- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽപിജി സിലിണ്ടറിന് ജി എസ് ടി. 5 ശതമാനം; കേന്ദ്രവും സംസ്ഥാനവും തുല്യമായി ഇത് വീതിച്ചെടുക്കുന്നു; 50 കോടി കണക്ഷനുണ്ടെന്ന് കണക്കാക്കിയാൽ രണ്ടുലക്ഷം കോടിയെങ്കിലും അധികവിലയിൽനിന്ന് കേന്ദ്രത്തിന് കിട്ടും; ഒരു സിലിണ്ടറിൽ കേരളത്തിന് കിട്ടുന്നത് 23.95 രൂപ മാത്രം; പാചക വാതക നികുതിയിലെ സത്യം എന്ത്?
തിരുവനന്തപുരം: വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിൻഡറിൽനിന്ന് സംസ്ഥാനത്തിന് കിട്ടുന്ന നികുതി 23.95 രൂപ മാത്രമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സിലിൻഡർ ഒന്നിന് സംസ്ഥാനത്തിന് 300 രൂപയിലധികം കിട്ടുമെന്ന് സാമൂഹികമാധ്യമങ്ങളിലെ പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് മന്ത്രി പറയുന്നു. 50 കോടി കണക്ഷനുണ്ടെന്ന് കണക്കാക്കിയാൽ രണ്ടുലക്ഷം കോടിയെങ്കിലും പാചകവാതകത്തിന്റെ അധികവിലയിൽനിന്ന് കേന്ദ്രത്തിന് കിട്ടുന്നുണ്ടെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തൽ.
വീടുകളിൽ ഉപയോഗിക്കുന്ന എൽ.പി.ജി. സിലിണ്ടറിനും അല്ലാത്തവയ്ക്കും ഒരേ നികുതിയാണ് ഈടാക്കുന്നത്. പാചകവാതക സിലിണ്ടറിന് കേന്ദ്രസർക്കാർ 5%-വും സംസ്ഥാനം 55%-വും നികുതിയാണ് ഈടാക്കുന്നത് എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. എൽ.പി.ജി. സിലിണ്ടറിന് ഈടാക്കുന്ന ആകെ ജി.എസ്.ടി. 5% ആണ്. കേന്ദ്രവും സംസ്ഥാനവും തുല്യമായി 2.5% വച്ചാണ് ഇത് ചുമത്തുന്നത്. അതിനാൽ, കേന്ദ്രത്തേക്കാൾ കൂടുതൽ നികുതി സംസ്ഥാനം പാചകവാതക സിലിണ്ടറിന് ഈടാക്കുന്നുവെന്ന അവകാശവാദം തെറ്റാണ്. ഈ വസ്തുത മറച്ചുവച്ചാണ് ആകെ ഈടാക്കുന്ന 5% നികുതി കേന്ദ്ര സർക്കാരിന്റെയാണെന്നും 55% നികുതി സംസ്ഥാനം അമിതമായി ഈടാക്കുന്നു എന്നും വ്യാജ പ്രചാരണം നടത്തുന്നത്. മാത്രമല്ല, അടിസ്ഥാനമില്ലാത്ത കണക്കുകളാണ് പ്രചരിക്കുന്ന സന്ദേശത്തിലും, പോസ്റ്റുകളിലും ഉള്ളത്.
വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിൻഡറിന് അഞ്ചുശതമാനമാണ് നികുതി. ഇതിന്റെ പകുതിയാണ് കേരളത്തിന് കിട്ടുന്നത്. വാണിജ്യാവശ്യത്തിനുള്ള സിലിൻഡറിന് 18 ശതമാനമാണ് നിരക്ക്. ഇതിന്റെ പകുതിയും കേരളത്തിന് കിട്ടും. വീട്ടാവശ്യത്തിനുള്ള സിലിൻഡറിന്റെ ഉത്പാദനത്തിന് 600 രൂപമാത്രമാണ് ചെലവ്. ബാക്കി തുക തീരുമാനിക്കുന്നത് കേന്ദ്രവും കമ്പനികളുമാണെന്നും മന്ത്രി വിശദീകരിക്കുന്നു. 2020 നവംബർ ഒന്നിന് 608 രൂപയായിരുന്ന പാചകവാതക സിലിണ്ടറിന് 2022 മെയ് 13ലെ വില 1016 രൂപ. അതായത് 18 മാസവും 13 ദിവസവും പിന്നിടുമ്പോൾ 408 രൂപയാണ് കൂടിയത്.
ഇതോടെ കേന്ദ്ര സർക്കാരിനെതിരെ വികാരം ശക്തമായി. ഇതോടെയാണ് പെട്രോൾ മോഡലിൽ കേരളത്തിനും നികുതി കൂടുതൽ കിട്ടുന്നുവെന്ന പ്രചരണമുണ്ടായത്. ഇതാണ് തെറ്റെന്ന് ധനമന്ത്രി വിശദീകരിക്കുന്നത്. രണ്ടാം യു.പി.എ സർക്കാറിന്റെ കാലത്തുണ്ടായ പാചകവാതക വിലയുടെ അധികം തുക ഇതുവരെ ബിജെപി സർക്കാർ കൂട്ടിക്കഴിഞ്ഞു. കഴിഞ്ഞ ഒക്ടോബർ ആറിലെ വർധനയിൽ വിലയെത്തിയത് 914 രൂപയിലാണ്. പിന്നീട് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വില ഏറെ ആഴ്ചകളിൽ കൂടാതെനിന്നു.
ശേഷം രണ്ടുതവണ വീണ്ടും കൂട്ടി. ഈ വർഷം മാർച്ച് 22ന് 52 രൂപ കൂട്ടിയപ്പോൾ വിലയെത്തിയത് 966ലാണ്. തുടർന്ന് ഈമാസം ഏഴിന് 50 രൂപ കൂട്ടിയതോടെ 1016 രൂപയായി. അതിനിടെ, വാണിജ്യ സിലിണ്ടറുകളുടെ വില കുതിച്ച് 2000 പിന്നിട്ടു.2020 നവംബർ ഒന്നു മുതൽ മെയ് ഏഴുവരെ 14 തവണയാണ് വില കൂട്ടിയത്. 2020 ഡിസംബറിൽ രണ്ടിന് 50 രൂപ വീണ്ടും കൂട്ടി 658ൽ എത്തിച്ചു. 15ന് വീണ്ടും 50 രൂപ കൂട്ടി 708ലേക്ക് കുതിച്ചു. 2021 പിറന്നതിനുശേഷം ഫെബ്രുവരി നാലിന് 25 രൂപ കൂട്ടി 733 രൂപയായി. 15ന് വീണ്ടും 50 രൂപ കൂട്ടി 783 രൂപയാക്കി ഉയർത്തി.
ഫെബ്രുവരിയിൽ തന്നെ 25ന് 25 രൂപ കൂട്ടി 808 രൂപയായി ഉയർത്തി. മാർച്ച് ഒന്നിന് വീണ്ടും 25 രൂപയാണ് കൂട്ടിയത്. ഇതോടെ വില 833 രൂപയായി. തുടർന്നാണ് ചരിത്രം രേഖപ്പെടുത്തിയ കുറക്കൽ. ജൂൺ ഒന്നിന് 10 രൂപ കുറച്ചതോടെ 823 രൂപയായി. ജൂലൈ ഒന്നിന് വീണ്ടും 25 രൂപ കൂട്ടി വില 848ൽ എത്തിച്ചു. ഓഗസ്റ്റ് 17ന് 25 രൂപ വീണ്ടും കൂട്ടി 873 രൂപയായി മാറി. സെപ്റ്റംബർ ഒന്നിന് 26 രൂപ കൂട്ടി 899 രൂപയുമായി. ഒക്ടോബർ ആറിന് 15 രൂപ കൂട്ടി 914ൽ എത്തിനിൽക്കുകയായിരുന്നു. ഇതാണ് പിന്നേയും ഉയർന്നത്.
മറുനാടന് മലയാളി ബ്യൂറോ