ബ്രിഗേഡിയർ ജനറൽ പെന്നിക്യൂക്കിന്റെയും ഭാര്യ സാറയുടെയും മകനായി 1841ൽ മഹാരാഷ്ട്രയിലെ പൂണെയിലാണ് ജോൺ പെന്നിക്യുക്ക് ജനിച്ചത്. ഇംഗ്ലണ്ടിലെ ചെൽട്ടൻഹാം കോളജിൽ നിന്ന് വിദ്യാഭ്യാസം നേടി. അദ്ദേഹത്തിന്റെ പിതാവും മൂത്ത സഹോദരൻ അലക്സാണ്ടറും ചില്ലിയൻവാല യുദ്ധത്തിൽ പങ്കെടുത്തെന്നും 1849ലെ യുദ്ധത്തിൽ ഇരുവരും മരിച്ചെന്നും ചരിത്രകാരന്മാർ പറയുന്നു. സറേയിലെ അഡിസ്‌കോമ്പിലുള്ള ഈസ്റ്റ് ഇന്ത്യാ കമ്പനി മിലിട്ടറി കോളേജിൽ അദ്ദേഹം 1857ൽ ചേർന്നു.
മദ്രാസ് എൻജിനീയർ ഗ്രൂപ്പിൽ ലെഫ്റ്റനന്റായി 1858ൽ പെന്നിക്യുക്ക് കമ്മീഷൻ ചെയ്യപ്പെട്ടു. 1860ൽ ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു. രാജ്ഞി 1895ൽ അദ്ദേഹത്തെ ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യയിലേക്ക് നാമനിർദ്ദേശം ചെയ്തു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമ്മാണത്തിൽ ചീഫ് എഞ്ചിനീയറായി സേവനമനുഷ്ഠിച്ച അദ്ദേഹം പ്രകൃതിയുടെ ക്രോധവും വിഷപ്രാണികളുടേയും വന്യമൃഗങ്ങളുടേയും ശല്ല്യത്തെയും അവഗണിച്ചാണ് മറ്റ് ബ്രിട്ടീഷ് എൻജിനീയർമാർക്കൊപ്പം ഡാമിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ