ദ്യോഗിത അനുമതി രേഖകളില്ലാതെ സർവ്വീസ് നടത്തുന്ന കള്ള ടാക്‌സികളെ പിടികൂടാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി രംഗത്തിറങ്ങിയിരിക്കുകയാണ്. ദുബായ് പൊലീസും ആർടിഎയും ചേർന്ന് നടത്തുന്ന പരിശോധനയിൽ നിരവധി ടാക്‌സികളെയാണ് പിടികൂടിയത്. ഏതാണ്ട് 7126 പേരെ അധികൃതരുടെ അനുമതിയില്ലാതെ സമാന്തര പൊതുഗതാഗതം നടത്തിയതിന് പിടികൂടിയത്.

ആർ.ടി.എയിൽ നിന്ന് ലൈസൻസെടുക്കാതെ ആളുകളെ കയറ്റി സർവീസ് നടത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നിരിക്കെയാണ് ഈ വർഷത്തെ ആദ്യ ആറുമാസത്തിനിടയിൽ ഇത്രയധികം കുറ്റകൃത്യങ്ങൾ കണ്ടെത്തിയത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് കള്ളടാക്സികൾക്കെതിരെയുള്ള നടപടികളും ബോധവൽക്കരണവും ശക്തമാക്കികൊണ്ട് എട്ടാമത് സാഹിർ കാമ്പയിനിന് തുടക്കമിട്ടത്. പിടിക്കപ്പെടുന്നവരിൽ നിന്നും വൻതുകയാണ് പിഴയായി ഈടാക്കുക.

ഇത്തരം നിയമലംഘനങ്ങൾക്ക് ഒരിക്കൽ പിടിക്കപ്പെടുന്നവർ ഒരിടവേളയ്ക്കു ശേഷം വീണ്ടും വാഹനവുമായി ഇറങ്ങുന്ന പ്രവണതയും രാജ്യത്തുണ്ട്. പൊതുയാത്രാ സംവിധാനങ്ങൾക്ക് യാതൊരു മുടക്കുമില്ലാത്തയിവിടെ ഇത്തരം പ്രവണതകൾ തുടരുന്നത് ആരോഗ്യകരമല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ടൂറിസ്റ്റുകൾ എത്തുന്ന സ്ഥലമെന്ന നിലയിൽ അനധികൃത ടാക്‌സി സർവീസുകൾ ഗുണനിലവാരത്തെ ബാധിക്കുമെന്നും ഒരിക്കലും നിയമലംഘനം അംഗീകരിക്കാനാവില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.

അധികൃതരിൽ നിന്ന് അനുമതി വാങ്ങാത്ത എല്ലാത്തരം ടാക്‌സി സർവീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി അടുത്തിടെ ദുബായ് എക്‌സിക്യൂട്ടിവ് കൗൺസിൽ നിയമം പാസാക്കിയിരുന്നു. ഓൺലൈൻ, മൊബൈൽ ആപ്ലിക്കേഷൻ വഴി പ്രവർത്തിക്കുന്ന ടാക്‌സികൾക്കും നിബന്ധനകൾ ബാധകമാണ്. മീറ്റർ പ്രവർത്തിപ്പിക്കാതെ ടാക്‌സി ഓടിക്കുന്നതും കുറ്റകരമാണ്.

നിയമലംഘനങ്ങൾ കണ്ടെത്തുവാൻ നൂതന ക്യാമറകൾ വിവിധ മേഖലകളിൽ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, നേരത്തേ ടാക്സി ഡ്രൈവർമാരായിരുന്ന ചിലർ പഴയ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി സ്വകാര്യവാഹനങ്ങളിൽ സർവീസ് നടത്തുകയും ചെയ്യുന്നുണ്ട്. പൊതുവാഹനങ്ങളുടെ എണ്ണം വർധിപ്പിച്ചുകൊണ്ട് ഗതാഗത സംവിധാനം സുരക്ഷിതമാക്കാനുള്ള പരിപാടിയിലാണ് അധികൃതർ. ദുബായ് എക്സ്പോ മുൻനിർത്തി ആർടിഎ പഞ്ചവൽത്സര പദ്ധതിക്കു തുടക്കമിട്ടിട്ടുണ്ട്. 2021 ആകുമ്പോഴേക്കും ടാക്സികളുടെ എണ്ണം 7000 ആയി വർധിപ്പിക്കുവാനാണ് തീരുമാനം.

2021 ആകുമ്പോഴേക്കും ടാക്സികളിൽ പകുതിയും ഹൈബ്രിഡ് ആക്കാനും ഉദ്ദേശിക്കുന്നു. ബുക്കിങ്ങിനും ഇതരസേവനങ്ങൾക്കുമുള്ള സ്മാർട് ആപ്പുകൾ നവീകരിക്കുകയും കൂടുതൽ ആപ്പുകൾ തുടങ്ങുകയും ചെയ്യും. അഞ്ചുവർഷത്തിനകം മൊത്തം സർക്കാർ വാഹനങ്ങളുടെ പത്തുശതമാനമെങ്കിലും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളാക്കാനും തീരുമാനിച്ചിട്ടുണ്ട്.