അബുദാബി: മാനേജ്‌മെന്റ് നയങ്ങൾക്കെതിരെ പ്രതിഷേധവുമായി അബുദബിയിലെ ടാക്‌സി ജീവനക്കാർ രംഗത്തെത്തിയതോടെ വലയുന്നത് പൊതുസമൂഹം. ഞായറാഴ്ച മുതൽ ആരംങിച്ച് പണിമുടക്ക് തുടരുന്നതോടെ ജനങ്ങൾക്ക് ദുരിതത്തിലായി.

അമിത ജോലി,അനിയന്ത്രിതമായ പിഴ, നാട്ടിലേക്ക് പോകുന്നതിന് വിലക്ക് ഏർപ്പെടുത്തുക തുടങ്ങിയ മാനേജ്മെന്റിന്റെ നയങ്ങൾക്കെതിരെയാണ് പണിമുടക്ക്. ഷിഫ്റ്റ് സമ്പ്രദായത്തിലും, നിർത്താതെയുമുള്ള രീതിയിലുമായാണ് ടാക്സിക്കാരുടെ ജോലി സമയം ചിട്ടപ്പെടുത്തി യിരിക്കുന്നത്. ഒന്ന് പന്ത്രണ്ട് മണിക്കൂർ ഇടവിട്ടുള്ളതും, മറ്റൊന്ന് നിർത്താതെ 16 മുതൽ 17 മണിക്കൂർ ജോലിയുമാണ്. ഇതിൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ ജോലി ചെയ്യുന്ന ഡ്രൈവർക്ക് പരമാവധി 250 ദിർഹത്തിന്റെ ഓട്ടമോടിയാൽ മാത്രമാണ് മാസം 2500 ദിർഹമെങ്കിലുമുണ്ടാക്കാൻ കഴിയുകയുള്ളു. എട്ട് മണിക്കൂർ മാത്രമാണ് കൃത്യമായി ജോലി ചെയ്യാൻ ലഭിക്കുന്നതും. ഇതിൽ 700 ദിർഹം ഭക്ഷണത്തിനായി ചെലവാകും. എങ്ങനെപോയാലും ദിവസവും ട്രാൻസിന്റെ പിഴലഭിക്കാത്ത ഒരാൾ പോലുമുണ്ടാവില്ലെന്ന് ഡ്രൈവർമാർ പറയുന്നു.

മൂന്ന് സ്ഥലത്തായാണ് എമിറേറ്റ്സ് ടാക്സി ഡ്രൈവർമാർ താമസിക്കുന്നതും, വാഹനങ്ങൾ നിർത്തിയിടുന്നതും. ബനിയാസിലെ ചൈന ക്യാമ്പും, മുസഫ ഡ്രൈവിങ് സ്‌കൂൾ പരിസരവും, ഐക്കാട് സിറ്റിയുമാണ് ഇവരുടെ കേന്ദ്രങ്ങൾ. യാത്രക്കാരില്ലാത്ത ടാക്സി സ്പീഡ് ട്രാക്കിൽ പ്രവേശിക്കരുതെന്ന നിയമമുള്ളതിനാൽ രാവിലെ നഗരപരിധിക്ക് പുറത്തുള്ള ഈ താമസകേന്ദ്രങ്ങളിൽ നിന്നും അബുദാബിയിലേക്ക് വരുന്ന ടാക്സി വേഗം കുറഞ്ഞ ട്രാക്കിൽ ട്രക്കുകളുടെയും ലോറികളുടെയും പിറകിൽ മെല്ലെ വരാൻ നിർബന്ധിതരാവുന്നു. ഈ യാത്രയിൽ വേഗം കൂടിയ ട്രാക്കിൽ പ്രവേശിച്ചാൽ 200 ദിർഹമാണ് പിഴ.

അബുദാബി നഗരത്തിലെ അര കിലോമീറ്റർ അകലത്തിലുള്ള സിഗ്നലുകളിൽ പോലും യാത്രക്കാരില്ലെങ്കിൽ വേഗം കുറഞ്ഞ ട്രാക്കിൽ സഞ്ചരിച്ച് സിഗ്നലുകളിൽ ഇടത് ഭാഗത്തേക്ക് കടക്കേണ്ടിവന്നാൽ ബുദ്ധിമുട്ടാറുണ്ടെന്നും ടാക്സി ഡ്രൈവർമാർ പറയുന്നു. പതിനാറ് മണിക്കൂർ ജോലിചെയ്യുന്നവർക്ക് ദിവസം എൺപത് ദിർഹത്തിന് എണ്ണയടിച്ച് അഞ്ഞൂറ് ദിർഹത്തിന്റെ
ഓട്ടമോടിയാലാണ് കൃത്യമായ രീതിയിൽ കാര്യങ്ങൾ നടക്കുക. എന്നാൽ വേഗം കുറഞ്ഞ ട്രാക്കുകളിലും മറ്റും ഏറെ നേരം ചിലവഴിക്കേണ്ടിവരുമ്പോൾ ഇരുപതോ, മുപ്പതോ ദിർഹം കൂടുതൽ സ്വന്തം കയ്യിൽ നിന്നും പെട്രോളിന് ചെലവാക്കേണ്ടിയും വരാറുണ്ടെന്നും ഡ്രൈവർമാർ പറയുന്നു.

ഏതാണ്ട് തൊള്ളായിരത്തിലധികം ടാക്സികളാണ് ഈ കമ്പനിയുടേതായി നിരത്തുകളി ലോടുന്നത്. ഇതിൽ തൊണ്ണൂറ് ശതമാനം ഡ്രൈവർമാരും സമരത്തിൽ അണിനിരന്നി രിക്കുകയാണെന്ന് ടാക്സി ൈഡ്രവർമാർ പറഞ്ഞു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഉഗാണ്ട, ഫിലിപ്പൈൻസ് തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ളവരാണ് കമ്പനിയിലെ ഡ്രൈവർമാർ. കമ്പനിയുടെ ഭാഗത്ത് നിന്നുള്ളതും, അല്ലാതെയുമായ പിഴയീടാക്കലുകൾ കഴിഞ്ഞാൽ വെറും തുച്ഛമായ പണമാണ് ഡ്രൈവർമാർക്ക് മാസാവസാനം ലഭിക്കുന്നത്. ഇതാണ് പ്രധാനമായും ഡ്രൈവർമാരെ പണിമുടക്കിലേക്ക് നയിച്ച മറ്റൊരു കാരണം.ഇവരെ അനുനയിക്കാനുള്ള മാനേജ്‌മെന്റ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച ആവശ്യത്തിൽ കന്പനി വിട്ടുവീഴചക്ക് തയാറാല്ലാത്ത സാഹചര്യത്തിൽ പണിമുടക്ക് തുടരാനാണ് മലയാളികൾ ഉൾപ്പെടുന്ന ഡ്രൈവർമാരുടെ തീരുമാനം.