- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നടൻ സോനു സൂദിന്റെ വീട്ടിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; റിയൽ എസ്റ്റേറ്റ് കമ്പനിയുമായുള്ള സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ടെന്ന് ഉദ്യോഗസ്ഥർ; ഗൂഢാലോചന ആരോപിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ
ന്യൂഡൽഹി: ബോളിവുഡ് നടൻ സോനു സൂദിന്റെ മുംബൈയിലുള്ള വീട്ടിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. കഴിഞ്ഞ ദിവസം രാത്രി അദ്ദേഹത്തിന്റെ ഓഫീസിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ലക്നൗ ആസ്ഥാനമായുള്ള ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയുമായുള്ള സോനു സൂദിന്റെ സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു.
സോനൂ സൂദിന്റെ മുംബൈയിലേയും ലഖ്നൗവിലേയും ഓഫിസുകൾ ഉൾപ്പടെ ആറ് സ്ഥലങ്ങളിലായിട്ടായിരുന്നു പരിശോധന. മണിക്കൂറുകൾ നീണ്ട റെയ്ഡ് ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്. ലഖ്നൗ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റുമായുള്ള താരത്തിന്റെ പ്രോപ്പർട്ടി ഡീലാണ് നികുതി വകുപ്പ് അന്വേഷിക്കുന്നത്. ഈ ഇടപാടിൽ നികുതി വെട്ടിപ്പു നടന്നിട്ടുണ്ടെന്ന് ആരോപണമുണ്ടെന്നും അതിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡെന്നും അടുത്ത വൃത്തങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
നടൻ ടാക്സ് വെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അതേസമയം, ആദായനികുതി വകുപ്പ് സോനു സൂദിനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ ആരോപിച്ചു.
കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി കഴിഞ്ഞ ദിവസം സോനു സൂദ് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള ദേശ് കാ മെന്റേഴ്സ് എന്ന പരിപാടിയുടെ അംബാസിഡറായും താരത്തെ തെരഞ്ഞെടുത്തിരുന്നു. അതിനാൽ സോനൂ സൂദിനെതിരെ കരുതിക്കൂട്ടിയുള്ള ആക്രമമാണ് നടക്കുന്നത് എന്നാണ് പ്രതിപക്ഷ ആരോപണം.
കോവിഡ് കാലത്ത് സോനു സൂദ് നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വലിയ പ്രശംസ ലഭിച്ചിരുന്നു. ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ പലയിടത്തായി കുടുങ്ങിക്കിടന്ന കുടിയേറ്റ തൊഴിലാളികളെ അവരവരുടെ നാട്ടിലെത്തിക്കാൻ സോനു സൂദ് ബസ്സ് സൗകര്യം ഒരുക്കിയിരുന്നു. പലരേയും വിമാനത്തിലും സോനുസൂദ് നാട്ടിലെത്തിച്ചു. കോവിഡിന്റെ രണ്ടാം വരവിൽ പല സംസ്ഥാനങ്ങളിലും ഇദ്ദേഹം ഓക്സിജൻ പ്ലാന്റുകളും ഒരുക്കി.
അരവിന്ദ് കെജരിവാളുമായി കൂടിക്കാഴ്ച നടത്തിയതിന് ദിവസങ്ങൾക്കകമാണ് റെയ്ഡ് എന്നതും ശ്രദ്ധേയമാണ്. ഇതിനിടെ സോനു സൂദ് എ.എ.പിയിൽ ചേരുകയാണെന്ന അഭ്യൂഹവും പരന്നിരുന്നു. ഇതിനാലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന വിമർശനം ഉയർന്നിരിക്കുന്നത്. എന്നാൽ സംഭവത്തിൽ ബന്ധവുമില്ലെന്ന പ്രതികരണവുമായി ബിജെപിയും രംഗത്തെത്തി.
ന്യൂസ് ഡെസ്ക്