കൊച്ചി: തന്ത്രി ശമ്പളക്കാരനെന്ന് മുഖ്യമന്ത്രിയുടെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത പ്രതിഷേധവുമായി അഖില കേരള തന്ത്രി സമാജം. ഒരാഴ്ചക്കകം കേരളത്തിലെ മുഴുവൻ സന്യാസി ശ്രേഷ്ഠന്മാരെയും ക്ഷേത്രജ്ഞന്മാരെയും വിവിധ സമുദായങ്ങളിലെ തന്ത്രിശ്രേഷ്ഠന്മാരെയും സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരെയും പങ്കെടുപ്പിച്ച് വിപുലമായ ആചാര്യസദസ് വിളിച്ചുചേർക്കാൻ തൃപ്പൂണിത്തുറയിൽ ചേർന്ന തന്ത്രി സമാജത്തിന്റെ അടിയന്തരയോഗം തീരുമാനിച്ചു.

അങ്കമാലിയിലെ തന്ത്രി സമാജം ആസ്ഥാനത്തായിരിക്കും സദസ്. ദേവസ്വം ബോർഡ് ഭരിക്കുന്നത് അവിശ്വാസികളാണെന്നും ആചാരപരമായ വിഷയങ്ങളിൽ സുപ്രധാന തീരുമാനം കൈക്കൊള്ളാൻ ലക്ഷ്യമിട്ടാണ് ആചാര്യസദസ് വിളിച്ചുചേർക്കുന്നതെന്നും തന്ത്രി സമാജം പ്രസിഡന്റ് വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിപ്പാട്, ജനറൽ സെക്രട്ടറി പ്ലാക്കുടി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ പറഞ്ഞു.

നിലവിലുള്ള ക്ഷേത്രാചാരത്തിന് ഭംഗം വന്നാൽ പരിഹാര ക്രിയ ചെയ്ത് ക്ഷേത്രവിശുദ്ധി വീണ്ടെടുക്കുന്നതുവരെ ക്ഷേത്രം അടച്ചിടുക എന്നതാണ് അതിന്റെ രീതി. അങ്ങനെ ക്ഷേത്രം അടച്ചാൽ താക്കോൽ തന്ത്രിയല്ല കൊണ്ടുപോകുന്നത്. ക്ഷേത്രത്തിന്റെ ഊരാഴ്മക്കാരെ ഏൽപിക്കുകയാണ് നടപടിക്രമം. അതിനുപകരം മറ്റൊരു നടപടിക്രമം സുപ്രീംകോടതി പോലും പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ നടപ്പു നടപടിക്രമം അനുസരിക്കുമെന്നാണ് തന്ത്രി പറഞ്ഞത്.

ശബരിമലയിൽ നിലവിലുള്ള സമ്പ്രദായം, നിയമം, ചട്ടം, നടപടിക്രമം, കീഴ്‌വഴക്കം എന്നിവയെല്ലാം അനുസരിച്ച് ക്ഷേത്രാചാരക്രമങ്ങളും അനുഷ്ഠാനങ്ങളും നിശ്ചയിക്കേണ്ടത് തന്ത്രി, മേൽശാന്തി ഉൾപ്പടെയുള്ളവരും ദേവജ്ഞരായ ജ്യോതിഷികളുടെ ദേവഹിതം അറിഞ്ഞ നിർദ്ദേശപ്രകാരവുമാണ്. അതിൽ ഏകപക്ഷീയമായ മാറ്റം വരുത്താൻ തന്ത്രിക്ക് അധികാരവുമില്ല. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ഏകപക്ഷീയമായി ആചാരാനുഷ്ഠാനങ്ങളിലും നടപടിക്രമങ്ങളിലും മാറ്റം നിർദ്ദേശിച്ചത് ഭക്തരോടുള്ള വെല്ലുവിളിയാണ്.

ഹൈന്ദവ ക്ഷേത്രങ്ങളിലെ പുരോഹിതന്മാരെ ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രി പ്രസ്താവനയിലൂടെ ചെയ്തതെന്ന് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടി പറഞ്ഞു. മുഖ്യമന്ത്രിക്ക് ക്ഷേത്രാചാരങ്ങളും തന്ത്രിശാസ്ത്രവും അറിയില്ല. അദ്ദേഹത്തിന് വ്യക്തമായ ധാരണയില്ല. വിശ്വാസികൾ തന്നെയാണ് ക്ഷേത്രം നടത്തിക്കൊണ്ടു പോകേണ്ടത്. ദേവന്റെ കർമങ്ങൾ കൃത്യമായി നടക്കണം. അതിനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയോട് ബഹുമാനമുണ്ട്. വിധിയെ പാടെ നിഷേധിക്കുകയല്ല, ആചാരങ്ങൾക്കു കോട്ടം തട്ടാത്ത രീതിയിൽ നിയമങ്ങൾ വരണം.

തന്ത്ര ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ക്ഷേത്രാരാധന ചിട്ടപ്പെടുത്തിയിട്ടുള്ളത്. മുമ്പൊരിക്കൽ ശബരിമല കേറിയിട്ടുണ്ടെന്നു നടി ജയമാല പറഞ്ഞതു പോലും വിശ്വസനീയമില്ല. ഇനി സ്ത്രീകൾ കേറിയിട്ടുണ്ടെങ്കിൽ തന്നെ പ്രായശ്ചിത്തം ചെയ്തിട്ടുണ്ട്. അശുദ്ധമായാൽ അതിനു പ്രതിവിധി ഉടനെ ചെയ്യണമെന്നാണ് ക്ഷേത്രധർമ്മം.

ശബരിമല ക്ഷേത്രത്തെ തകർത്ത് രാജ്യത്ത് നാശമുണ്ടാക്കാനുള്ള ദുഷ്ടബുദ്ധികളുടെ കൗശലങ്ങൾക്ക് മുഖ്യമന്ത്രി വശംവദനാകുന്നുവെന്നും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുംവിധത്തിൽ പ്രശ്‌നത്തിന് എല്ലാവരും ചേർന്നൊരു പരിഹാരമുണ്ടാക്കണമെന്നും തന്ത്രി സമാജം ആവശ്യപ്പെട്ടു.

യോഗത്തിൽ പുലിയന്നൂർ ശശി നമ്പൂതിരിപ്പാട്, ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാട്, പാമ്പുമേക്കാട് ജാതവേദൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ മുരളീനാരായണൻ നമ്പൂതിരിപ്പാട്, സൂര്യകാലടി സൂര്യൻ പരമേശ്വരൻ ഭട്ടിതിരിപ്പാട്, പുലിയന്നൂർ വാസുദേവൻ നമ്പൂതിരിപ്പാട്, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, വേഴാപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്, സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്, ചേന്നാസ് ചെറിയ നാരായണൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ ഹരിനാരായണൻ നമ്പൂതിരിപ്പാട് തുടങ്ങിയവർ പ്രസംഗിച്ചു.