ന്ത്യയിലെ മുൻനിര ബ്രാൻഡുകൾ നേട്ടങ്ങളുടെ പേരിൽ ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്ന കാലമാണിത്. ബ്രസീലുൾപ്പെടെ ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ പേടി സ്വപ്‌നമായ സിക വൈറസിന് വാക്‌സിൻ കണ്ടുപിടിച്ചെന്ന ഇന്ത്യൻ കമ്പനിയുടെ പ്രഖ്യാപനം ആരോഗ്യരംഗത്ത് വലിയ ചർച്ചയ്ക്ക് തുടക്കമിട്ടുകഴിഞ്ഞു. ഇതിന് തൊട്ടുപിന്നാലെയാണ് മികച്ച ഐടി ബ്രാൻഡായി ടാറ്റ കൺസൾട്ടൻസി(ടിസിഎസ്) തിരഞ്ഞെടുക്കപ്പെട്ടത്.

ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരത് ബയോട്ടെക്കാണ് സിക വൈറസിന് വാക്‌സിൻ കണ്ടുപിടിച്ചത്. കൊതുകുവഴി പരക്കുന്ന രോഗമായ സിക ലാറ്റിനമേരിക്കയിൽ ഇതിനകം ആയിരങ്ങളുടെ ജീവനാണ് അപഹരിച്ചത്. സികയെ പ്രതിരോധിക്കാൻ ശേഷിയുള്ള വാക്‌സിൻ മൃഗങ്ങളിൽ പരിശോധിക്കാനുള്ള ഘട്ടത്തിലെത്തിയതായി കമ്പനി വ്യക്തമാക്കി.

സിക വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിൻ രൂപപ്പെടുത്താനുള്ള ശ്രമം ഒരുവർഷമായി ഭാരത് ബയോട്ടെക്കിൽ നടക്കുന്നു. സികാവാക് എന്ന വാക്‌സിന് പേറ്റന്റ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ സ്ഥാപനമെന്ന് ഭാരത് ബയോട്ടെക്ക് സിഎംഡി കൃഷ്ണ എല്ല പറഞ്ഞു.

ടാറ്റ കൺസൾട്ടൻസി സർവീസസ് ലോകത്തെ ഏറ്റവും ശക്തമായ ഐടി ബ്രാൻഡായി തിരഞ്ഞെടുക്കപ്പെട്ടതും വിവരസാങ്കേതിക രംഗത്ത് ഇന്ത്യയുടെ അഭിമാനമായി. ബ്രാൻഡ് ഫിനാൻസിന്റെ 2016-ലെ വാർഷിക റിപ്പോർട്ടിലാണ് ടിസിഎസിന് അഭിമാനകരമായ ഈ നേട്ടം കൊയ്യാനായത്.

പരിചയസമ്പത്ത്, വിശ്വാസ്യത, തൊഴിലാളികളുടെ സംതൃപ്തി, സ്ഥാപനത്തിന്റെ സൽപ്പേര് തുടങ്ങി വിവിധ ഘടകങ്ങൾ വിലയിരുത്തിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. 78.3 പോയന്റ് നേടിയ ടിസിഎസിന് എഎപ്ലസ് റേറ്റിങ്ങും നേടാനായി. ഐടി സേവന മേഖലയിൽ ശക്തമായ സാന്നിധ്യമായ ടിസിഎസ് ഈ രംഗത്തെ ഏറ്റവും മികച്ച ബ്രാൻഡാണെന്ന് ബ്രാൻഡ് ഫിനാൻസ് സിഇഒ ഡേവിഡ് ഹേ പറഞ്ഞു.