പുതിയ കാർ വാങ്ങുമ്പോഴും വീടുവാങ്ങുമ്പോഴും കുടുംബവുമൊത്ത് അവധിയാ ഘോഷിക്കാൻ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പോകുമ്പോഴും ആ വിശേഷങ്ങൾ ഫേസ്‌ബുക്കിൽ പങ്കുവെക്കാത്തവരുണ്ടാകില്ല. എന്നാൽ, അത്തരം വിശേഷങ്ങൾ ഇനി നിങ്ങൾക്ക് ബാധ്യതയായി മാറിയേക്കാം. ആദായനികുതി വകുപ്പ് ഇതെല്ലാം നിരീക്ഷിക്കുന്നുണ്ട്. നികുതിയടക്കാതെ രക്ഷപ്പെടുകയും ലക്ഷങ്ങൾ ചെലവിടുകയും ചെയ്യുന്നവരെ കണ്ടെത്താൻ ആദായനികുതി വകുപ്പ് സോഷ്യൽ മീഡിയയിലും കണ്ണുവെക്കുകയാണ്.

ബാങ്കുകളിൽനിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കാതെ, സോഷ്യൽ മീഡിയയിലെ വിവരങ്ങളും ചേർത്ത് വരുമാനത്തിന്റെ യഥാർഥ തോത് കണ്ടുപിടിക്കുകയാണ് നികുതിവകുപ്പിന്റെ ശ്രമം. ഇതിനുള്ള പദ്ധതികൾക്ക് അടുത്തമാസം തുടക്കമിടും. പണം ചെലവാക്കുന്നതും വെളിപ്പെടുത്തിയിട്ടുള്ള വരുമാനവും തമ്മിൽ ബന്ധമുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് സോഷ്യൽ മീഡിയയിലെ വിവരങ്ങൾ കൂടി പരിഗണിക്കുന്നത്.

ആയിരം കോടി രൂപ ചെലവിൽ, ഏഴുവർഷം കൊണ്ട് പൂർത്തിയാക്കിയ പ്രോജക്ട് ഇൻസൈറ്റ് എന്ന ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി ഡേറ്റബേസാണ് നികുതി ശേഖരണത്തിൽ വലിയ മാറ്റമുണ്ടാക്കാൻ പോകുന്നത്. കൂടുതൽ ആളുകളെ നികുതിവലയത്തിൽ കൊണ്ടുവരികയാണ് ഇതിന്റെ ലക്ഷ്യം. നികുതി ഉദ്യോഗസ്ഥരിൽനിന്നുള്ള പീഡനങ്ങൾ നികുതി ദായകർക്കുനേരെ ഉണ്ടാകുന്നതും ഇതോടെ ഇല്ലാതാകും.

നികുതിവെട്ടിപ്പ് തടയുന്നതിന് കാനഡയും ബെൽജിയവും ഓസ്‌ട്രേലിയയുമൊക്കെ നിലവിൽ സമാനമായ രീതിയിലുള്ള ഡേറ്റബേസ് ഉപയോഗിക്കുന്നുണ്ട്. പ്രോജക്ട് ഇൻസൈറ്റിനെക്കുറിച്ച് പ്രതികരിക്കാൻ ധനകാര്യമന്ത്രാലയം തയ്യാറായിട്ടില്ല. എൽ ആൻഡ് ടി ഇൻഫോട്ടെക്കിന്റെ സഹായത്തോടെയാണ് സർക്കാർ ഈ വമ്പൻ ഡേറ്റബേസ് തയ്യാറാക്കിയിട്ടുള്ളത്.

പ്രതിശീർഷവരുമാനവും നികുതിദായകരുമായുള്ള ഇന്ത്യയിലെ അനുപാതം 17 ശതമാനമാണ്. എന്നാൽ, മറ്റു പല ഏഷ്യൻ രാജ്യങ്ങളിലും ഇത് 25 ശതമാനമാണ്. പ്രോജക്ട് ഇൻസൈറ്റ് നടപ്പിലാകുന്നതോടെ, ഇത് 30 മുതൽ 40 ശതമാനം വരെ വർധിക്കുമെന്നാണ് കരുതുന്നത്. ക്രെഡിറ്റ് കാർഡിലൂടെ ചെലവിടുന്ന തുക, വസ്തുവിലും ഓഹരിവിപണിയിലുമുള്ള നിക്ഷേപം, മറ്റു നിക്ഷേപങ്ങൾ, വരുമാനങ്ങൾ തുടങ്ങിയവ ഒരൊറ്റ സംവിധാനത്തിലേക്ക് വരും. ഇതിന്റെ രണ്ടാം ഘട്ടത്തിന് ഡിസംബറിൽ തുടക്കമാകും.