ചെന്നൈ: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്‌നാട്. പുതിയ നിയന്ത്രണങ്ങൾ ഏപ്രിൽ പത്ത് മുതൽ നിലവിൽ വരും. വ്യാഴാഴ്ച സെക്രട്ടറിയേറ്റിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചത്.

ബസുകളിൽ ഇരുന്ന് മാത്രം യാത്ര, തിയേറ്ററിലും വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഷോപ്പിങ് മാളിലും ഒരുസമയം 50 ശതമാനം പേർക്ക് മാത്രം പ്രവേശനം, വിവാഹങ്ങളിൽ 100 പേർ മാത്രം, മതപരമായ പരിപാടികൾ ചടങ്ങുകൾ മാത്രമായി ചുരുക്കണം,

ആഘോഷങ്ങൾ പാടില്ല, രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങളിൽ സന്ദർശനം അനുവദിക്കരുത് തുടങ്ങിയവയാണ് പുതിയ നിയന്ത്രണങ്ങൾ.

കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്കുള്ള ഇ-പാസ് പരിശോധന കർശനമാക്കാനും തമിഴ്‌നാട് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം മാത്രം 3986 പുതിയ കോവിഡ് കേസുകളാണ് തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. 17 മരണവും കഴിഞ്ഞദിവസം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കാൻ തമിഴ്‌നാട് തീരുമാനിച്ചത്.