- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കമൽഹാസന് ഇടതുരാഷ്ട്രീയത്തിന്റെ പ്രസക്തി അറിയില്ല; ഡിഎംകെ സഖ്യത്തിന് 25 കോടി വാങ്ങിയെന്ന ആരോപണം മറുപടി അർഹിക്കുന്നില്ല; വിവാദത്തിൽ പ്രതികരിച്ച് തമിഴ്നാട്ടിൽ നിന്നുള്ള പോളിറ്റ് ബ്യൂറൊ അംഗം ജി.രാമകൃഷ്ണൻ
ചെന്നൈ: തമിഴ്നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ 25 കോടി രൂപ കൈപ്പറ്റിയാണ് 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഡിഎംകെയുമായി സഖ്യമുണ്ടാക്കിയതെന്ന ചലച്ചിത്ര നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസന്റെ ആരോപണം മറുപടി അർഹിക്കുന്നില്ലെന്ന് തമിഴ്നാട്ടിൽ നിന്നുള്ള സിപിഎം പോളിറ്റ് ബ്യൂറൊ അംഗം ജി രാമകൃഷ്ണൻ. 'ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് കമൽഹാസന് അറിയില്ല. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പ്രസക്തിയും അർത്ഥവും അദ്ദേഹത്തിനറിയില്ല''. ഇതാണ് ഇക്കാര്യത്തിൽ സിപിഎമ്മിന് പറയാനുള്ളതെന്ന് ജി.രാമകൃഷ്ണൻ പ്രതികരിച്ചു.
ഡിഎംകെയിൽ നിന്ന് പണം വാങ്ങിയത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അപചയമാണ് കാട്ടുന്നതെന്നായിരുന്നു കമലിന്റെ വിമർശം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പിടിവാശിയും മുൻവിധിയുമാണ് ഇക്കുറി മക്കൾ നീതി മയ്യവും ഇടതുപാർട്ടികളും തമ്മിലുള്ള സഖ്യത്തിന് വിഘാതമായതെന്നും കമൽ കുറ്റപ്പെടുത്തിയിരുന്നു.
ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധഃപതനത്തിൽ ഖേദിക്കുകയാണ്. റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കൾ ഇങ്ങനെ ആയതിൽ വിഷമമുണ്ടെന്നും കമൽഹാസൻ പരിഹസിച്ചു. നിരവധി ഇടത് പാർട്ടികളുമായി താൻ ചർച്ചകൾക്ക് ശ്രമിച്ചിരുന്നു. സഖ്യത്തിനായി രണ്ടോ മൂന്നോ പ്രാവശ്യം യെച്ചൂരിയെ വിളിച്ചിരുന്നു. എന്നാൽ തന്റെ രാഷ്ട്രീയ പ്രവേശനത്തെ സീതാറാം യെച്ചൂരി വിലകുറച്ചുകണ്ടുവെന്നും കമൽ ഹാസൻ പറഞ്ഞു.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് പത്തു കോടി രൂപയും സിപിഐക്ക് 15 കോടി രൂപയും ഡിഎംകെ കൊടുത്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കണക്കിലാണ് ഡിഎംകെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് വൻവിവാദമായപ്പോൾ തങ്ങൾ മത്സരിച്ച മണ്ഡലങ്ങളിലെ ഡിഎംകെ പ്രവർത്തകരുടെ തിരഞ്ഞെടുപ്പ് പ്രവർത്തന ചെലവിലേക്കായാണ് ഈ പണം ഡിഎംകെ തങ്ങൾക്ക് തന്നതെന്ന വിശദീകരണമാണ് ഇരു പാർട്ടികളിൽ നിന്നുമുണ്ടായത്.
ഡിഎംകെയിൽ നിന്ന് പണം സ്വീകരിച്ചതിൽ സിപിഎമ്മിനുള്ളിൽ കടുത്ത വിമർശമുയർന്നിരുന്നു. തുടർന്ന് പാർട്ടിയുടെ തമിഴ്നാട് ഘടകത്തിന് പറ്റിയ വീഴ്ചയാണിതെന്നും ഇത്തരം നടപടികൾ ആവർത്തിക്കപ്പെടരുതെന്നും കേന്ദ്ര നേതൃത്വം കർശന നിർദ്ദേശം നൽകിയതയാണറിയുന്നത്.
ന്യൂസ് ഡെസ്ക്