കണ്ണൂർ: ലോകത്തിൽ ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതർ ഉള്ള രാജ്യമാണ് ഇന്ത്യ. കണ്ണൂർ സ്വദേശിയായ പി.സി. സാഖിയയും കൊല്ലം സ്വദേശി ജോതിഷ് സുധാകരനും ഉൾപ്പെട്ട പൂന ഐസറിലെ ഗവേഷണ വിദ്യാർത്ഥി സംഘം ക്ഷയരോഗത്തെ കുറിച്ചുള്ള തങ്ങളുടെ പുതിയ കണ്ടുപിടുത്തം ലോകത്തിന് മുമ്പിൽ അവതിരപ്പിച്ച് ബഹുമതി നേടിയിരിക്കയാണ്.

ആറ് മുതൽ എട്ടു മണിക്കൂർ കൊണ്ടു ജനിതക എഞ്ചിനീയറിംഗിലൂടെ ക്ഷയരോഗം നിർണ്ണയിക്കാൻ കഴിയുമെന്നാണ് ഇവർ സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്തെ ക്ഷയ രോഗികളുടെ എണ്ണത്തിലുള്ള ബാഹുല്യമാണ് ഐസർ വിദ്യാർത്ഥികളെ ഈ പ്രോജക്ടിൽ കൊണ്ടു ചെന്ന് എത്തിച്ചതെന്ന് ഗവേഷണ വിദ്യാർത്ഥിനി പി.സി. സാഖിയ മറുനാടൻ മലയാളിയോട് പറഞ്ഞു. അമേരിക്കയിൽ നടന്ന ആഗോള പദ്ധതി മത്സരത്തിൽ സാഖിയ അടങ്ങിയ ഗവേഷണ സംഘം രണ്ടാം സ്ഥാനവും വെള്ളി മെഡലും കരസ്ഥമാക്കി. 44 രാജ്യങ്ങളിൽ നിന്നും 310 ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലെ 3000 ലേറെ വിദ്യാർത്ഥികളാണ് മത്സരത്തിനെത്തിയത്. ജീവശാസ്ത്രവും ഗണിതവും സമന്വയിപ്പിച്ചാണ് പദ്ധതി രൂപ കൽപ്പന ചെയ്തത്.

രാജ്യത്തെ അടിസ്ഥാന ജനവിഭാഗത്തോടുള്ള പ്രതിഞ്ജാ ബദ്ധതയാണ് മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ പദ്ധതിയെന്നത് പ്രത്യേകം ശ്രദ്ധേയമായി. ഈ പദ്ധതി പ്രായോഗികമായി തെളിയിക്കാനുള്ള സംവിധാനങ്ങളും വിജയകരമായി വിദ്യാർത്ഥികൾ അവതരിപ്പിച്ചു. അതിന് വിധി കർത്താക്കളുടെ പ്രത്യേക പ്രശംസക്കും പാത്രമായി. സിന്തറ്റിക് ബയോളജിയിലൂടേയാണ് പൂണെ ഐസർ വിദ്യാർത്ഥികളുടെ ഈ 7 അംഗ സംഘം യു.എസ്.എ.യിലെ ബോസ്റ്റണിൽ വെച്ച് ബഹുമതിക്ക് അർഹരായത്. 'ടി.ബി. ഓർ നോ ടി.ബി.' എന്ന ശീർഷകത്തിൽ നടത്തിയ പ്രോജക്ടിന്റെ ഭാഗമായാണ് സിന്തറ്റിക് ബയോളജിയുടെ ഒളിമ്പിക്സ് എന്ന് അറിയപ്പെടുന്ന ഈ അറിവ് ഉത്സവത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ശ്രദ്ധേയരായത്.

ക്ഷയരോഗ നിർണ്ണയത്തിന് ഉയർന്ന സാങ്കേതിക സംവിധാനങ്ങളും വൻ സാമ്പത്തിക ചിലവുകളുമാണ് ഇപ്പോൾ വേണ്ടി വരുന്നത്. എന്നാൽ പുതിയ സംവിധാനം പ്രാവർത്തികമായാൽ കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ രോഗ നിർണ്ണയം സാധ്യമാകും. കല്യാശ്ശേരി സെൻ്ട്രലിലെ അദ്ധ്യാപക ദമ്പതികളായ പി. മുസ്തഫയുടേയും റുഖിയയുടേയും മകളാണ് പി.സി. സാഖിയ. കൊല്ലം തട്ടാ മലയിലെ പി.സുധാകരന്റേയും വി.ബിന്ദുവിന്റേയും മകനാണ് ജോതിഷ് ദിവാകരൻ. ആവണി കോപാർക്കർ, യഷ് ജോഷി (മഹാരാഷ്ട്ര), ആരതി കെജ്രി വാൾ (ഒഡീഷ), ചാർവി രവി ചന്ദ്രൻ(തമിഴ്‌നാട്), സൗമിൻഷാ (ഗുജറാത്ത്), എന്നിവരും സംഘാംഗങ്ങളാണ്. ഐസർ പ്രോഫസർ ഡോ. ചൈതന്യയും സംഘത്തിലുണ്ടായിരുന്നു.