- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി തമിഴ്നാട്ടിൽ സ്റ്റാലിൻ യുഗം; പത്ത് വർഷത്തിന് ശേഷം ഡിഎംകെ ലീഡ് നിലയിൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിൽ; 234 അംഗ നിയമസഭയിൽ മുന്നണി 149 മണ്ഡലങ്ങളിൽ മുന്നിൽ; അണ്ണാഡിഎംകെ 84 മണ്ഡലങ്ങളിലേക്ക് ചുരുങ്ങി; കോയമ്പത്തൂർ സൗത്തിൽ കമൽഹാസൻ മുന്നിൽ
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ ലീഡ് നിലയിൽ ഡിഎംകെ മുന്നണി കേവല ഭൂരിപക്ഷത്തിൽ. 234 അംഗ നിയമസഭയിൽ 234 സീറ്റുകളിലെയും ലീഡുനില പുറത്തുവരുമ്പോൾ ഡിഎംകെ മുന്നണി 149 സീറ്റിലും അണ്ണാഡിഎംകെ മുന്നണി 84 സീറ്റിലും ലീഡ് ചെയ്യുന്നു. ഡിഎംകെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം പിടിച്ചേക്കും എന്നാണ് നിലവിൽ പുറത്ത് വരുന്ന ഫലസൂചന. തമിഴ്നാട്ടിൽ എക്സിറ്റ് പോളുകളുടെ പ്രവചനം ശരിവെക്കുന്ന തരത്തിലാണ് ഫലം പുറത്തുവരുന്നത്.
1996ന് ശേഷം ആദ്യമായി ഒറ്റയ്ക്കു കേവല ഭൂരിപക്ഷമെന്ന കടമ്പയും ഡിഎംകെ മറികടക്കുകയാണ്. ഡിഎംകെ ചിഹ്നത്തിൽ മത്സരിച്ച ഘടകകക്ഷികളെ കൂടി പരിഗണിച്ചാൽ പാർട്ടിയുടെ ലീഡുനില 120 കടന്നു. അണ്ണാഡിഎംകെ സഖ്യം 84 സീറ്റുകളിൽ മുന്നിലാണ്. കമൽഹാസന്റെ എംഎൻഎം ഒരു സീറ്റിൽ മുന്നിലാണ്. ടി.ടി.വി. ദിനകരന്റെ എഎംഎംകെയ്ക്ക് ഒരു സീറ്റിലും മുന്നിലെത്താനായിട്ടില്ല.
മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി, ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ, മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽഹാസൻ എന്നിവർ മുന്നിലാണ്. ഒ പനീർസെൽവം അടക്കം ആറ് മന്ത്രിമാർ പിന്നിലാണ്. ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുകൻ കട്പാടിയിലും തൗസന്റ് ലൈറ്റ്സിൽ ബിജെപി സ്ഥാനാർത്ഥി ഖുഷ്ബുവും പിന്നിലാണ്. കൊളത്തൂരിൽ എം.കെ.സ്റ്റാലിന്റെ ലീഡ് 16000 കടന്നു. ചെപ്പോക്കിൽ ഉദയനിധി സ്റ്റാലിൻ 10,000 ലേറെ വോട്ടുകൾക്കു ലീഡ് ചെയ്യുന്നു.
തൗസൻഡ് ലൈറ്റ്സിൽനിന്നു നിരവധി തവണ ജയിച്ചിട്ടും ഇത്തവണ സ്റ്റാലിൻ തന്റെ മണ്ഡലം കൊളത്തൂരിലേക്കു മാറ്റുകയായിരുന്നു. കൊളത്തൂർ മണ്ഡലം രൂപീകരിച്ച 2011 ലെ ആദ്യ തെരഞ്ഞെടുപ്പിൽത്തന്നെ 2734 വോട്ടിന് ജയിച്ച സ്റ്റാലിൻ കഴിഞ്ഞ തവണ ഭൂരിപക്ഷം 37,730 ആയി ഉയർത്തിയിരുന്നു.
എക്സിറ്റ് പോളുകൾ പ്രവചിച്ചതിനു ശരിവയ്ക്കുന്നതാണ് ഡിഎംകെ മുന്നണിയുടെ മുന്നേറ്റം. പ്രവചനങ്ങൾ ശരിവച്ച് 10 വർഷത്തിനു ശേഷം ഡിഎംകെ അധികാരത്തിൽ തിരിച്ചെത്തുന്നുയെന്നാണ് ഫലസൂചനകൾ നൽകുന്നത്. 1996 നു ശേഷം ആദ്യമായി ഒറ്റയ്ക്കു കേവല ഭൂരിപക്ഷമെന്ന കടമ്പയും അവർ കടക്കുകയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ബിജെപി വിരുദ്ധ സഖ്യത്തിന്റെ കൈവശമാകുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ഡിഎംകെയുടെ ചുമലിലേറി കോൺഗ്രസ് മികച്ച പ്രകടനം നടത്തുമെന്നാണു സൂചന. സഖ്യത്തിലെ മറ്റു കക്ഷികളായ സിപിഎം, സിപിഐ, മുസ്ലിം ലീഗ് കക്ഷികൾക്കും ഡിഎംകെ അനുകൂല തരംഗത്തിന്റെ ഗുണം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കളുടെ തുടർച്ചയായ പ്രചാരണ പരിപാടികളിലൂടെ തമിഴകത്ത് കാലൂന്നാനുള്ള ബിജെപിയുടെ ശ്രമം വിജയിച്ചിട്ടില്ലെന്ന സൂചനകളാണു ഫലസൂചനകൾ നൽകുന്നത്.
വൻ വിജയത്തോടെ ഡിഎംകെയിൽ എം.കെ.സ്റ്റാലിൻ അനിഷേധ്യനാകും. 175 സീറ്റുകളിൽ ഡിഎംകെ മത്സരിക്കുമ്പോഴും അര ഡസനിലധികം പാർട്ടികളുമായി ശക്തമായ സഖ്യം ചേർന്നായിരുന്നു സ്റ്റാലിന്റെ നീക്കം. ഡിഎംകെയോടൊപ്പം കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ, എംഡിഎ എന്നീ കക്ഷികൾ നിലയുറപ്പിച്ചു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം നൽകിയ ആത്മവിശ്വാസത്തോടെയായിരുന്നു സ്റ്റാലിന്റെ തിരഞ്ഞെടുപ്പു പ്രചാരണം. പത്തുവർഷം ഭരിച്ച എഐഎഡിഎംകെയ്ക്കെതിരെ രൂപപ്പെട്ട ഭരണ വിരുദ്ധ വികാരവും ന്യൂനപക്ഷ വിഭാഗങ്ങളിലുൾപ്പടെയുണ്ടായ ബിജെപി വിരുദ്ധ മാനസികാവസ്ഥയും കൃത്യമായി വോട്ടാക്കി മാറ്റാൻ ഡിഎംകെയ്ക്കു കഴിഞ്ഞു.
തമിഴ്നാടിന്റെ മുഖ്യമന്ത്രിപദത്തിൽ അഞ്ചുതവണയായി രണ്ടുപതിറ്റാണ്ടു നീണ്ട ഭരണകാലം, ഒരു ജനതയുടെ ഹൃദയത്തെ വാക് സാമർഥ്യത്താൽ കീഴടക്കിയ നേതാവ് ഇതായിരുന്നു കരുണാനിധി, മൂന്നു ഭാര്യമാരിലായി കരുണാനിധിക്ക് ആറു മക്കളുണ്ടായിരുന്നെങ്കിലും ദയാലു അമ്മാളിന്റെ മൂന്നാമത്തെ മകനായി ജനിച്ച സ്റ്റാലിനായിരുന്നു പിൻഗാമിയാകാനുള്ള അവസരം ലഭിച്ചത്.
ഉദയസൂര്യൻ ചിഹ്നത്തോടെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ഒരു ഡിജിറ്റൽ കൗണ്ട്ഡൗൺ ക്ളോക്ക് വച്ചിട്ടുണ്ടായിരുന്നു. അതിൽ നൽകിയിരുന്നത് സ്റ്റാലിൻ എന്നു മുഖ്യമന്ത്രിയാകുമെന്ന സമയമാണ് ആ ക്ളോക്ക് കൗണ്ട് ഡൗൺ പൂർത്തിയാക്കിയിരിക്കുന്നു. 'സ്റ്റാലിൻ താൻ വരവ്, വിതിയൽ തര പോരാര്..'
പ്രവചന സ്വഭാവമുള്ളതായി 'സ്റ്റാലിൻ താ വരാര്' എന്ന ഡിഎംകെ പ്രചാരണ ഗാനം. 'സ്റ്റാലിൻ വരും, അതാണ് ജനങ്ങളുടെ തീരുമാനം' എന്നാണ് ഈ വരികളുടെ അർഥം. തമിഴ് രാഷ്ട്രീയം എന്ന സമാന്തര ഉലകം കീഴ്മേൽ മറിഞ്ഞ 5 വർഷം. സംഭവബഹുലമായ ആ കാലത്തിനുശേഷം തമിഴകം വിധിയെഴുതിക്കഴിഞ്ഞിരിക്കുന്നു എം.കെ. സ്റ്റാലിൻ ഇനി തമിഴകം വാഴുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
അതോടൊപ്പം എടപ്പാടി പളനിസാമിയും ഒ പനീർശെൽവവും കൈകോർത്ത് ഒപ്പം നിർത്തിയിരുന്ന അണ്ണാഡിഎംകെയിൽ പിടിച്ചെടുക്കാൻ വി.കെ. ശശികലയുടെ മടങ്ങിവരവുൾപ്പെടെയുള്ള നാടകങ്ങൾക്കും സംസ്ഥാനം സാക്ഷിയായേക്കും.
ന്യൂസ് ഡെസ്ക്