നോട്ട് പിൻവലിക്കൽ നടപടി കള്ളപ്പണക്കാരെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു പറഞ്ഞിരുന്നത്. എന്നാൽ, അധ്വാനിച്ച് ജീവിക്കുന്ന സാധാരണക്കാരെയും മധ്യവർഗക്കാരെയും ഈ നടപടി ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. നോട്ട് പിൻവലിക്കൽ തീരുമാനത്തിനുശേഷം അഞ്ചുലക്ഷമോ അതിലധികമോ നിക്ഷേപിച്ചവരെയും നികുതി വകുപ്പ് പിടികൂടുമെന്നുറപപ്പായി. ഇക്കാലയളവിൽ വായ്പകൾ മുഴുവൻ തുകയും നൽകി തിരിച്ചടച്ചവരെയും ആദായ നികുതി വകുപ്പ് നോട്ടമിടുന്നുണ്ട്.

വായ്പകൾ മുഴുവൻ തുകയും നൽകി തിരിച്ചടച്ചവർക്ക് വ്യക്തമായ സോഴ്‌സ് കാണിക്കാനായില്ലെങ്കിൽ 100 ശതമാനം പിഴയൊടുക്കേണ്ട സാഹചര്യമാകും വരിക. നിയമനനുസരിച്ച് വായ്പകൾ പണമുപയോഗിച്ച് തിരിച്ചടയ്ക്കാനാവില്ല. സുഹൃത്തുക്കൾക്കുള്ള കടമായാൽപ്പോലും പണമായി നൽകരുതെന്നാമമ് വ്യവസ്ഥ. പണത്തിന്റെ സോഴ്‌സ് കൃത്യമായി മനസ്സിലാക്കുന്നതിനാണ് ഇടപാടുകൾ ബാങ്ക് മുഖേനയാക്കുന്നത്.

നോട്ട് പിൻവലിക്കലിനുശേഷം 18 ലക്ഷത്തോളം പേർ അഞ്ചോ അധിലധികമോ ലക്ഷം രൂപ പണമായി ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽനിന്ന് കൃത്യമായി വിശദാംശങ്ങൾ അന്വേഷിച്ച് കണ്ടെത്താനാണ് നികുതി വകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. ഇടപാടുകൾ നടത്തിയവരോട് മാന്യമായി ഇടപെടാനും അവരിൽനിന്ന് കൃത്യമായ വിവരങ്ങൾ ശേഖഖരിക്കുവാനുമാണ് നിർദ്ദേശം. നികുതി ദായകർക്ക് ഒട്ടും അലോസരം തോന്നാത്ത രീതിയിലാകണം ഇടപെടലെന്നും സുതാര്യമാകണം എല്ലാമെന്നും പ്രത്യേക നിർദ്ദേശമുണ്ട്.

ഇപ്പോൾ നിക്ഷേപിച്ചിട്ടുള്ള തുക ഇ-ഫയലിങ്ങിൽ കാണിച്ചിട്ടില്ലാത്തവരെയാണ് ഇതിലൂടെ ആദായനികുതി വകുപ്പ് ലക്ഷ്യമിടുന്നത്. ഉപയോഗിക്കാതെ കിടന്ന അക്കൗണ്ടിൽ കൂടുതൽ തുക ഇക്കാലയളവിൽ നിക്ഷേപിച്ചവരിൽനിന്നു വിവരം തേടും. നിശ്ചിത സമയപരിധിക്കുള്ളിൽ പണത്തിന്റെ സോഴ്‌സ് കൃത്യമായി വെളിപ്പെടുത്താനാകാത്തവരുടെ നിക്ഷേപങ്ങൾ നിയമവിരുദ്ധമായി പരിഗണിച്ചാകും നടപടിയെടുക്കുക.

അനുവദനീയമാതിലും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ളവർക്ക് പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താൻ സാധിക്കാതെ വരുന്ന ഘട്ടത്തിലാകും ഇതുസംബന്ധിച്ച നിയമ നടപടികൾ ആരംഭിക്കുക.