ഷ്ടത്തിലായതിനെ തുടർന്ന് യുകെയിലെ തങ്ങളുടെ സ്റ്റീൽ പ്ലാന്റുകൾ ടാറ്റ വിൽക്കാൻ തീരുമാനിച്ചിരുന്നുവല്ലോ..എന്നാൽ ഇവ വാങ്ങാൻ ഇതു വരെ ആളില്ലാത്തതിനാൽ 100 മില്യൺ പൗണ്ട് നിക്ഷേപിച്ച് ഈ പ്ലാന്റുകളെ രക്ഷിക്കാൻ ഒരു അവസാനവട്ട ശ്രമം നടത്താനൊരുങ്ങുകയാണ് ടാറ്റയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിലൂടെ ആയിരക്കണക്കിന് ജോലികൾ സംരക്ഷിച്ച് വീണ്ടുമൊരിക്കൽ കൂടി ബ്രിട്ടീഷുകാരുടെ രക്ഷകനായി ഈ ഇന്ത്യൻ വ്യവസായി അവതരിക്കാനൊരുങ്ങുകയാണ്. പുതിയ പദ്ധതി പ്രകാരം തങ്ങളുടെ യുകെ സൈറ്റുകളിലേക്ക് വർഷത്തിൽ 100 മില്യൺ പൗണ്ട് നിക്ഷേപിക്കാനാണ് ടാറ്റ തീരുമാനിച്ചിരിക്കുന്നത്. പ്ലാന്റുകൾ വിൽക്കാൻ വച്ച് എട്ട് മാസങ്ങൾക്ക് ശേഷമാണ് ടാറ്റ ഈ നിർണായകമായ തീരുമാനമെടുത്തിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഈ പുതിയ പദ്ധതിയെ തുടർന്ന് ടാറ്റയുടെ പോർട്ട് ടാൾബോട്ടിലുള്ള സ്റ്റീൽ വ്യവസായങ്ങൾക്ക് രക്ഷയാകും. മാർച്ച് മുതൽ ഇത് അടച്ച് പൂട്ടൽ ഭീഷണിയിലാണ്. പുതിയ പദ്ധതിയിലൂടെ ഇവിടുത്തെ ടാറ്റയുടെ സ്റ്റീൽ പ്ലാന്റുകൾക്ക് പത്ത് വർഷത്തേക്കെങ്കിലും സംരക്ഷണം ലഭിക്കുന്നതാണ്. യുകെയിലെ തങ്ങളുടെ പ്ലാന്റുകളെ രക്ഷിക്കുന്നതിനായി ഒരു രൂപാന്തരീകരണ പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നുവെന്നാണ് ടാറ്റ വെളിപ്പെടുത്തുന്നത്. ഇതിന്റെ വിജയത്തെ അടിസ്ഥാനമാക്കിയായിരിക്കും ഭാവിയിൽ ഇവിടെ നിക്ഷേപങ്ങൾ നടത്തുകയെന്നും കമ്പനി വ്യക്തമാക്കുന്നു. ടാറ്റ പ്ലാന്റുകളെ രക്ഷിക്കുന്നതിനായി യുകെയിലെ ഡെയിലി മിറർ പത്രം സേവ് ഔവർ സ്റ്റീൽ എന്ന പേരിൽ കാംപയിൻ നടത്തിയിരുന്നു. അടക്കാറായ പ്ലാന്റുകളെ പുനരുജ്ജീവിപ്പിച്ച് ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

ഊർജത്തിനുള്ള കടുത്ത ചെലവ്, ആഗോള സ്റ്റീൽ മേഖലയിലുണ്ടായ മാന്ദ്യം, വിലകുറഞ്ഞ ചൈനീസ് സ്റ്റീൽ ഉൽപന്നങ്ങളുടെ കുത്തൊഴുക്ക് എന്നിവ മൂലം തങ്ങൾക്ക് യുകെയിൽ പിടിച്ച് നിൽക്കാനാവുന്നില്ലെന്നും അതിനാൽ പ്ലാന്റുകൾ വിൽക്കുകയാണെന്നുമുള്ള പ്രഖ്യാപനം മാർച്ചിലായിരുന്നു ടാറ്റ നടത്തിയിരുന്നത്. ജൂൺ 23ന് നടന്ന റഫറണ്ടത്തിൽ യുകെ യൂണിയൻ വിടുന്നതിനെ അനുകൂലിച്ച് ബ്രെക്സിറ്റ് വോട്ട് രേഖപ്പെടുത്തിയതിനെ തുടർന്ന് പൗണ്ട് വിലയിടിഞ്ഞതോടെ ടാറ്റയുടെ യുകെയിലെ പ്ലാന്റുകൾ ലാഭത്തിലാകാൻ തുടങ്ങിയിരുന്നു. പുതിയ നിക്ഷേപം നടത്താൻ ഇതും ടാറ്റയ്ക്ക് പ്രചോദനമായിട്ടുണ്ട്. രണ്ട് വർഷങ്ങൾക്കുള്ളിൽ യുകെയിലെ പ്ലാന്റുകൾ ലാഭം തരുമെന്നാണിപ്പോൾ ടാറ്റ വിശ്വസിക്കുന്നത്. ഉൽപാദനക്ഷമത വർധിപ്പിച്ചും മറ്റ് ചെലവ് ചുരുക്കൽ നടപടികളിലൂടെയും പ്ലാന്റുകളെ ലാഭത്തിലാക്കാനാണ് ടാറ്റയുടെ പദ്ധതി.

ടാറ്റയുടെ തലപ്പത്ത് അധികാരത്തർക്കം നിലനിൽക്കുന്നതിനിടെയാണ് കമ്പനി പ്രതിസന്ധിയിലായിരുന്നത്. യുകെയിലെ ടാറ്റയുടെ ചെയർമാനായ സൈറസ് മിസ്ട്രിയിൽ രത്തൻ ടാറ്റയ്ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ മാറ്റിയിരുന്നു.2007ലായിരുന്നു രത്തൻ ടാറ്റ ആഗ്ലോ-ഡച്ച് സ്റ്റീൽ മേക്കറായ കോറസിനെ വാങ്ങിയത്. ചുരുങ്ങിയത് 10 വർഷത്തേക്കെങ്കിലും യുകെയിൽ നിന്നും സ്റ്റീൽ ഉൽപാദനം തുടരുന്നതിനുള്ള പദ്ധതി ടാറ്റ തയ്യാറാക്കി വരുന്നുവെന്നാണ് ലേബർ പീറും രത്തൻ ടാറ്റയുമായി അടുത്ത ബന്ധമുള്ളയാളുമായ ലോർഡ് ബട്ടാചാര്യ വെളിപ്പെടുത്തുന്നത്. കഴിഞ്ഞയാഴ്ച ബിസിനസ് തലവന്മാരോട് നടത്തിയ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.