പാലക്കാട്: കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്‌നാട് നിയന്ത്രണം കടുപ്പിക്കുന്നു. അടുത്തയാഴ്ച മുതൽ തമിഴ്‌നാട്ടിലേക്കുള്ള യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കോയമ്പത്തൂർ കലക്ടർ ഡോ. ജി എസ് സമീരൻ അറിയിച്ചു.രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടി-പിസിആർ നെഗറ്റീവ് ഫലം കരുതണം. മുന്നറിയിപ്പ് അവഗണിക്കുന്നവർക്ക് മടങ്ങിപ്പോകേണ്ടി വരുമെന്നു കലക്ടർ മുന്നറിയിപ്പ് നൽകി.

കോയമ്പത്തൂരിലും പൊള്ളാച്ചിയിലും ഉൾപ്പെടെ കോവിഡ്, ഓമിക്രോൺ രോഗികളുടെ എണ്ണം ദിവസവും ഉയരുകയാണ്. നിയന്ത്രണം അനിവാര്യമാണ്. ഞായറാഴ്ചകളിൽ തമിഴ്‌നാട്ടിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത പരിശോധനയുണ്ടാകും. വാളയാർ, ഗോപാലപുരം, വേലംതാവളം, ഗോവിന്ദാപുരം, നടുപ്പുണി ചെക്പോസ്റ്റുകളിൽ പരിശോധന കൂട്ടിയെന്നും കലക്ടർ പറഞ്ഞു.

ഇടറോഡുകൾ വഴി വരുന്നവരെ പ്രത്യേകം നിരീക്ഷിക്കാൻ സംവിധാനമുണ്ട്. കേരളത്തിൽ നിന്നെത്തുന്നവർ 99 ശതമാനവും മതിയായ രേഖ കരുതുന്നുണ്ട്. നിയന്ത്രണങ്ങൾ പാലിക്കാൻ കഴിയാത്തവരെ ഉറപ്പായും തിരിച്ചയ്ക്കും. ഞായറാഴ്ചകളിലൊഴികെ മറ്റു ദിവസങ്ങളിൽ വിനോദസഞ്ചാരത്തിനും ക്ഷേത്രദർശനത്തിനും ഉൾപ്പെടെ തമിഴ്‌നാട്ടിലേക്ക് കടക്കുന്നവർ കോവിഡ് മാനദണ്ഡം പാലിക്കാൻ മറക്കരുതെന്നും കലക്ടർ വ്യക്തമാക്കി.