ജിദ്ദ: അനധികൃത ടാക്‌സി സർവീസുകാരെ കുടുക്കാൻ ലേബർ ഡിപ്പാർട്ട്‌മെന്റ് റെയ്ഡ് ശക്തമാക്കി. ടാക്‌സി റെയ്ഡ് ശക്തമായതോടെ പൊതുവിൽ ടാക്‌സിക്കാരെ കിട്ടാനില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. മതിയായ രേഖകളില്ലാത്ത ഡ്രൈവർമാർ ടാക്‌സി ഓടിക്കാൻ തയാറാകാത്തതും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായി ഉയർന്നുവന്നിട്ടുണ്ട്.

നിലവിലുള്ള എംപ്ലോയറുടെ കീഴിലേക്ക് മിക്ക ടാക്‌സി ഡ്രൈവർമാരും അവരുടെ സ്‌പോൺസർഷിപ്പ് മാറ്റാത്തതിനാൽ റെയ്ഡിനെ ഭയന്ന് മിക്കവരും പുറത്തിറങ്ങുന്നില്ല. പുതിയ മെച്ചപ്പെട്ട തൊഴിൽ കിട്ടിയിട്ടു മാറ്റാം എന്നു കരുതിയിരിക്കുന്നതിനാലാണ് എംപ്ലോയറുടെ കീഴിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാൻ ഇക്കൂട്ടർ മടിക്കുന്നത്. നിതാഖാത്തിന്റെ കീഴിൽ ചില ടാക്‌സി സർവീസുകളെ റെഡ് സോണിൽ പെടുത്തിയിട്ടുണ്ടെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ട്രാൻസ്‌പോർട്ടേഷൻ കമ്മിറ്റി അംഗങ്ങൾ വ്യക്തമാക്കി. ഈ കമ്പനികൾക്ക് വിദേശ ടാക്‌സി ഡ്രൈവർമാരുടെ സ്‌പോൺസർഷിപ്പ്  മാറ്റാനും സാധ്യമല്ല.

രാജ്യത്ത് 50,000ത്തിൽ കൂടുതൽ ടാക്‌സി ഡ്രൈവർമാരുള്ളതിൽ 65 ശതമാനത്തോളം പ്രവാസികളാണ്. സൗദി സ്വദേശികളായ ടാക്‌സി ഡ്രൈവർമാരെ നിയമിക്കാനുള്ള ചില കമ്പനികളുടെ ശ്രമവും വിജയിക്കാറില്ല. കാരണം ഇവർ സ്വന്തം വാഹനം തന്നെ ടാക്‌സിക്കായി ഉപയോഗിക്കുന്നതിനാൽ മറ്റു കമ്പനികളിൽ ജോലി ചെയ്യാൻ താത്പര്യപ്പെടില്ല. ഈ മേഖലയിൽ 12 ശതമാനം സൗദിവത്ക്കരണമാണ് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ ചില കമ്പനികൾ മാത്രമേ ഇതിനു പരിശ്രമിച്ചിട്ടുള്ളൂ.
അതുകൊണ്ടു തന്നെ ഈ മേഖലയിൽ ഇപ്പോൾ നടന്നുവരുന്ന റെയ്ഡിനെ പേടിച്ച് ഒട്ടുമിക്ക ഡ്രൈവർമാരും പുറത്തിറങ്ങാതായിരിക്കുകയാണ്. ടാക്‌സി സർവീസ് നടത്തുന്ന സ്ഥാപനങ്ങൾ ഡ്രൈവർമാരുടെ സ്‌പോൺസർഷിപ്പ് അവരുടെ കീഴിലേക്ക് മാറ്റണമെന്നും അല്ലാത്ത പക്ഷം വൻ പിഴ അടയ്‌ക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.