ഹൈദരാബാദ്: വിമാനജീവനക്കാരനോട് മോശമായി പെരുമാറിയതിനെത്തുടർന്ന് കമ്പനികൾ വിലക്കേർപ്പെടുത്തിയ തെലുങ്കുദേശം പാർട്ടി എംപി ജെ.സി ദിവാകർ റെഡ്ഡി ഇന്നലെ രാത്രി പാരിസിലേക്കു പോയി. കുടുംബത്തോടൊപ്പം എമേറേറ്റ്‌സ് വിമാനത്തിൽ ദുബായ് വഴിയായിരുന്നു റെഡ്ഡിയുടെ യാത്ര. പത്തുദിവസത്തെ സ്വകാര്യസന്ദർശനത്തിനാണ് എം പിയും കുടുംബവും പാരീസിലേക്ക് പോയത്.

ഹൈദരാബാദ് യാത്രയ്ക്ക് താമസിച്ചെത്തിയതിനെ തുടർന്ന് റെഡ്ഡിക്ക് വിമാനക്കമ്പനി യാത്രയ്ക്ക് അനുവാദം നൽകിയിരുന്നില്ല. ഇൻഡിഗോ വിമാനത്തിൽ ബോർഡിങ് പാസ് നിഷേധിച്ചതോടെയാണ് എംപി ജീവനക്കാരോടു കയർക്കുകയും പ്രിന്റർ നിലത്തെറിയുകയും ചെയ്തത്. ഈ സംഭവം വിവാദമായിരുന്നു.

ഇതേത്തുടർന്നാണ് സ്‌പൈസ് ജെറ്റ്, ജെറ്റ് എയർവേയ്‌സ്, വിസ്താര വിമാനക്കമ്പനി, ഗോ എയർ, എയർ ഏഷ്യ, ഇൻഡിഗോ, എയർ ഇന്ത്യ എന്നീ വിമാനക്കമ്പനികൾ വിലക്ക് ഏർപ്പെടുത്തിയത്. വിശാഖപട്ടണം വിമാനത്താവളത്തിൽ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിച്ചു നിയമപരമായ നടപടികളെടുക്കുമെന്നു തെലുങ്കുദേശം പാർട്ടിക്കാരൻ തന്നെയായ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു വ്യക്തമാക്കിയിട്ടുണ്ട്.