പ്രമുഖ മോഡലും ഫാഷൻ രംഗത്തെ പ്രമുഖയുമായ താര ടോംകിൻസണെ അവരുടെ ലണ്ടൻ പെന്റ്ഹൗസ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. താര പാമർ-ടോംകിൻസൺ എന്നാണ് മുഴുവൻ പേര്. മരിച്ച് അഞ്ച് ദിവസങ്ങൾക്ക് ശേഷമായിരുന്നു മൃതദേഹം കണ്ടെത്തിയത്. ബ്രിട്ടീഷ് രാജകുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു ഈ 45 കാരിക്ക്. ഡയാനയുടെ മരണസമയത്ത് തന്റെ മക്കൾക്ക് ആശ്വാസം പകർന്ന ഈ പെൺകുട്ടിയെ ചാൾസ് മകളെ പോലെ കരുതി അവധിയാഘോഷങ്ങൾക്ക് ഒപ്പം കൂട്ടാറുണ്ടായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഇവരുടെ മരണത്തിൽ ചാൾസ് രാജകുമാരൻ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. താരയുടെ ഫ്ലാറ്റിൽ നിന്നും കഴിഞ്ഞയാഴ്ച ഉച്ചത്തിലുള്ള ശബ്ദം കേട്ടിരുന്നുവെന്നും പിന്നീട് അവരെ പുറത്ത് കണ്ടിട്ടില്ലെന്നുമാണ് ഇതേ കെട്ടിടത്തിൽ ജോലി ചെയ്യുന്ന ഒരു ബിൽഡർ വെളിപ്പെടുത്തിയിരിക്കുന്നത്. താൻ ബ്രെയിൻ ട്യൂമറിനുള്ള ചികിത്സയിലാണെന്ന് ഇവർ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു.

ആൽപ്സ് പർവതസാനുക്കളുടെ താഴ് വരകളിൽ വച്ചായിരുന്നു താരയുടെയും രാജകുടുംബത്തിന്റെയും ദീർഘകാലമായുള്ള ബന്ധം നാമ്പിട്ടിരുന്നത്. ഇവിടെ വച്ച് താരയുടെ പിതാവ് ചാൾസ്, ചാൾസ് രാജകുമാരനെ സ്‌കീയിംഗിൽ പരിശീലനം നൽകിയത് മുതൽ ആരംഭിച്ച ബന്ധമായിരുന്നു അത്. തുടർന്ന് രാജകുടുംബത്തിനൊപ്പം സ്വിറ്റ്സർലണ്ടിലേക്ക് മടങ്ങിയ താര രാജകുടുംബവുമായുള്ള അടുത്ത ബന്ധം തുടരുകയായിരുന്നു. വില്യമിനും ഹാരിക്കും അവരുടെ അമ്മയായ ഡയാനയുടെ മരണ ശേഷം എല്ലാ വിധ പിന്തുണയും ആശ്വാസവുമേകിയിരുന്നതും ഇവരായിരുന്നു.

അപ്മാർക്കറ്റ് ബ്രാംഹാം ഗാർഡൻസിലെ ഫ്ലാറ്റിൽ നിന്നും താരയുടെ മൃതദേഹം കണ്ടെടുത്തുവെന്നും മരണത്തിൽ സംശയമൊന്നുമില്ലെന്നും എ്നാൽ ഇതിനെക്കുറിച്ച് ഇപ്പോൾ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താനാവാത്ത സ്ഥിതിയാണുള്ളതെന്നും പൊലീസ് പറയുന്നു. മരണത്തെക്കുറിച്ച് ഇവരുടെ കുടുംബക്കാരെ അറിയിച്ചിട്ടുമുണ്ട്.

ക്രിസ്മസിന് മുമ്പ് ലണ്ടനിൽ വച്ച് നടന്ന ഒരു പാർട്ടിയിൽ വച്ച് മയക്കുമരുന്നുപയോഗിച്ചതിനെ തുടർന്ന് താര വഴുതി വീണിട്ടുണ്ടെന്നാണ് തങ്ങൾക്ക് ലഭിച്ച സൂചനയെന്നാണ് സുഹൃത്തുക്കൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് അവർ അടുക്കും ചിട്ടയുമില്ലാതെയാണ് നടന്നിരുന്നതെന്നും തങ്ങൾക്കതിൽ ആശങ്കയുണ്ടായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു. ഈ അടുത്ത കാലത്ത് താര മരണത്തെക്കുറിച്ചും തന്റെ ശവസംസ്‌കാരത്തെക്കുറിച്ചും നിരവധി സുഹൃത്തുക്കളോട് നിരന്തരം ചർച്ച ചെയ്തിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

തനിക്ക് ബ്രെയിൻ ട്യൂമറാണെന്ന് ഡോക്ടർമാർ വെളിപ്പെടുത്തിയപ്പോൾ താൻ മരണത്തിലേക്ക് പോവുകയാണല്ലോ എന്നോർത്ത് ഭയപ്പെട്ടിരുന്നുവെന്നും മൂന്ന് മാസങ്ങൾക്ക് മുമ്പ് അവർ ഡെയിലി മെയിലിനോട് വെളിപ്പെടുത്തിയിരുന്നു. ഐ ആം സെലിബ്രിറ്റി, ഗെറ്റ് മി ഔട്ട് ഓഫ് ഹിയർ തുടങ്ങിയ പരിപാടികളിലെ തിളങ്ങുന്ന താരമായിരുന്നു താര ഇതിന് മുമ്പും മയക്കുമരുന്നുപയോഗിച്ചുള്ള പ്രശ്നങ്ങളോട് പൊരുതിയിരുന്നു.

രാജകുടുംബവുമായുള്ള ബന്ധം തുടങ്ങിയതിനെ തുടർന്നാണ് താരയുടെ ജീവിതം കൂടുതൽ പ്രശസ്തമായിത്തീർന്നത്. അവരുടെ പിതാവും മുൻ ഒളിമ്പിക്സ് സ്‌കൈറുമായ ചാൾസ് പാമർ -ടോംകിൻസണായിരുന്നു ചാൾസ് രാജകുമാരനെ 1970കളിൽ സ്‌കീയിങ് പഠിപ്പിച്ചിരുന്നത്. അതിലൂടെ അദ്ദേഹത്തിന്റെ കുടുംബവും രാജകുടുംബവും അടുക്കുകയായിരുന്നു. തുടർന്ന് അടുത്ത തലമുറയിലേക്കും ആ അടുപ്പം വളരുകയായിരുന്നു.1990കളിൽ നിരവധി ഹോളിഡേകൾ രാജകുടുംബാംഗങ്ങളുമൊത്ത് താര ചെലവഴിച്ചിരുന്നു.

1995ൽ അവർ താരപദവിയിലെത്തിയതോടെ ചാൾസ് രാജകുമാരൻ അവരെ ചുംബിക്കുന്ന ചിത്രങ്ങൾ വരെ പുറത്ത് വന്നിരുന്നു. തനിക്ക് നാല് വയസു പ്രായമുള്ളത് മുതൽ താൻ ചാൾസ് രാജകുമാരനെ എല്ലാ ദിവസവും ചുംബിക്കാറുണ്ടെന്ന വിവാദ വെളിപ്പെടുത്തൽ 2009ൽ താര നടത്തിയിരുന്നു. മോഡലെന്നതിന് പുറമെ കോളമിസ്റ്റ്, ടെലിവിഷൻ അവതാരിക, തുടങ്ങിയ നിലയിലും തിളങ്ങിയ താര പാർട്ടികളിൽ നിരന്തരം പങ്കെടുത്തിരുന്നു. രാജകുടുംബവുമായുള്ള ബന്ധവും മോഡലിങ് രംഗത്തെ തന്റെ പ്രശസ്തിയിലൂടെയും താര സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധം പുലർത്തുകയും ഉന്നത ജീവിതശൈലിയെ പിന്തുടരുകയും ചെയ്തിരുന്നു.