ജിദ്ദയിലെ ലോകകപ്പ് എന്നറിയപ്പെടുന്ന ടീ സീ എഫിന്റെ ഏഴാം പതിപ്പ് മാർച്ച് 20 ന് ആരംഭിക്കും. കഴിഞ്ഞ ആറു വർഷമായി മികച്ച സംഘടനാ പാടവത്തിലും സാങ്കേതിക മികവിലും ബഹുദൂരം മുന്നിൽ നിൽക്കുന്ന ടീ സീ എഫിന്റെ ഏഴാം എഡിഷനിൽ മുഖ്യ പ്രായോജകര് ആയി എത്തുന്നത് ജോഠൻ പൈന്റസും സഹ പ്രായോജകർ ആയി ഫൈസൽ അൽ നൈമി കമ്പനിയും (FSN) ആണ്.

വടക്കൻ കേരളത്തിലെ തീരപ്രദേശ പട്ടണമായ തലശ്ശേരിയിലെ ഒരു കൂട്ടം കായിക പ്രേമികൾ ചേർന്ന് 2008 ൽ രൂപീകരിച്ച ഒരു കായിക സംഘടനയാണ് ടി സി എഫ് അഥവാ ടെലിചേരി ക്രിക്കറ്റ് ഫോറം. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രിലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പ്രവാസി സുഹൃത്തുക്കളെ ടി സി എഫിന്റെ കുടക്കീഴിൽ അണിനിരത്തുകയും മടുപ്പിക്കുന്ന അവധി സായാഹ്നങ്ങൾ അവശേകരമായ ക്രിക്കറ്റ് കളിയിലൂടെ അവർക്ക് ആനന്ദവും സന്തോഷവും പകരുകയും ചെയ്യുക എന്നതാണ് ടി സി എഫ് ക്രിക്കറ്റ് ടൂർണമെന്റിലൂടെ ഉദ്ദേശിക്കുന്നത്

ജിദ്ദയിലെ ക്രിക്കറ്റ് പ്രേമികളുടെയും വ്യാപാര സമൂഹത്തിന്റെയും പിന്തുണയോടെ മുൻ ടൂർണമെന്റുകൾ മികച്ച രീതിയിൽ നടത്തിയ ടി സി എഫ് ഈ വർഷം കൂടുതൽ വിപുലമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ദാസിൽ ക്രിക്കറ്റ് ക്ലബ്, രണ്‌നെർ അപ്പ് ടാർഗറ്റ് ഗയ്‌സ് അടക്കം ജിദ്ദയിലെ മികച്ച 16 ടീമുകൾ ടൂർണമെന്റിൽ മാറ്റുരക്കും. 30 ഓളം ടീമുകൾ ടൂർണമെന്റിൽ കളിക്കുവാൻ താല്പര്യം പ്രകടിപ്പിക്കുകയും അതിൽ നിന്ന് മികച്ച ടീമുകളെ തിരഞ്ഞെടുക്കകയുമായിരിന്നു.

മാർച്ച് 20നു വെള്ളിയാഴ്ച വൈകീട്ട് നാലിന് ആരംഭിക്കുന്ന ടൂർണമെന്റ് തുടർന്നുള്ള നാല് വാരാന്ത്യ അവധിദിനങ്ങൾ ജിദ്ദയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകരും. രാവും പകലുമായി വെള്ളി, ശനി ദിവസങ്ങളിയായി നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യ, പാക്കിസ്ഥാന്, ശ്രിലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ കളിക്കാർ ടൂർണമെന്റിൽ പങ്കെടുക്കും. ഈ വർഷം ടൂർണമെന്റ് സിത്തീൻ റോഡിലെ അലവഹ ഹോട്ടലിനടുത്തുള്ള BMT ഗ്രൗണ്ടിൽ നടക്കും. നാല് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളിലായി തരം തിരിച്ച്, ഓരോ ടീമിനും പ്രാഥമിക റൗണ്ടിൽ മൂന്ന് മത്സരങ്ങൾ വീതം ഉണ്ടാവും. ഓരോ ഗ്രൂപ്പിൽ നിന്നും വിജയികളാവുന്ന നാല് ടീമുകൾ സെമിയിലേക്ക് യോഗ്യത നേടും. ഏപ്രിൽ പത്തിന് നടക്കുന്ന കലാശകൊട്ടോടെ ടൂർണമെന്റിനു തിരശ്ചീല വീഴും.

വിജയികൾക്കുള്ള ജോഠൻ ട്രോഫിയും റണ്ണർഅപ്പിനുള്ള FSN കപ്പും, കൂടാതെ ഓരോ കളിയിലെ മികച്ച കളിക്കാർക്കുള്ള മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ്, ബെസ്റ്റ് ബറ്റ്‌സ്മാൻ, ബെസ്റ്റ് ബൗളർ, ബെസ്റ്റ് ഫീൽഡർ, ബെസ്റ്റ് ഓൾറൗണ്ടർ, എന്നീ സമ്മാനങ്ങളും, കൂടാതെ, സ്പിരിറ്റ് ഓഫ് ദി ഗെയിം അവാർഡും സമ്മാനിക്കുന്നതായിരുക്കും. മത്സര ഇടവേളകളിൽ കാണികൾക്ക് വേണ്ടി വിവിധ മത്സരങ്ങൾ അരങ്ങേറും, വിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ ഉണ്ടായിരിക്കും. കാണികൾക്ക് രെജിസ്‌ട്രേഷന് വേണ്ടി പ്രത്യേക കൗണ്ടർ ഉണ്ടായിരിക്കുന്നതാണ്. രജിസ്റ്റർ ചെയ്ത കാണികളിൽ നിന്ന് നറുക്കെടുക്കുന്ന വിജയികൾക്ക് എയർ ടിക്കറ്റ് അടക്കം ആകർഷകമായ സമ്മാനങ്ങളും ഫൈനൽ ദിവസം നൽകുന്നതായിരിക്കും.

ഉൽഘാടന ദിവസം മുഴുവൻ ടീം അംഗങ്ങളും പങ്കെടുക്കുന്ന വിപുലമായ പരിപാടികൾ ഉണ്ടായിരിക്കും. ടീമുകളുടെ പേരും ലോഗോയും ആലേഖനം ചെയ്ത പതാകയുമായി ടി സി എഫ് കുരുന്നുകൾ ഉൽഘാടന പരിപാടികൾ വർണ്ണാഭമാക്കും. മാദ്ധ്യമ പ്രവർത്തകർക്ക് വാർത്തകളും ചിത്രങ്ങളും സ്‌റ്റേഡിയത്തിൽ നിന്നുതന്നെ അയക്കാൻ കഴിയുന്ന രീതിയിൽ ഇന്റർനെറ്റ് സൗകര്യങ്ങളോടുകൂടിയ പ്രത്യേക മീഡിയാ സൗകര്യം സജ്ജീകരിക്കുന്നതായിരിക്കും. ടൂർണമെന്റിന്റെ മുഴുവൻ വാർത്തകളും ചിത്രങ്ങളും ലൈവ് ആയി ടി സി എഫിന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിക്കുന്നതാണ്.

പത്രസമ്മേളനത്തിൽ ജോടുൺ പ്രതിനിധികളായിമാർക്കറ്റിങ് മാനേജർ ഫൈസൽ കരീം, സീനിയർ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് ഖാലിദ് അൽവി, ബിസിനസ് സിസ്റ്റം മാനേജർ ശയ്ജിൽ എന്നിവർ പങ്കെടുത്തു. നജീബ് എര്രിസ് (ജനറൽ മാനേജർ, പുൾമാൻ ഹോട്ടൽ & റിസോർട്ട്‌സ്), സയീദ് ഫഹദ് (വെസ്റ്റേൺ റീജണൽ മാനേജർ, എയർ അറേബ്യ), എഞ്ചിനീയർ ഹംസ അൽ ഹദ്ദാദ് (ഡിവിഷണൽ മാനേജർ, ആർകോമ), എം.കെ. ഷഫീക് (ജനറൽ മാനേജർ, അൽ ശമാസി കോണ്ട്രാക്ടിങ്) എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

ടി സി എഫ് ടൂർണമെന്റ് കൺവീനർ അബ്ദുൽ ഖാദർ മോചെരി സ്വാഗതം പറഞ്ഞു. അൻവർ സാദത്ത് ടി സി എഫിനെയും അംഗങ്ങളെയും പരിചയപ്പെടുത്തി. ടൂർണമെന്റ് ഘടനയെ കുറിച്ച് റിയാസ് ടി.വി വിശദീകരിച്ചു. ഈ വർഷത്തെ ടി സി എഫ് ടൂർണമെന്റ് ജിദ്ദ ക്രിക്കറ്റ് പ്രേമികൾക്ക് പുത്തൻ അനുഭവം ആയിരിക്കുമെന്ന് പ്രസിഡന്റ് മുഹമ്മദ് ഫസീഷ് പറഞ്ഞു. ടി സി എഫ് പ്രതിനിധികളായ ശഹനാദ്, തജ്മൽ ബാബു, സഫീൽ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. സെക്രട്ടറി ഷംസീർ ഒളിയാട്ട് നന്ദി പറഞ്ഞു.