- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രിട്ടീഷ് സമൂഹത്തിൽ വീണ്ടും ടാറ്റയുടെ സ്പെഷ്യൽ സ്ട്രൈക്ക്; ജീവനക്കാർക്ക് വേണ്ടി പ്രത്യേക കോവിഡ് ടെസ്റ്റിങ് തുടങ്ങിയിതുവഴി ടാറ്റ ഒഴിവാക്കിയത് അനേകം സിക്ക് ലീവുകൾ; ചർച്ചയായി വീണ്ടും ടാറ്റാ മോഡൽ
ലണ്ടൻ: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വരെ തങ്ങളുടേതായ രീതിയിൽ കാര്യമായ പങ്ക് വഹിച്ച ഒരുവ്യവസായ ഗ്രൂപ്പാണ് ടാറ്റ. അതിനുശേഷം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികസനത്തിലും കാര്യമായ പങ്കുവഹിച്ച ടാറ്റാ ഗ്രൂപ്പിനെ മറ്റു കോർപ്പറേറ്റുകളിൽ നിന്നും വ്യത്യസ്തരാക്കുന്നത് അവരുടെ സാമൂഹ്യ പ്രതിബദ്ധതയാണ്. ടാറ്റാ ഗ്രൂപ്പിന്റെ മുഖമുദ്രയായ സാമൂഹ്യ പ്രതിബദ്ധത അവർ ബ്രിട്ടനിലും പ്രദർശിപ്പിക്കുന്നു. കോവിഡ് കാലത്ത് തങ്ങളുടെ ജീവനക്കാർക്കായി പ്രത്യേകം കോവിഡ് പരിശോധനകൾ നടത്തിക്കൊണ്ടാണ് അവർ ഇത് ചെയ്യുന്നത്.
എന്നാൽ, ഇത് കമ്പനിക്കും കാര്യമായ പ്രയോജനം നൽകി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ പരിശോധനകൾ നടത്തുകവഴി, ധാരാളം സിക്ക് ലീവുകൾ ഒഴിവാക്കുവാനും, കമ്പനി പൂർണ്ണമായും തന്നെ അടച്ചിടേണ്ട സാഹചര്യം ഒഴിവാക്കാനും കഴിഞ്ഞു. ടാറ്റായ്ക്കൊപ്പം ജോൺ ലൂയിസ്, കാർ നിർമ്മാണ കമ്പനിയായ ജഗ്വാർ എന്നിവരും ഈ മാതൃക പരീക്ഷിച്ച് നിരവധി സിക്ക് ലീവുകൾ ഒഴിവാക്കിയിട്ടുണ്ട്.
ഇത്തരത്തിൽ ധാരാളം ആളുകൾ തൊഴിൽ ചെയ്യുന്ന തൊഴിലിടങ്ങളിൽ വ്യാപകമായ പരിശോധനകൾ നടത്തുന്നത് സമ്പദ്ഘടനയെ പിടിച്ചുയർത്താൻ പോലും സഹായിക്കുമെന്നാണ് വ്യവസായിക പ്രമുഖർ ഇപ്പോൾ പറയുന്നത്. ഇപ്പോൾ ഇത്തരത്തിൽ തൊഴിലാളികൾ ധാരാളമുള്ള ഫാക്ടറികൾ, പ്ലാന്റുകൾ, ഷോപ്പുകൾ ഓഫീസുകൾ തുടങ്ങിയ ഇടങ്ങളീൽ വ്യാപകമായ പരിശോധനകൾ നടത്താനുള്ള പ്രചാരണപരിപാടി സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്.
ഇതുവരെ 45.700 കോവിഡ് പരിശോധനകൾ നടത്തിയതായി ജോൺ ലൂയിസ് പറഞ്ഞു. അതിൽ ഒരു ശതമാനത്തിന് താഴെ ആൾക്കാരിൽ മാത്രമായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. വൈറ്റ്റോസ്സ് കൂടി നടത്തുന്ന ചില്ലറവില്പന മേഖലയിലെ ഭീമന്മാർ അവകാശപ്പെടുന്നത് ഇത്തരത്തിലുള്ള പരിശോധന വഴി 2,286 ജീവനക്കാരുടെ 6,643 പ്രവർത്തി ദിവസങ്ങൾ രക്ഷിക്കാനായി എന്നാണ്. രാജ്യത്താകമാനമായി പൊതു-സ്വകാര്യമേഖലകളിലായി 1.5 രോഗപരിശോധനകൾ നടത്തിയ, സർക്കാരിന്റെ നേതൃത്വത്തിലുള്ള പരിശോധന പദ്ധതിയിൽ പങ്കാളിയാണ് ജോൺ ലൂയിസും.
ഇത്തരത്തിൽ പ്രവർത്തിക്കുന്ന മിക്ക സ്ഥാപനങ്ങളും അവരുടെ ജീവനക്കാരെ പ്രതിവാരം ഒന്നിലേറെ തവണ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. ലാറ്ററൽ ഫ്ളോ ടെസ്റ്റാണ് ഇവർ അതിനായി ഉപയോഗിക്കുന്നത്. പരമാവധി ടെസ്റ്റൊന്നിന് 5 പൗണ്ട് മാത്രമാണ് ഇതിന് ചെലവുവരുന്നത്. ഇതുമൂലം, കോവിഡ് ബാധിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്ക് പോലുംനെഗറ്റീവ് റിസല്ട്ട് ലഭിച്ചാൽ ജോലിചെയ്യാനുള്ള സാഹചര്യമുണ്ടാകും. സെൽഫ് ഐസൊലേഷൻ ആവശ്യമായി വരില്ല.
ഇത്തരത്തിൽ രോഗികളുമായി സമ്പർക്കത്തിൽ വരുന്നവർ പക്ഷെ, ആഴ്ച്ചയിൽ ഏഴു ദിവസവും പരിശോധനയ്ക്ക് വിധേയരാകണം. ഇതിന്റെ ഫലമായി, ക്വാറന്റൈൻ കാരണം ജോലിക്ക് എത്താൻ കഴിയാത്തവരുടെ എണ്ണം വളരെയധികം കുറഞ്ഞു. മാത്രമല്ല, ഇവിടങ്ങളിൽ വളരെ കുറവ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വ്യാപനം കാര്യക്ഷമമായി തടയുവാനും കഴിഞ്ഞു.
ടാറ്റാ സ്റ്റീൽ പറയുന്നത് ദിവസേനയുള്ള പരിശോധന വഴി അവർക്ക് ആയിരക്കണക്കിന് പൗണ്ട് ലാഭിക്കാനായി എന്നാണ്. മാത്രമല്ല, ഉദ്പാദനം നിർത്തിവയ്ക്കേണ്ടതായ സാഹചര്യം അഞ്ചുതവണ ഒഴിവാക്കുവാനും സാധിച്ചു എന്ന് അവർ പറയുന്നു. 12,500 പ്രവർത്തി മണിക്കൂറുകളാണ് പരിശോധനകൾ വഴി ടാറ്റാ സ്റ്റീൽ ലാഭിച്ചത്. ഇത്തരമൊരു പദ്ധതി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ പ്ലാന്റിന്റെ നടത്തിപ്പുതന്നെ കഷ്ടത്തിൽ ആകുമായിരുന്നു എന്നും കമ്പനി വക്താക്കൾ പറയുന്നു.
ആഡംബര കാർ നിർമ്മാതാക്കളായ ബെന്റ്ലി ഇതുവരെ 15,000 പരിശോധനകളാണ് നടത്തിയത്. മറ്റു വൻവ്യവസായ സംരംഭങ്ങളായ റോയൽ മെയിൽ, ജഗ്വാർ ലൻഡ് റോവർ, ഒക്ടോപസ് എനർജി, ബി എ ഇ സിസ്റ്റംസ്, ടേയ്റ്റ് ആൻഡ് ലൈൽ ഷുഗേഴ്സ് എന്നിവരും ഇത്തരത്തിൽ പ്രതിദിന പരിശോധനകൾ നടത്തുന്നുണ്ട്. എന്നാൽ, കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രി നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞത് 87 ശതമാനം വ്യാപാര വ്യാവസായിക സ്ഥാപനങ്ങളും ഇത്തരത്തിലുള്ള പരിശോധനകൾ നടത്തുന്നില്ല എന്നാണ്.
മറുനാടന് ഡെസ്ക്