കൊച്ചി: കൊച്ചിയിലെ ടാറ്റു ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ പ്രതി സുജീഷ് കീഴടങ്ങിയതാണെന്ന വാർത്ത നിഷേധിച്ച് പൊലീസ്. തന്ത്രങ്ങളിലൂടെ സുജീഷിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇന്നു കോടതിയിൽ ഹാജരാക്കും . അഭിഭാഷകനെ കാണാൻ വരുന്നതിനിടെ പെരുമ്പാവൂരിന് സമീപമായിരുന്നു അറസ്റ്റ്. നിലവിൽ ആറ് യുവതികള് ഇയാൾക്കെതിരെ ലൈംഗിക പീഡന പരാതി നല്കിയിട്ടുണ്ട്.

ടാറ്റു ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന മീടു ആരോപണങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടയുടൻ സുജേഷ് ഒളിവിൽ പോയി. യുവതികൾ പരാതി നൽകിയതോടെ കേസായി. പൊലീസിൽ പരാതി എത്താതിരിക്കാനും ചിലർ ശ്രമിച്ചിരുന്നു. ഇടുക്കിയിലെ വിവിധ ഭാഗങ്ങളിൽ സുഹൃത്തിനൊപ്പം ഒളിവിൽകഴിയുകയായിരുന്നു. ഇന്നലെ രാത്രിയോടെ ഇയാൾ കൊച്ചിയിൽ അഭിഭാഷകനെ കാണാൻ വരുമെന്ന വിവരം പൊലീസിന് ലഭിച്ചു. ഇതാണ് അറസ്റ്റിന് വഴിയൊരുക്കിയത്.

ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകാനായിരുന്നു തീരുമാനം. പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇയാളെ പെരുമ്പാവുരിന് സമീപം വെച്ച് പിടികൂടുകയായിരന്നു. കസ്റ്റിഡിയിൽ വിശദമായി ചോദ്യം ചെയ്തതിന് ശേഷം ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജാരാക്കും. ഇൻക്‌ഫെക്ടഡ് എന്ന ടാറ്റു കേന്ദ്രത്തിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതികളുടെ പരാതി. കൊച്ചി നഗരത്തിൽ ആലുൻചുവടും ചേരാനല്ലുരിലുമായി രണ്ട് ടാറ്റു കേന്ദ്രങ്ങൽ ഇയാൾക്കുണ്ട്. രണ്ടിടത്തും പീഡനങ്ങൽ നടന്നുവെന്നാണ് പരാതി.

പരാതിക്കാരായ നാല് യുവതികളുടെ വിശദമായ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്തിന് പുറത്തായതിനാൻ മൊഴി നല്കാൻ പിന്നീട് വരാമെന്നാണ് രണ്ട് യുവതികള് അറിയിച്ചിരിക്കുന്നത്. യുവതികളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് അനുമതി തേടി പൊലീസ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നല്കിയിട്ടുണ്ട്. തിങ്കളാഴ്ച ഇവരുടെ രഹസ്യമൊഴി കോടതി മുമ്പാകെ രേഖപ്പെടുത്തിയേക്കും.

ഇൻക്‌ഫെക്ടഡ് സ്ഥാപനത്തിൽ നിന്ന് റെയ്ഡിൽ പിടിച്ചെടുത്ത സിസിടിവി ക്യാമറകളുടെ ഡിവിആർ ശാസ്ത്രീയ പരിശോധനക്കായി അയക്കും. ടാറ്റു ചെയ്യുന്ന സ്വകാര്യ മുറിയിൽ സിസിടിവി ക്യാമറകൾ ഇല്ല. ബലാത്സംഗക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ആദ്യം സമൂഹമാധ്യമമായ റെഡ്ഡിറ്റിലാണ് ഗുരുതര ആരോപണങ്ങളുമായി ഒരു 'മീ ടൂ' ആരോപണം യുവതി പ്രസിദ്ധീകരിച്ചത്.

തുടർന്ന് നിരവധി പരാതികൾ ഇയാൾക്കെതിരെത്തന്നെ വിവിധ സമൂഹമാധ്യമങ്ങളിലായി ഉയർന്നുവന്നു. സ്ഥാപനത്തിൽ റെയ്ഡ് നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്തിരുന്നു. ദേഹത്ത് ടാറ്റൂ വരയ്ക്കുന്നതിനിടെ, പ്രതി ലൈംഗികച്ചുവയോടെ സംസാരിക്കുകയും, അപമാനിക്കുകയും, ലൈംഗികപീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തലുകളുണ്ടായി. ഒരു യുവതി താൻ ബലാത്സംഗത്തിന് ഇരയായെന്നും തുറന്നെഴുതി.

2017 മുതൽ തുടങ്ങിയ പീഡനങ്ങളാണ് വിവിധ യുവതികളുടെ മൊഴിയിലുള്ളത്. സ്വകാര്യഭാഗത്ത് അനുവാദമില്ലാതെ സ്പർശിക്കുകയും, ടാറ്റൂ വരക്കാൻ എന്ന പേരിൽ വിവസ്ത്രരാക്കി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും ഇവരുടെ മൊഴിയിലുണ്ട്. ഇങ്ക്‌ഫെക്ടഡ് എന്ന ടാറ്റൂ സെന്റർ കൊച്ചിയിലെ ചലച്ചിത്ര താരങ്ങളടക്കമുള്ളവരുടെ കേന്ദ്രവും സെലിബ്രിറ്റി ടാറ്റൂയിങ് സെന്ററുമാണ്. നിരവധി ചലച്ചിത്ര താരങ്ങൾ ഇവിടെയെത്തി ടാറ്റൂ ചെയ്തതിന്റെ ചിത്രങ്ങളും മറ്റും ഇൻസ്റ്റാഗ്രാമിലും മറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ടാറ്റൂ സെന്ററുകൾ തമ്മിലുള്ള തർക്കമാണ് പരാതിക്ക് പിറകിലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കേസുകളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇങ്ക്‌ഫെക്ടഡ് ടാറ്റൂ സെന്ററിലെത്തി പരിശോധന നടത്തിയിരുന്നു. പ്രതിയുടെ ഭാര്യാസഹോദരനും ജീവനക്കാർക്കുമൊപ്പമായിരുന്നു പരിശോധന. കൊച്ചിയിലെ കൂടുതൽ ടാറ്റൂ കേന്ദ്രങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ജീവനക്കാരുടെ വിശദാംസങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

ആരോപണങ്ങളിൽ സ്വമേധയാ അന്വേഷണം നടത്തിയിരുന്നെങ്കിലും പരാതി ലഭിക്കാത്തതിനാൽ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് ഇരകൾ പരാതി നൽകാൻ തയ്യാറായതോടെയാണ് കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണം ഊർജിതമായതും. 'പച്ചകുത്തൽ' ട്രെൻഡായതോടെ സംസ്ഥാനത്ത് മുട്ടിനു മുട്ടിന് 'ടാറ്റു സ്റ്റുഡിയോ'കൾ മുളച്ചുപൊന്തുന്നു. പഞ്ചായത്ത്, അല്ലെങ്കിൽ കോർപ്പറേഷൻ ലൈസൻസ് ഉപയോഗിച്ച് നഗരങ്ങളിലും ഗ്രാമമേഖലകളിലും വരെ ടാറ്റു സ്റ്റുഡിയോ എത്തിക്കഴിഞ്ഞു. കേരളത്തിൽ മൊത്തം 250-ലധികം ടാറ്റു സ്റ്റുഡിയോകളുണ്ടെന്നാണ് കണക്ക്.

കൊച്ചി നഗരത്തിൽ മാത്രം 50-ലധികം സ്ഥാപനങ്ങളുണ്ട്. കൊച്ചിയിലെ ടാറ്റു സ്റ്റുഡിയോയിലെ പീഡന പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലും ഇത് വ്യക്തമായിട്ടുണ്ട്. പലയിടങ്ങളിലും മതിയായ ജീവനക്കാരില്ല. സ്ത്രീകൾ ടാറ്റു ചെയ്യാൻ വരുന്ന സ്റ്റുഡിയോകളിൽ പലയിടത്തും സ്ത്രീജീവനക്കാരുമില്ല. മണിക്കൂറുകൾ സ്ത്രീകൾ ചെലവഴിക്കേണ്ട സ്ഥലമായിട്ടും അവർക്കാവശ്യമായ സൗകര്യം കുറവാണെന്നും കണ്ടെത്തി.