പാലാ: 'കപ്പ കഴിക്കുന്നവർക്ക് സാമാന്യ ബുദ്ധി കുറയുമെന്നും അതുകൊണ്ടാണ് മദ്ധ്യതിരുവിതാംകൂറിൽ നിന്ന് കൂടുതൽ ഐ.എ.എസ്, ഐ.പി.എസുകാർ ഉയർന്നുവരാത്തതെന്നുമെന്ന മുൻ ഡി.ജി.പിയുടെ പ്രസ്താവനക്കെതിരെ എം.ജി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.സിറിയക് തോമസ്. മഹാകവി പാലായുടെ ജന്മദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മീനച്ചിൽ താലൂക്കിലെ ജനങ്ങളുടെ പ്രധാന ഭക്ഷണം കപ്പയാണ്. താലൂക്കിൽ നിന്ന് സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയസിവിൽ സർവീസ് രംഗങ്ങളിൽ ഉയർന്നുവന്നിട്ടുള്ളവർ ഒരുപാടുണ്ട്. ലളിതാംബിക അന്തർജ്ജനവും, പാറേമാക്കൽ ഗോവർണ്ണദോറും, മഹാകവി കട്ടക്കയം ചെറിയാൻ മാപ്പിളയും, വിശുദ്ധ അൽഫോൻസാമ്മയും, ദൈവദാസൻ കുഞ്ഞച്ചനും തുടങ്ങി കേരളത്തിൽ ഒന്നാം റാങ്കോടെ ഐ.എ.എസ് പാസായ വി.വി. ജോസഫും, മുൻ ചീഫ് സെക്രട്ടറിമാരായിരുന്ന പി.സി. സിറിയക്കും, കെ.ജെ. മാത്യുവും, ടി.കെ. ജോസും ഉൾപ്പെടെ എല്ലാവരും കപ്പകഴിച്ച് വളർന്നവരാണ്.

ഒരിക്കൽ മുൻരാഷ്ട്രപതി കെ.ആർ. നാരായണനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ സന്ദർശിക്കാൻ ഇടയായി. അന്ന് അദ്ദേഹം പറഞ്ഞത് പാലായിൽ ഞങ്ങളുടെ വീട്ടിൽ വന്നപ്പോൾ എന്റെ അമ്മ കൊടുത്ത ചെണ്ടക്കപ്പയുടെയും മുളക് പൊട്ടിച്ചതിന്റെയും സ്വാദ് ഇപ്പോഴും നാവിൽ ഉണ്ടെന്നാണ്. ഇങ്ങനെ കപ്പയിലൂടെ വളർന്ന പ്രതിഭകളായ പാലാക്കാരുടെ പേരുകൾ അനേകമുണ്ട്. ഇതൊന്നും മനസിലാക്കാതെയാണ് മുൻ ഡി.ജി.പിയുടെ പ്രതികരണം.

ഡി.ജി.പി ഡോ.ബി.സന്ധ്യയെ വേദിയിലിരുത്തിയാണ് സിറിയക് തോമസ് മുൻ ഡി.ജി.പിക്കെതിരെ പൊട്ടിത്തെറിച്ചത്. കപ്പ മീനച്ചിൽ താലൂക്കിന്റെ ഒരു പ്രതീകമാണെന്നും നമ്മുടെ സ്വത്വങ്ങളായ ഇത്തരം പ്രതീകങ്ങൾ പുതുതലമുറയ്ക്ക് പകർന്ന് കൊടുക്കേണ്ടതുണ്ടെന്നും ഡോ.സന്ധ്യയും പറഞ്ഞു.