കൊല്ലം: രാജ്യത്തെ നടുക്കിയ തന്തൂരി കൊലക്കേസ് പുറംലോകമറിയാൻ നിമിത്തമായ മലയാളി കോൺസ്റ്റബിളിന് 23 വർഷത്തെ പോരാട്ടത്തിനൊടുവിൽ നീതി. ഓച്ചിറ സ്വദേശി നസീർകുഞ്ഞിന് നിഷേധിക്കപ്പെട്ട സർവീസ് ആനുകൂല്യങ്ങൾ നൽകാൻ സുപ്രീംകോടതി വിധിച്ചു. കീഴ്‌ക്കോടതികളിൽനിന്നുള്ള അനുകൂലവിധി സുപ്രീംകോടതിയും ശരിവെക്കുകയായിരുന്നു. വി.ആർ.എസ്. എടുത്ത് ഓച്ചിറ ചങ്ങൻകുളങ്ങരയ്ക്കു കിഴക്ക് മഠത്തിൽക്കാരാണ്മ പടീറ്റേടത്തുവീട്ടിൽ താമസിക്കുകയാണ് നസീർകുഞ്ഞ് ഇപ്പോൾ.

1998 മുതൽ അർഹതപ്പെട്ട പ്രൊമോഷൻ നിഷേധിച്ചതും സർവീസ് കുറവുള്ളവർക്ക് ശമ്പളം കൂടുതൽ കിട്ടുന്നതും കണ്ടപ്പോഴാണ് പോരാടാൻ തുടങ്ങിയത്. ആദ്യം വകുപ്പുതലത്തിൽ പരാതിനൽകി. മറുപടി അനുകൂലമല്ലാത്തതിനാൽ സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ട്രിബ്യൂണലിനെ സമീപിച്ചു. 2013-ൽ അനുകൂലവിധി ലഭിച്ചു. ഡിപ്പാർട്ട്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചു. ഈ സമീപനത്തിൽ മനസ്സുമടുത്ത് 2014-ൽ വി.ആർ.എസ്. എടുത്ത് നാട്ടിൽവന്നു. കേസ് സുപ്രീംകോടതിയിൽ തുടർന്നു. വ്യാഴാഴ്ച അനുകൂലവിധി വന്നകാര്യം അഭിഭാഷകൻ വിളിച്ചുപറയുകയായിരുന്നു-നസീർകുഞ്ഞ് പറഞ്ഞു.

അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് 1995ൽ ഭാര്യ നൈന സാഹ്നിയെ സുശീൽ വെടിവച്ച് കൊന്ന ശേഷം സുഹൃത്തിന്റെ ഡൽഹിയിലെ ഹോട്ടലിന്റെ തന്തൂരി അടുപ്പിലിട്ട് കത്തിച്ചു. പൊലീസ് നൈന സാഹ്നിയുടെ പാതി വെന്ത മൃതശരീരം കണ്ടെടുക്കുകയായിരുന്നു. 2003ലെ വിചാരണ കോടതി വധശിക്ഷ 2007ൽ ഡൽഹി ഹൈക്കോടതി ശരിവച്ചു. ശരീരം വെട്ടിമുറിച്ചതിനും തന്തൂരി അടുപ്പിലിട്ടതിനും വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി 2013ൽ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി. കുറ്റം തെളിയിക്കാനായി രണ്ടാമതും പോസ്റ്റുമോർട്ടം നടത്തിയും കേസ് ചരിത്രത്തിൽ ഇടംനേടി.

നസീർകുഞ്ഞും ഹോംഗാർഡ് ചന്ദ്രപാലും പട്രോളിങ് ഡ്യൂട്ടിക്കിടയിലാണ് ബാഗിയ െറസ്റ്റോറന്റിന്റെ അടുക്കളഭാഗത്തുനിന്ന് തീ ഉയരുന്നതുകണ്ടത്. വെളുത്തപുക ഉയരുന്നതുകണ്ട് സംശയംതോന്നി നസീർകുഞ്ഞ് തട്ടിനോക്കിയപ്പോൾ അതൊരു സ്ത്രീയുടെ ശരീരമാണെന്ന് മനസ്സിലായി. അവിടെയുണ്ടായിരുന്ന കേശവ് കുമാറിനെ കൈയോടെപിടിച്ച് തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു ചോദ്യംചെയ്തതിൽനിന്നാണ് സംഭവം പുറത്തുവന്നത്. കേസ് പുറത്തുകൊണ്ടുവന്നതും പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ സഹായകമായതും നസീർകുഞ്ഞിന്റെ സമയോചിതമായ ഇടപെടൽ ആയിരുന്നു. സുശീൽകുമാറിനെ ആദ്യം വധശിക്ഷയ്ക്കും പിന്നെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.

‘അന്നെനിക്ക് ഹെഡ്‌കോൺസ്റ്റബിളായി പ്രൊമോഷൻ തന്നു. വാർത്തകണ്ട് ഒരുപാടുപേർ സഹായധനവും അയച്ചു. എല്ലാം പൊലീസ്‌ വകുപ്പ് വഴിയായിരുന്നു. ചെറിയ സഹായങ്ങളൊക്കെ എനിക്കുകിട്ടി. മുംബൈയിലെ ഒരു വ്യവസായി കാർ സമ്മാനമായി തരാമെന്നു പറഞ്ഞിരുന്നു. എന്നാൽ ഡിപ്പാർട്ട്‌മെന്റ് എതിർത്തതുകൊണ്ട് അതൊന്നും സ്വീകരിച്ചിരുന്നില്ല. കേസ് ഒതുക്കാനും പ്രലോഭനങ്ങൾ ധാരാളം ഉണ്ടായിരുന്നു'-അദ്ദേഹം പറഞ്ഞു.