- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ ഇന്ത്യ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പിന് കൈമാറി കേന്ദ്ര സർക്കാർ; വ്യോമയാന സെക്ടറിലെ 26.7 ശതമാനം വിപണി ടാലസ് പ്രൈവറ്റ് ലിമിറ്റഡിലേക്ക്; ടാറ്റയുടെ റൺവേയിൽ 'മഹാരാജ' ഇനി പറന്നുയരും
ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനമായിരുന്ന എയർ ഇന്ത്യ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു. എയർ ഇന്ത്യയുടെ ബോർഡ് അംഗങ്ങൾ രാജിവച്ച്, സർക്കാർ പ്രതിനിധികൾക്കു പകരം ടാറ്റയുടെ അംഗങ്ങൾ ചുമതലയേറ്റു. ഔദ്യോഗിക കൈമാറ്റത്തിനു മുന്നോടിയായി ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
Shri N Chandrasekaran, the Chairman of Tata Sons called on PM @narendramodi. @TataCompanies pic.twitter.com/7yP8is5ehw
- PMO India (@PMOIndia) January 27, 2022
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് എയർ ഇന്ത്യയെ കേന്ദ്രസർക്കാർ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പിന് കൈമാറി. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും ടാറ്റയ്ക്ക് കൈമാറി നടപടികൾ പൂർത്തിയാക്കിയതായി കേന്ദ്രം അറിയിച്ചു. ഇതോടെ ഐതിഹാസികമായ 'മഹാരാജ' എയർലൈനിന്റെ പൂർണ നിയന്ത്രണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു. ഇതോടെ എയർ ഇന്ത്യ സ്വകാര്യ മേഖലയിലെ വിമാന സർവീസായി മാറി. രാജ്യത്തെ വ്യോമയാന സെക്ടറിലെ 26.7 ശതമാനം വിപണിയും ഇതോടെ ടാറ്റയ്ക്ക് സ്വന്തമാകും.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേന്ദ്ര സർക്കാർ 18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യ കമ്പനി ടാറ്റ പ്രൈവറ്റ് ലിമിറ്റഡിനു വിറ്റത്. ഉടമ്പടി പ്രകാരം ടാറ്റ ഗ്രൂപ്പിന് എയർ ഇന്ത്യ എക്സ്‌പ്രസും, എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡിലിങ് വിഭാഗത്തിന്റെ 50 ശതമാനം ഓഹരിയുമാണ് കൈമാറുന്നത്.
ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റാ സൺസ് എയർ ഇന്ത്യയെ സ്വന്തമാക്കിയത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ് പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി പ്രവർത്തന സേവന നിലവാരം മെച്ചപ്പെടുത്താൻ 100 ദിവസത്തെ പദ്ധതി തയ്യാറാക്കുമെന്നും നേരത്തെ ടാറ്റ ഗ്രൂപ്പ് അറിയിച്ചിരുന്നു. നിലവിൽ 4,400ഓളം ആഭ്യന്തര സർവീസുകളും 1,800 രാജ്യാന്തര സർവീസുകളും എയർ ഇന്ത്യ നടത്തുന്നുണ്ട്.
സ്‌പൈസ് ജെറ്റ് പ്രമോട്ടർ അജയ് സിങ് നേതൃത്വം നൽകിയ കൺസോർഷ്യം മുന്നോട്ടുവച്ച 15,100 കോടി രൂപ മറികടന്നാണു ടാറ്റ എയർ ഇന്ത്യ കമ്പനി ഓഹരികൾ സ്വന്തമാക്കിയത്. 12,906 കോടി രൂപയായിരുന്നു സർക്കാർ നിശ്ചയിച്ച അടിസ്ഥാന വില.
എയർ ഇന്ത്യയുടെ ആകെ കടത്തിൽ 15300 കോടി രൂപ ടാറ്റ ഏറ്റെടുത്തു. കൈമാറ്റത്തിന് മുന്നോടിയായി ടെൻഡർ തുകയിൽ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രസർക്കാരിന് ലഭിച്ചതായി ഡി.ഐ.പി.എ.എം സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ അറിയിച്ചു.
ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് എയർ ഇന്ത്യയെ കൈമാറാനുള്ള തീരുമാനം ഒക്ടോബർ എട്ടിനാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടത്. 18000 കോടി രൂപയായിരുന്നു കമ്പനി ക്വോട്ട് ചെയ്ത തുക. ഒക്ടോബർ 11 ന് താത്പര്യ പത്രം ടാറ്റയ്ക്ക് കൈമാറി. ഒക്ടോബർ 25 ന് ഇരുവരും ഓഹരി കൈമാറ്റ കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്‌പ്രസിന്റെയും മുഴുവൻ ഓഹരികളും എയർ ഇന്ത്യ സാറ്റ്‌സിലെ 50 ശതമാനം ഓഹരികളുമാണ് ടാലസിന് ലഭിക്കുക. ഡിസംബർ അവസാനം കൈമാറ്റം നടത്താനായിരുന്നു നിശ്ചയിച്ചതെങ്കിലും നടപടികൾ നാലാഴ്ച കൂടി നീണ്ടുപോയി.
ടാറ്റ സൺസിന് കീഴിലെ മൂന്നാമത്തെ വിമാനക്കമ്പനിയാണ് എയർ ഇന്ത്യ. എയർ ഏഷ്യാ ഇന്ത്യയിലും വിസ്താരയിലും ഭൂരിഭാഗം ഓഹരികളും ടാറ്റ ഗ്രൂപ്പിന്റെ പക്കലുണ്ട്. സിങ്കപ്പൂർ എയർലൈൻസ് ലിമിറ്റഡുമായി ചേർന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾ.
1932 ൽ ടാറ്റ എയർലൈൻസായി ജെആർഡി ടാറ്റയാണ് എയർ ഇന്ത്യയെന്ന വിമാനക്കമ്പനിക്ക് ജന്മം നൽകിയത്. അന്ന് ടാറ്റ എയർലൈൻസ് എന്നായിരുന്നു പേരെങ്കിലും 1946 ൽ എയർ ഇന്ത്യയെന്ന് പുനർനാമകരണം ചെയ്തു. 1953 ൽ കേന്ദ്രസർക്കാർ ഈ വിമാനക്കമ്പനിയെ ദേശസാത്കരിച്ചതോടെയാണ് ഇത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായത്. ദിവസം 20 കോടിയോളം രൂപ നഷ്ടം വരുത്തുന്ന വെള്ളാനയായി മാറിയതോടെയാണ് എയർ ഇന്ത്യയെന്ന ബാധ്യത വിറ്റൊഴിയാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
1953ൽ ഇതിന്റെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തെങ്കിലും 1977 വരെ ജെ.ആർ.ഡി ടാറ്റ ചെയർമാനായി തുടർന്നിരുന്നു. 69 വർഷത്തിനു ശേഷമാണിപ്പോൾ എയർ ഇന്ത്യയുടെ കോക്പിറ്റിലേക്ക് ടാറ്റാ ഗ്രൂപ്പ് മടങ്ങിയെത്തിയത്. 1932ൽ ടാറ്റ ഗ്രൂപ്പ് തുടക്കമിട്ട ടാറ്റ എയർലൈൻസ് പിന്നീട് 1949ലാണ് എയർ ഇന്ത്യ എന്നു പേര് മാറ്റിയത്. 1953ലാണ് ദേശസാത്കരണത്തിലൂടെ എയർ ഇന്ത്യയെ കേന്ദ്രസർക്കാർ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കിയത്. ടാറ്റാ ഗ്രൂപ്പിന് 2.8 കോടിരൂപ കൊടുത്താണ് കമ്പനിയുടെ മുഴുവൻ ഓഹരികളും അന്ന് സർക്കാർ വാങ്ങിയത്.
ന്യൂസ് ഡെസ്ക്