ജിദ്ദയിലെ ക്രിക്കറ്റ് ഉത്സവമായ ടി.സി.എഫ് ടൂർണമെന്റ് ആവേശകരമായ അന്ത്യത്തിലേക്ക്. തുല്യ ശക്തികൾ ഏറ്റുമുട്ടിയ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ യങ് സ്റ്റാറിനെ 34 റൺസിന് തകർത്താണ് ലോതേർസ് ക്രിക്കറ്റ് ക്ലബ് ആദ്യമായി സെമി ബെർത്ത് നേടുന്നത്. പതിവിന് വിപരീതമായി ടോസ് നേടിയ യങ് സ്റ്റാർ ഫീൽഡിങ്തിരഞ്ഞെടുക്കു കയായിരുന്നു. പ്രതികൂലമായി വീശിയ കാറ്റ് ബൗളിങ് നിരയ്ക്ക് അനുകൂലമാക്കാമെന്ന യങ് സ്റ്റാർ ക്യാപ്റ്റൻ ന്റെ തീരുമാനം തെറ്റാണെന്നു തെളിയിച്ച് കൊണ്ട് ലോതേർസ് ക്രിക്കറ്റ് ഓപ്പണർ സയ്യിദ് മുഹമ്മദ് യങ് സ്റ്റാർ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു.

എട്ടു കൂറ്റൻ സിക്‌സറുകളുടെ അകമ്പടിയോടെ 64 റൺസ് നേടിയ സയ്യിദ് മുഹമ്മദും പുറത്താകാതെ 12 പന്തിൽ 34 റൺസ് നേടിയ സൗദി ക്രിക്കറ്റ് ടീം അംഗമായ അബ്ദുൽ വാഹിദും ടീമിന് മികച്ച ടോട്ടൽ സമ്മാനിച്ചു. യങ് സ്റ്റാറിന് വേണ്ടി ഖൈസർ അബ്ബാസ് രണ്ടു വിക്കറ്റ് വീഴ്‌ത്തി. വിജയിക്കാൻ 155 റൺസ് പിന്തുടർന്ന യങ് സ്റ്റാർ അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചെങ്കിലും മികച്ച സ്‌പെല്ലോടെ ബോൾ ചെയ്ത സൗദി ക്രിക്കറ്റ് താരമായ ഇബ്റാർ ഉൾഹഖ് ഖാൻ ഓപ്പണർമാരെ മടക്കി അയച്ചുകൊണ്ട് യങ് സ്റ്റാറിന്റെ മുന്നേറ്റം തടഞ്ഞു. മൂന്നാമത്തെ ഓവറിൽ ടീം 46 റൺസിൽ നിൽക്കെ അപകടകാരിയായ ഓപ്പണർ ആമിർ സിദ്ദിഖിനെ മികച്ച ഒരു ക്യാച്ചിലൂടെ സമീഉല്ല പുറത്താക്കി. തുടർന്ന് വന്ന സലിം റഫീഖ് പൊരുതി നോക്കിയെങ്കിലും മികച്ച പിന്തുണ മറ്റു ബാറ്റ്‌സ്മാന്മാർക്ക് നൽകുവാൻ സാധിച്ചില്ല. ഇബ്റാർ ഉൾഹഖ് ഖാൻ ആണ് മാൻ ഓഫ് ദി മാച്ച്.

രണ്ടാമത്തെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കാനൂ ലോജിസ്റ്റിക് അനായാസം വേരിയർസ് ടീമിനെ തോൽപ്പിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വേരിയർസ് 9 വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് നേടി. ഓപ്പണർ ഷെഫ്ക്കത് ഹഫീസ് 37 ഉം ഫർഹാജ് നദീം 20 റൺസും നേടി ടോപ് സ്‌കോറെർസ് ആയി. സഫയർ 4 വിക്കറ്റ് വീഴ്‌ത്തി. തുടർന്ന് ബാറ്റ് ചെയ്ത കാനൂ ലോജിസ്റ്റിക് ഓപ്പണർമാരായ സഫയർ - ഫർസാത് കൂട്ടുകെട്ട് അനായാസ വിജയത്തിലേക്ക് നയിച്ചു. സഫയർ 24 ഉം ഫർസാത് 31 റൺസും നേടി. ഓൾ റൗണ്ട് പ്രകടനം നടത്തിയ സഫയർ ആണ് മാൻ ഓഫ് ദി മാച്ച്.

ആവേശകരമായ മൂന്നാമത്തെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അൽ മാക്‌സ് ക്രിക്കറ്റ് എട്ടു റൺസിന് പെപ്‌സി അല്ലിയൻസിനെ മറികടന്ന് ആദ്യമായി ടി.സി.എഫ് സെമി ഫൈനലിൽ ഇടം നേടി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അൽ മാക്‌സ് ബാറ്റിങ് നിരയെ പെപ്‌സി അല്ലിയൻസിന്റെ ബൗളർ ഇസ്റാർ ബൈഗ് 4 വിക്കറ്റ് വീഴ്‌ത്തി ശക്തമായ സ്‌പെല്ലിലൂടെ എതിരാളികളെ വിരിഞ്ഞു കെട്ടി. 27 റൺസ് എടുത്ത സയ്ദ് അഹമ്മദും 10 റൺസ് എടുത്ത സഹീർ അഹമദും ഒഴിച്ചാൽ മറ്റു ബാറ്റ്‌സ്മാന്മാരൊന്നും രണ്ടക്കം കണ്ടില്ല.ചെറിയ ലക്ഷ്യം പിന്തുടർന്ന പെപ്‌സി നന്നായി തുടങ്ങിയെങ്കിലും വാലറ്റക്കാർ അനാവശ്യ ഷോട്ടുകൾക്ക് ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തി. അൽ മാക്‌സിന് വേണ്ടി സയ്ദ് അഹമ്മദും മുഹമ്മദ് സഫ്രാനും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. ഓൾ റൗണ്ട് പ്രകടനം നടത്തിയ സയ്ദ് അഹമ്മദ് ആണ് മാൻ ഓഫ് ദി മാച്ച്.

നാലാമത്തെയും അവസാനത്തെയും ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജോടുൺ പെൻഗുവാൻസ് ഹൈദരബാദ് റോയൽസിനെ ആറു വിക്കറ്റിന് തകർത്തു സെമി ഫൈനലിൽ കളിക്കാൻ യോഗ്യത നേടി. ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് റോയൽസ് 82 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഓപ്പണർമാരായ മാസ് കാത്തിബ് 22 റൺസും മന്നാൻ ഉൽ ഹഖ് 11 റൺസും നേടി. മറ്റു ബാറ്റ്സ്മാന്മാർ ഒന്നും നിലവാരത്തിനൊത്തുയർന്നില്ല. ജോടുൺ പെൻഗുവാൻസിനു വേണ്ടി വഖാസ് അഹമ്മദ് അഫ്താബ് അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. തുടർന്ന് ബാറ്റ് ചെയ്ത ജോടുൺ അഫ്താബ് അഹമ്മദിന്റെ ഒറ്റയാൾ പോരാട്ടത്തിൽ അനായാസ വിജയം നേടി. വെറും 15 പന്തിൽ അഞ്ചു കൂറ്റൻ സിക്‌സറിന്റെ അകമ്പടിയോടെ 48 റൺസ് നേടിയ അഫ്താബ് അഹമ്മദ് ആണ് മാൻ ഓഫ് ദി മാച്ച്.

വെള്ളിയാഴ്ച 7 മണിക്ക് നടക്കുന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ ലോതേർസ് ക്രിക്കറ്റ് ക്ലബ് കാനൂ ലോജിസ്റ്റിസിനെ നേരിടും. 9 മണിക്ക് നടക്കുന്ന രണ്ടാമത്തെ സെമിയിൽ അൽ മാക്‌സ് ക്രിക്കറ്റ് ജോടുൺ പെൻഗുവാൻസിനെ നേരിടും. മാർച്ച് 17 ന് വെള്ളിയാഴ്ച നടക്കുന്ന ഗ്രാൻഡ് ഫൈനൽ മത്സരത്തിൽ ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി.മാത്യു അതിഥി ആയി എത്തും.