സിനിമാലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് നാനാ പടേക്കറിനെതിരെ തനുശ്രീ ദത്ത ലൈംഗികാരോപണം ഉന്നയിച്ചത്. ആരോപണം ബോളിവുഡിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്.നാന പടേക്കർക്കെതിരെ ഉയർത്തിയ പീഡന ആരോപണം ബോളിവുഡിൽ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നതിനിടെ തനിക്ക് ഭീഷണികൾ നേരിടുന്നുവെന്ന വ്യക്തമാക്കി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് തനുശ്രി.

നാനായുടെ സഹായികൾ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് തനുശ്രീ പ്രസ്താവനയിറക്കിയിരിക്കുകയാണ്.സമീപകാലത്തെ സംഭവവികാസങ്ങളെ തുടർന്ന് എനിക്കു വേണ്ട നിയമ സഹായത്തിനായി ഒരുകൂട്ടം അഭിഭാഷകരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അതേസമയം നാനയുടെ അഭിഭാഷകൻ അവകാശപ്പെടുന്നതു പോലെ യാതൊരു ലീഗൽ നോട്ടീസും എനിക്ക് ലഭിച്ചിട്ടില്ല. അനാവശ്യമായ ഭീഷണികളിലൂടെ എന്നെ നിശബ്ദയാക്കാൻ ശ്രമിക്കുന്നതിന് പകരം അവർക്ക് ഒരു ലീഗൽ നോട്ടീസ് അയക്കണമെന്നും തനുശ്രീ പറയുന്നു.

സാക്ഷികളുടെ പിന്തുണയും തെളിവുകളും ഉണ്ടായിട്ടു പോലും നാനയുടെ സഹായികൾ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും തനുശ്രീ പറഞ്ഞു. ഇത്തരം അനുഭവങ്ങളെക്കുറിച്ച് ഒരു ഇര സംസാരിക്കുമ്പോൾ ധാർമ്മികത തൊട്ടു തീണ്ടിയിട്ടില്ലാത്ത അഭിഭാഷകർ രണ്ട് സെക്കൻഡിൽ കിട്ടുന്ന പ്രശസ്തിക്കു വേണ്ടി കുറ്റവാളികളെ സംരക്ഷിക്കാൻ മുന്നോട്ടു വരുമെന്നും തനുശ്രീ ചൂണ്ടിക്കാട്ടി.

നീതിക്കായി ഇപ്പോഴും കാത്തിരിക്കുന്ന നമ്മുടെ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ അവസ്ഥയാണ് ഇതെന്നും, ഇവിടുത്തെ സ്വാധീനമുള്ള കുറ്റവാളികൾ ജുഡീഷ്യറിയെ പരിഹസിക്കുക മാത്രമല്ല, മറിച്ച് ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിച്ച് ഭരണഘടനയെക്കൂടി പരിഹസിക്കുകയാണെന്നും തനുശ്രീ പറഞ്ഞു

നിരവധി ബോളിവുഡ് താരങ്ങൾ തനുശ്രീയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയെങ്കിലും തനിക്ക് പിന്തുണയുമായെത്തിയ പ്രിയങ്ക ചോപ്രയ്ക്കെതിരേ വിമർശനവുമായി നടി എത്തി. തന്നെ അതിജീവിച്ചവൾ എന്ന് പ്രിയങ്ക പരാമർശിച്ചതാണ് തനുശ്രീയെ ചൊടിപ്പിച്ചത്.തനുശ്രീക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നടൻ ഫർഹാൻ അക്തർ പങ്കുവച്ച ട്വീറ്റിന് മറുപടിയായാണ് പ്രിയങ്കയും പിന്തുണ അറിയിച്ച് രംഗത്ത് വന്നത്. പീഡനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ തനുശ്രീയുടെ ധൈര്യത്തെ പ്രശംസിക്കുന്നതിന് പകരം അവരുടെ ഉദ്ദേശത്തെ ചോദ്യം ചെയ്യുകയല്ല വേണ്ടതെന്നാണ് ഫർഹാൻ ട്വീറ്റ് ചെയ്തത്. എന്നാൽ, ഇതിന് മറുപടിയായി ചെയ്ത ട്വീറ്റിൽ അതിജീവിച്ചവൾ എന്നാണ് പ്രിയങ്ക തനുശ്രീയെ പരാമർശിച്ചത്. അതേ, ലോകം അതിജീവിച്ചവരെ വിശ്വസിക്കണം എന്നാണ് പ്രിയങ്ക കുറിച്ചത്. ഇതിനെതിരേയാണ് തനുശ്രീ രംഗത്ത് വന്നിരിക്കുന്നത്.

'പ്രിയങ്ക ഈ വിഷയത്തിൽ പ്രതികരിച്ചതിൽ അത്ഭുതമുണ്ട്. ഈ സമയത്ത് ഇത് ചെയ്തതിൽ സന്തോഷവുമുണ്ട്. പക്ഷേ എന്നെ അതിജീവിച്ചവൾ എന്നും പറഞ്ഞു തരംതാഴ്‌ത്തേണ്ട ആവശ്യമില്ല. എനിക്കൊരു പേരുണ്ട്, ഒരു കഥയുണ്ട്, ഞാൻ പുറത്തുകൊണ്ടു വരാൻ ശ്രമിക്കുന്ന സത്യമുണ്ട്. ഇത് എനിക്ക് വേണ്ടി മാത്രമുള്ള പോരാട്ടമല്ല, മറിച്ച് വരും തലമുറയ്ക്ക് കൂടി വേണ്ടിയുള്ളതാണ്. പലരും ഇതിന് അനുകൂലമായി നിലപാട് എടുത്ത് വരുന്നുണ്ട്. പക്ഷേ എന്നെ സത്യസന്ധമായി പിന്തുണയ്ക്കുന്നവരെയാണ് എനിക്ക് ആവശ്യം. എന്തായാലും കൂടെ നിൽക്കുന്ന എല്ലാവർക്കും നന്ദി.' തനുശ്രീ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തനുശ്രീ നിലപാട് വ്യക്തമാക്കിയത്.

ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് 2009ൽ തനിക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തെ പറ്റി തനുശ്രീ തുറന്നു പറഞ്ഞത്. ബോളിവുഡ് സിനിമയായ ഹോൺ ഓകെ പ്ലീസ് എന്ന സിനിമയിലെ ഗാനചിത്രികരണത്തിനിടെ പടേക്കർ പീഡന ശ്രമം നടത്തിയെന്നാണ് ആരോപണം.

എന്നാൽ, തനുശ്രീയുടെ ആരോപണം കള്ളമാണെന്ന് വാദവുമായി നാന പടേക്കർ രംഗത്തെത്തിയിരുന്നു. നൂറോളം പേർക്ക് മുന്നിൽ, വച്ച് താൻ എന്ത് പീഡനം നടത്താനാണെന്നും ആരോപണത്തെ നിയമപരമായി നേരിടാൻ പോവുകയാണെന്നുമായിരുന്നു നാന പടേക്കറിന്റെ പ്രതികരണം. ബോളിവുഡിലേക്ക് തിരിച്ചു വരാനായി തനുശ്രീ സൃഷ്ടിച്ച ഒരു വിവാദമാണിതെന്നാണ് ഹോൺ ഓകെ പ്ലീസ് സംവിധായകൻ രാകേഷ് സാരംഗ് പ്രതികരിച്ചത്.

ഇതിന് പുറകേ കഴിഞ്ഞ ദിവസം സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് എതിരേയും ആരോപണവുമായി തനുശ്രീ രംഗത്തെത്തിയിരുന്നു. 2005ൽ പുറത്തിറങ്ങിയ 'ചോക്ലേറ്റ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. ഷൂട്ടിനിടെ താൻ സീനിൽ ഇല്ലാതിരുന്നിട്ട് കൂട്ടി തന്നോട് വസ്ത്രങ്ങൾ അഴിച്ച് ഇർഫാൻ ഖാന് മുന്നിൽ നൃത്തം ചെയ്യാനും അഗ്നിഹോത്രി ആവശ്യപ്പെട്ടന്നൊയിരുന്നു തനുശ്രീയുടെ ആരോപണം. അന്ന് തന്റെ രക്ഷക്കെത്തിയത് സഹതാരങ്ങളായ സുനിൽ ഷെട്ടിയും ഇർഫാൻ ഖാനും ആണെന്നും തനുശ്രീ പറഞ്ഞിരുന്നു.

തനുശ്രീ ദത്തയുടെ ആരോപണം പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നാണ് രാഖി സാവന്ത് പറയുന്നത്. ഇതുവഴി ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കയറിക്കൂടാനാണ് തനുശ്രീ ശ്രമിക്കുന്നതെന്നും നടി ആരോപിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് രാഖി സാവന്ത് ഇത്തരത്തിൽ പൊട്ടിത്തെറിച്ചുകൊണ്ട് പ്രതികരിച്ചത്.