ബ്രെക്‌സിറ്റിനെ യൂറോപ്യൻ യൂണിയൻ ശക്തമായി എതിർക്കുന്നതിനുള്ള കാരണങ്ങളിലൊന്ന്, ബ്രിട്ടൻ പോയാൽ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം തന്നെയാണ്. യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടാനുള്ള ബ്രിട്ടന്റെ ശ്രമങ്ങളെ നഷ്ടപരിഹാരത്തുകയെച്ചൊല്ലി തർക്കിച്ച് വൈകിപ്പിക്കുന്നതും അതുകൊണ്ടുതന്നെ. ഇപ്പോഴിതാ, ബ്രെക്‌സിറ്റിനുശേഷമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഓരോ യൂറോപ്യൻ പൗരനും പ്രത്യേക നികുതി കൊണ്ടുവരാനുള്ള ആലലോചനയിലാണ് യൂറോപ്യൻ യൂണിയൻ നേതൃത്വം.

ബ്രിട്ടനിൽനിന്നുള്ള വരവ് നിലയ്ക്കുമ്പോഴുണ്ടാകുന്ന ശൂന്യത നികത്തുന്നതിനാണ് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ പൗരന്മാർക്ക് നികുതി ഏർപ്പെടുത്താനൊരുങ്ങുന്നത്. എന്നാൽ, യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജർമനി ഇതിനെതിരേ എതിർപ്പുമായി രംഗത്തെത്തി. ഇത്തരമൊരു ആശയത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നു പോലുമില്ലെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കലിന്റെ വക്താവ് സ്‌റ്റെഫാൻ സെയ്‌ബെർട്ട് പറഞ്ഞു.

യൂറോപ്യൻ യൂണിയന്റെ നിലവിലെ സാമ്പത്തിക നില ഭദ്രമാണെന്ന് ജർമൻ ധനകാര്യ മന്ത്രാലയവും അവകാശപ്പെടുന്നു. പൗരന്മാർക്ക് കൂടുതൽ ബാധ്യത അടിച്ചേൽപ്പിക്കുകയല്ല, പണം കൂടുതൽ കരുതലോടെ ചെലവിടുകയാണ് വേണ്ടതെന്നും അധികൃതർ പറയുന്നു.

യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് അന്റോണിയോ തജനിയാണ് പൗരന്മാർക്ക് നികുതിയേർപ്പെടുത്തുകയെന്ന ആശയം മുന്നോട്ടുവെച്ചത്. ഇപ്പോഴുള്ളതിനെക്കാൾ ഇര്ട്ടിപ്പണം യൂണിയനാവശ്യമാണെന്നും അതുകണ്ടെത്തുന്നതിന് പുതിയ മാർഗങ്ങൾ തേടേണ്ടി വരുമെന്നുമായിരുന്നു തജനിയുടെ അഭിപ്രായം. 140 ബില്യൺ യൂറോയാണ് ഇപ്പോൾ വർഷം യൂറോപ്യൻ യൂണിയന്റെ ചെലവ്. ഇത് 280 ബില്യൺ യൂറോയായി വർധിക്കുമെന്നാണ് തജനിയുടെ കണക്കുകൂട്ടൽ.

യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾ അവരുടെ സംഭാവന ഇരട്ടിപ്പിച്ചും കൂടുതൽ നികുതിയേർപ്പെടുത്തിയും ഈ ലക്ഷ്യം കാണണമെന്നും തജനി അഭിപ്രായപ്പെട്ടു. സ്്‌റ്റോക്ക് മാർക്കറ്റ് ഇടപാടുകൾക്ക് നികുതിയേർപ്പെടുത്തുന്ന കാര്യവും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഭയാർഥി പ്രതിസന്ധി നേരിടുന്നതിനും ഭീകരതയ്‌ക്കെതിരെ പോരാടുന്നതിനും കൂടുതൽ പണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയോടും ചൈനയോടും ഇന്ത്യയോടും റഷ്യയോടും മത്സരിക്കുന്നതിന് യൂറോപ്യൻ പൗരന്മാർ ഊർജമേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തണമെന്നും സമ്പദ്‌വ്യവസ്ഥയുടെ ഡിജിറ്റലൈസേഷനിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു. എന്നാൽ, പൗരന്മാർക്ക് നികുതിയേർപ്പെടുത്താനുള്ള തജനിയുടെ നിർദേശത്തെ യൂറോപ്യൻ കമ്മീഷനും തള്ളിക്കളഞ്ഞു. ഇത്തരം കാര്യങ്ങൾ ചർച്ചചെയ്യേണ്ട ഘട്ടമായിട്ടില്ലെന്ന് കമ്മീഷൻ വിലയിരുത്തി.