ബോളിവുഡ് നടി തനുശ്രീ ദത്ത് പ്രശസ്ത നടൻ നാനാ പടേക്കറിനെതിരെ ഉന്നയിച്ച് ലൈംഗിക ആരോപണം ഹിന്ദി സിനിമ മേഖലയിൽ ചൂടു പിടിക്കുകയാണ്. അതിനെ തുടർന്ന് തനുശ്രീ ദത്തയ്ക്കെതിരെ നാനാ പടേക്കർ വക്കീൽ നോട്ടീസ് അയച്ചതായി അഗ്നിഹോത്രി ദേശീയ മാധ്യമമായ എഎൻഐ യോട് വെളിപ്പെടുത്തിയിരുന്നു. തനുശ്രീ ദത്ത് തനിക്കെതിരെ ഉന്നയിച്ച വ്യാജ ആരോപണത്തിന് മാപ്പ്് പറയണമെന്ന് ആവശ്യപ്പെട്ടാണ് നാനാ പടേക്കർ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ തനിക്ക് ഇങ്ങനെയൊരു വക്കീൽ നോട്ടീസ് കിട്ടിയിട്ടില്ല എന്ന് തനുശ്രീ ആദ്യം വെളിപ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം തനിക്ക് ലോട്ടീസ് ലഭിച്ചതായി നടി അറിയിച്ചു.

എനിക്കിന്ന് രണ്ട് വക്കീൽ നോട്ടീസുകൾ ലഭിച്ചു. ഒന്ന് നാനാ പടേക്കറിൽ നിന്നും മറ്റൊന്ന് വിവേക് അഗ്‌നിഹോത്രിയിൽ നിന്നും. ഇന്ത്യയിൽ പീഡനത്തിനും അനീതിക്കുമെതിരെ ശബ്ദമുയർത്തുന്നതിന് നൽകേണ്ട വിലയാണിതെന്നും നടി പറയുന്നു. പൊതു ഇടങ്ങളിൽ എനിക്കെതിരെ നുണ പ്രചാരണങ്ങൾ നടത്തുകയാണ് ഇരുവരും. ഇവരെ പിന്തുണയ്ക്കുന്നവരും എനിക്കെതിരെ അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കുകയും വാർത്താ സമ്മേളനങ്ങളിലും മറ്റും വന്ന് പൊട്ടിത്തെറിക്കുകയും ചെയ്യുന്നുണ്ട്, തനുശ്രീ ദത്ത പറഞ്ഞു.

2008ൽ ഹോൺ ഓക്കെ പ്ലീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ നാനാ പടേക്കർ തന്നോട് മോശമായി പെരുമാറുകയും തന്നെ സ്പർശിക്കുകയും ചെയ്തതായി അടുത്തിടെ തനുശ്രീ ദത്ത പറഞ്ഞിരുന്നു. കൂടാതെ ചോക്ലേറ്റ് എന്ന ചിത്രത്തിന്റെ സെറ്റിൽവച്ച് തന്നോട് വസ്ത്രമഴിക്കാൻ വിവേക് അഗ്‌നിഹോത്രി ആവശ്യപ്പെട്ടതായുമാണ് തനുശ്രീ ദത്ത വെളിപ്പെടുത്തിയത്.

എന്നാൽ ഇതിനിടെ നാനനാപടേക്കറിനും അഗ്‌നിഹോത്രിക്കുമെതിരെ ലൈംഗിക പീഡനാരോപണം നടത്തിയ തനുശ്രീ ദത്തയെ ബിഗ് ബോസ് പരിപാടിയിൽ പങ്കെടുപ്പിച്ചാൽ ആക്രമണം നേരിടേണ്ടി വരുമെന്ന് കളേഴ്സ് ചാനലിനോടും വിയാകോം 18നോടുമാണ് നവനിർമ്മാൺ സേനയുടെ ഭീഷണി. വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ്‌ബോസിലെത്താൻ തനുശ്രീ ശ്രമിക്കുന്നുണ്ടെന്ന് നടി രാഖി സാവന്ത് ആരോപിച്ചിരുന്നു. മറാത്തി നടന്മാരെയും പാർട്ടിയെയും അപമാനിക്കാൻ തനുശ്രീ ശ്രമിക്കുന്നുവെന്നും ഇത് അനുവദിക്കാൻ കഴിയില്ലെന്നുമാണ് എംഎൻസിന്റെ നിലപാട്.

മഹാരാഷ്ട്ര നവനിർമ്മാൺ സേന തലവൻ രാജ് താക്കറേ ഗുണ്ടയാണെന്ന് തനുശ്രീ ആരോപിച്ചിരുന്നു. സ്ത്രീകളെ ആക്രമിക്കുന്നവരെ ഒരിക്കലും നേതാവ് എന്ന് വിളിക്കാൻ സാധിക്കുകയില്ലെന്നും തനുശ്രീ മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതാണ് സംഘടനെയെ ചൊടിപ്പിക്കാൻ കാരണം.