ധാർ നിർബന്ധമാക്കിയതും നോട്ടസാധുവാക്കിയതുമെല്ലാം കള്ളപ്പണക്കാരെയും നികുതിവെട്ടിക്കുന്നവരെയും പിടികൂടാനാണെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ, ആദായനികുതി അടയ്ക്കുന്ന കാര്യത്തിൽ ഇന്ത്യക്കാർക്ക് പൊതുവേ മടിയാണെന്നാണ് നികുതി വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 2014-15 സാമ്പത്തിക വർഷം നികുതി റിട്ടേൺ സമർപ്പിച്ചത് 4.1 കോടി ആളുകളാണ്. ഇതിൽ രണ്ടുകോടി പേർക്കും നികുതി ഈടാക്കാവുന്ന വരുമാനം ഉണ്ടായിരുന്നില്ലെന്ന് വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

വർഷം ശരാശരി 42,456 രൂപ നികുതിയടക്കുന്ന രണ്ടുകോടിയോളം പേർ ഇന്ത്യയിലുണ്ട്. ഒരുലക്ഷത്തിനുമേൽ ആദായനികുതിയടക്കുന്നവർ ഒരുകോടിയോളവും. ആദായ നികുതി അടയ്ക്കുന്നവരിൽ 90 ശതമാനവും ശമ്പളക്കാരായ സാധാരണക്കാരാണ്. വൻകിട ബിസിനസുകാരുൾപ്പെടെ കോടികൾ സ്വന്തമാക്കുന്ന പലരും നികുതി അടയ്ക്കാതെ മുങ്ങുന്ന പരിപാടി ഇപ്പോഴും നിർബാധം തുടരുകയാണെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

2016-17 കാലയളവിലെ കണക്കനുസരിച്ച് മഹാരാഷ്ട്രയാണ് ആദായനികുതി പിരിവിൽ ഒന്നാംസ്ഥാനത്തുള്ളത്. 37 ശതമാനമാണ് ഇവിടുത്തെ നികുതി പിരിവ്. ഡൽഹി 12.8 ശതമാനവും കർണാടക 10.1 ശതമാനവും നികുതി പിരിവ് പൂർത്തിയാക്കിയിട്ടുണ്ട്. തെലങ്കാനയാണ് ഇന്ത്യയുടെ നികുതി വരുമാനത്തിലേറെയും സംഭാവന ചെയ്യുന്ന സംസ്ഥാനം. മിസോറം, നാഗാലാൻഡ്, സിക്കിം, മണിപ്പുർ എന്നീ സംസ്ഥാനങ്ങൾ തുടർന്നുള്ള സ്ഥാനങ്ങളിലുമുണ്ട്.

2012-13 സാമ്പത്തിക വർഷം 4.4 കോടി വ്യക്തിഗത നികുതി ദായകരാണ് ഉണ്ടായിരുന്നതെങ്കിൽ 2016-17 കാലയളവായപ്പോൾ അത് 5.9 കോടിയായി വർധിച്ചു. സ്ഥാപനങ്ങളുടെ എണ്ണം പത്ത് ലക്ഷത്തിൽനിന്ന് 11.8 ലക്ഷമായി ഉയർന്നു. കമ്പനികൾ 6.5 ലക്ഷത്തിൽനിന്ന് 7.6 ലക്ഷത്തിലേക്കും ഉയർന്നു. ഒരു കോടി രൂപയ്ക്കുമേൽ ടാക്‌സബിൾ വരുമാനമുള്ള പതിനായിരം പേർ പോലും ഇന്ത്യയിലില്ലെന്നാണ് നികുതി വകുപ്പിന്റെ കണക്കുകൾ പറയുന്നത്.

ഒരു കോടി മുതൽ 50 കോടി വരെ വരുമാനമുള്ള വ്യക്തികളുടെ എണ്ണം 9686 ആണെന്ന് നികുതി വകുപ്പ് വ്യക്തമാക്കുന്നു. ഇതേ വരുമാന പരിധിയിൽ 15628 കമ്പനികളുണ്ട്. 50 കോടി മുതൽ 100 കോടി വരെ വരുമാനമുള്ള വ്യക്തികൾ മൂന്നുപേരും സ്ഥാപനങ്ങൾ 336 പേരുമാണ്. നൂറുകോടിക്കുമേൽ വരുമാനമുള്ളത് ഇന്ത്യയിൽ ഒരേയൊരാൾക്കുമാത്രമാണെന്നാണ് ആദായ നികുതിവകുപ്പിന്റെ കണക്കുകളിലുള്ളത്. മുകേഷ് അംബാനിയെയും ഗൗതം അദാനെയും പോലുള്ള അതിസമ്പന്നർ ധാരാളമുള്ള നാട്ടിലാണിത്.