ക്ടോബർ ആറ് ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ അയോധ്യയിൽ കാലെടുത്തു വച്ചപ്പോൾ ഞാനോർത്തുപോയത് 1992 ഡിസംബർ മാസം ആറാം തിയതിയിലെ തണുത്ത പകലിനെയാണ്. മുണ്ടിയെരുമയിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര നടയിൽ കുറേപ്പേർക്കൊപ്പമിരുന്ന് 'ഹരേരാമ ഹരേ കൃഷ്ണ' ജപിച്ചിരുന്ന ആ പകൽ. കാൽ നൂറ്റാണ്ടിനിപ്പുറം അയോധ്യ എന്താണെന്നറിയുമ്പോൾ ഇങ്ങകലെ കേരളത്തിൽ മുഴങ്ങുന്ന ശരണ മന്ത്രങ്ങളുടെ പ്രതിധ്വനി കാതിൽ മൂളക്കമായി മാറുന്നത് ഞാനറിഞ്ഞു. അയോധ്യയിൽ നിന്ന് ശബരിമലയിലേക്കുള്ള ദൂരം വളരെയേറെ കുറഞ്ഞിരിക്കുന്നു. അന്നത്തെ ആ വിശ്വാസത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞിരുന്നില്ലായിരുന്നു എങ്കിൽ ഞാനും ഒരു തീവ്രവാദിയായി നിരത്തിൽ ശരണമന്ത്രവും ജപിച്ച് ഇന്ന് നിലയുറപ്പിക്കുമായിരുന്നു. അതിൽ നിന്നുള്ള ആ രക്ഷപ്പെടലിന്റെ വലുപ്പമെന്തായിരുന്നുവെന്ന് തിരിച്ചറിയുകയാണ് ഇപ്പോൾ ഓരോ ദിവസവും.

അയോധ്യ, മസ്തിഷ്‌ക പ്രക്ഷാളനത്തിനു വിധേയമാക്കപ്പെട്ട നാടാണിന്ന്. ചുറ്റിനും ഞങ്ങൾ കണ്ടത് രാമമന്ത്രവും കാവി വസ്ത്രങ്ങളുമാണ്. എവിടെയും രാമൻ മാത്രം! മേൽവസ്ത്രങ്ങൾ ഉരിഞ്ഞെറിഞ്ഞ്, ദേഹത്തു നിറയെ ഭസ്മം പൂശി, താടിയും ജടയും വളർത്തിയും വളർത്താതെയും രാമനാമം ജപിച്ച് കാവി വസ്ത്രം ധരിച്ച് അലയുന്ന കടുത്ത വിശ്വാസഭ്രാന്തു ബാധിച്ചവർ. രാമജന്മഭൂമിയിൽ ക്ഷേത്രമെന്നതുമാത്രമാണ് അവരുടെ മുന്നിലെ ലക്ഷ്യം. അതാണ് അവരുടെ ഏക മോക്ഷമാർഗം. വിശ്വാസം ഒരു ജനതയെ ഭ്രാന്തു പിടിപ്പിക്കുന്നതും ആ ഭ്രാന്തിൽ അവർ അലഞ്ഞുതിരിയുന്നതുമാണ് അയോധ്യയിൽ കാണാനാകുന്നത്.

അയോധ്യയിൽ കാർ ചെന്നു നിന്നതേ ഗൈഡുമാരായി വരാൻ തയ്യാറായ കുറേപ്പേർ. ആദ്യം മടിച്ചെങ്കിലും ചുറ്റിനും കാണുന്ന ഓരോ ക്ഷേത്രങ്ങളേയും തിരിച്ചറിയാനുള്ള ബുദ്ധിമുട്ടിൽ ഞങ്ങൾ ഒരാളെ കൂടെക്കൂട്ടി. രാമനെപ്പറ്റിയും സീതയെപ്പറ്റിയും രാമക്ഷേത്രത്തെപ്പറ്റിയും ഞങ്ങളെ പറഞ്ഞു പഠിപ്പിക്കാനായിരുന്നു അയാളുടെ ശ്രമമത്രയും. അതിൽ ചരിത്രമില്ല, ഭക്തിയില്ല, വെറും ഭ്രാന്ത് മാത്രം. ആ ഭ്രാന്തിലേക്ക് അവിടെയെത്തുന്ന ഓരോരുത്തരേയും വലിച്ചടുപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്ന് പിന്നീട് മനസ്സിലായി. പുറത്തു നിന്ന് അവിടെയെത്തുന്നവരൊക്കെ വിശ്വാസികളായ തീർത്ഥാടകരാണെന്ന് അവർ കരുതുന്നുണ്ടാകും. ലക്‌നൗവിൽ നിന്ന് ഞങ്ങൾ വിളിച്ച ടാക്‌സി കാറിന്റെ ഡ്രൈവർ തിരിച്ചുപോരും വരെ ഒരക്ഷരം മിണ്ടിയില്ല. ദിൽഷേർ എന്നായിരുന്നു അയാളുടെ പേര്. പേരിൽ നിന്ന് അയാളൊരു മുസൽമാനായിരുന്നുവെന്ന് ഞങ്ങൾ കരുതുന്നു.

ഏഴായിരം ക്ഷേത്രങ്ങളുണ്ടത്രെ അയോധ്യയിൽ. അതിൽ അഞ്ചെണ്ണമാണ് പ്രധാനം. രാമന്, സീതയ്ക്ക്, ഹനുമാന്, വാൽമീകിക്ക്... അങ്ങനെ പോകുന്നു നിര. അഞ്ചാമത്തേതാണ് രാമ ജന്മസ്ഥാനം. അഞ്ചിടത്തും ഞങ്ങളെ കൊണ്ടുപോകാമെന്ന് ഗൈഡ് പറഞ്ഞപ്പോൾ, ഞങ്ങളുടെ ആവശ്യം തകർക്കപ്പെട്ട ബാബറി മസ്ജിദിന് അടുത്തുകൂടിയെങ്കിലും ഒന്നു പോകുകയെന്നതായിരുന്നു. മുറി ഹിന്ദിയിൽ ആവശ്യം പറഞ്ഞപ്പോഴൊക്കെ അയാൾ അതിനു മറുപടിയല്ല പറഞ്ഞത്. അയാൾ തെളിക്കുന്ന വഴിയിലൂടെ ഞങ്ങളെ നടത്തുക മാത്രമായിരുന്നു അയാളുടെ ലക്ഷ്യം. അവർക്കവിടെ ബാബറി മസ്ജിദോ തർക്ക മന്ദിരമോ ഇല്ല. ഉള്ളത് രാമന്റെ ജന്മസ്ഥാനം മാത്രം. അവസാനമേ അയാൾ അവിടേക്കു ഞങ്ങളെ കൊണ്ടുപോകൂവെന്നു തോന്നി. അപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.

ചെല്ലുന്ന ക്ഷേത്രങ്ങളിൽ കാണിക്കയിടണം, തരുന്ന പ്രസാദം വാങ്ങണം. വിസമ്മതിച്ചാൽ ആളുടെ മുഖം ഇരുളും. വഴിയിലായിരുന്നു രാമജന്മഭൂമി ന്യാസിന്റെ ആസ്ഥാനവും ക്ഷേത്രവും. അതിന്റെ പരിസരത്തു മുഴുവനും രാമക്ഷേത്രം പണിയുന്നതിനായി കൊണ്ടുവന്നു സൂക്ഷിച്ചിട്ടുള്ള കൽത്തൂണുകളും മറ്റുമാണ്. ഇനി അവയെടുത്ത് സ്ഥാപിച്ചാൽ മാത്രം മതി, അയോധ്യയിൽ രാമക്ഷേത്രമുയരാൻ. അതായിരുന്നു ഞങ്ങളുടെ യാത്രയിലെ ഏറ്റവും നടുക്കിയതും ആശങ്കാകുലവുമായ കാഴ്ച. മറ്റൊരിടത്ത് ക്ഷേത്രനിർമ്മാണത്തിനായി നിരാഹാരമിരിക്കുന്ന തടിച്ചുകൊഴുത്ത സ്വാമിമാരേയും കണ്ടു.

ഒടുവിൽ തർക്ക ഭൂമിക്കടുത്ത് വണ്ടിയെത്തി. രണ്ടോ മൂന്നോ നിര മുള്ളുകമ്പികൾ സ്ഥാപിച്ച വേലിക്കപ്പുറത്താണത്. അങ്ങോട്ട് പ്രവേശനം ഉണ്ടായിരുന്നില്ല. പട്ടാളക്കാരുടെ നിയന്ത്രണത്തിലുള്ള അവിടം ഏതോ പട്ടാള ക്യാംപിന്റെ സുരക്ഷിതമേഖലയാണെന്നാണ് തോന്നുക. പുറത്തുനിന്ന് അവിടം കണ്ട് ഉടൻ മടങ്ങി. ബാബറി മസ്ജിദിന്റെ മിനാരങ്ങളിൽ കയറി നിന്ന് ഭ്രാന്തമായ ആവേശത്തോടെ അലറിവിളിച്ച് കാവിക്കൊടി നാട്ടുന്ന, 1992ലെ ആ പകലിലെ കർസേവകരുടെ ദൃശ്യം മനസ്സിൽ വീണ്ടും തെളിഞ്ഞപ്പോൾ ഒരു നിമിഷം നടുങ്ങിപ്പോയി.

സരയൂ നദി ശാന്തമായല്ല ഒഴുകുന്നത്.
രാത്രിയാണ്.
വെളിച്ചം വീഴുന്നിടത്ത് കുത്തൊഴുക്കു കാണാം. തീരത്തായി പല ഘട്ടുകൾ. പൂജകൾ.
ചിലർ ആരതി ഉഴിയുന്നു.
ചിലർ ദീപങ്ങൾ നദിയിലൊഴുക്കുന്നു.
ചാണകവും അഴുക്കും നിറഞ്ഞ ദുർഗന്ധം വമിക്കുന്ന വൃത്തിഹീനമായ പരിസരത്തുകൂടി പശുക്കൾ അലഞ്ഞു നടക്കുന്നു.

ഇന്ത്യയുടെ രാഷ്ട്രീയത്തെ, മതതേരത്വത്തെ ഇരുപത്താറു വർഷം മുൻപ് രണ്ടായി പകുത്ത ആ അഭിശപ്ത ഭൂമിയിൽ നിന്ന് ഞങ്ങൾ മടങ്ങുകയാണ്. അയോധ്യയിൽ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല, എങ്ങിനെയോ അത് സംഭവിച്ചുവെന്നു മാത്രം. കേവലം ചില മണിക്കൂറുകൾ മാത്രമേ അവിടെ ചെലവഴിച്ചുള്ളു. അതിനേ നമുക്കു സാധിക്കൂ. ചരിത്രത്തിന്റെ ചില നിയോഗങ്ങൾ ഇങ്ങിനെയൊക്കെയാണല്ലോ.

കേരളത്തിൽ ഇപ്പോൾ മുഴങ്ങുന്ന ശരണ മന്ത്രങ്ങൾ ഭയപ്പെടുത്തുന്നത് അതിനാലാണ്. കാൽനൂറ്റാണ്ടിനപ്പുറം, ഇപ്പോഴത്തെ അയോധ്യപോലെ, മതഭ്രാന്തരുടെയും മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യപ്പെട്ട ജനതയുടെയും ഭൂമിയായി ശബരിമലയും പരിസരങ്ങളും മാറിയാൽ അത്ഭുതപ്പെടേണ്ടതില്ല. അതിലേക്ക് അധികദൂരമില്ല. ഓരോ കാഴ്ചയിലും ശബ്ദത്തിലും അതാണ് കാണുന്നതും കേൾക്കുന്നതും... അയോധ്യപോലെ ശബരിമലയും ഒരായുധമാണ്. മാരകവിഷവും മയക്കുമരുന്നും പുരട്ടിയ മൂർച്ചയുള്ള ആയുധം.